എറണാകുളം നിയമസഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു റോയിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശവുമായി സംസ്ഥാന നേതാക്കള്‍ വരുംദിവസങ്ങളിലെത്തും. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അടക്കമുളള നേതാക്കള്‍ എത്തുന്നതോടെ പാലാരിവട്ടം മേല്‍പ്പാലം ഉള്‍പ്പെടെ വിവാദ വിഷയങ്ങള്‍ മണ്ഡലത്തില്‍ ചൂടേറിയ ചര്‍ച്ചകളാകും.

പാലാരിവട്ടം മേല്‍പ്പാലം അഴിമതി, കൊച്ചി നഗരസഭയുടെ ഭരണപരാജയം, നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ ഉള്‍പ്പെടെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന നിയമസഭാ മണ്ഡലമാണ് എറണാകുളം. അതുകൊണ്ടുതന്നെ വരുംദിവസങ്ങളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു റോയിക്കായി സിപിഐഎം സംസ്ഥാന നേതാക്കള്‍ മണ്ഡലത്തിലെത്തുന്നതോടെ വ്യക്തമായ രാഷ്ട്രീയചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വേദിയാകും. ഇന്ന് മന്ത്രിമാരായ എ.സി മൊയ്തീനും സി. രവീന്ദ്രനാഥും മണ്ഡലത്തില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.

തിങ്കളാഴ്ച മന്ത്രിമാര്‍ പങ്കെടുക്കുന്നകുടുംബയോഗങ്ങളും പൊതുപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ഒമ്പതാം തിയതി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രചാരണത്തിനെത്തും. 13ാം തിയതിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മണ്ഡലത്തിലെത്തുക. വി.എസ് അച്യുതാനന്ദനും മേഴ്സിക്കുട്ടിയമ്മയും കടകംപള്ളി സുരേന്ദ്രനും എളമരം കരീമും സി.പി.ഐ നേതാക്കളായ ബിനോയി വിശ്വം, പന്ന്യന്‍ രവീന്ദ്രന്‍, കെ.ഇ ഇസ്മായില്‍ ഉള്‍പ്പെടെയുളള സംസ്ഥാന നേതാക്കള്‍ മണ്ഡലത്തില്‍ എത്തുന്നതോടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശമേറും. ജനങ്ങളില്‍ വ്യക്തമായി രാഷ്ട്രീയം പറഞ്ഞുകൊണ്ട് പാലായിലെ വിജയം ആവര്‍ത്തിക്കാനുളള ഊര്‍ജ്ജിതമായ ക്യാമ്പെയിനുകളാണ് എല്‍ഡിഎഫ് മണ്ഡലത്തിലുടനീളം സംഘടിപ്പിക്കുന്നത്.