ചില മാധ്യമങ്ങള്‍ തെറ്റായ കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ അത് തുറന്നു കാണിക്കാൻ മുന്നില്‍ നില്‍ക്കുന്ന മാധ്യമമാണ് കൈരളിയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. യാഥാർഥ്യം അല്ലാത്തതിന്റെ പിന്നില്‍ പോകാത്ത മാധ്യമമാണ് കൈരളിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കൈരളി ടിവി എന്‍ ആര്‍ ഐ ബിസിനസ്‌ അവാര്‍ഡു ദാന വേദിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മാധ്യമ രംഗത്ത് മൂല്യങ്ങൾക്ക് വേണ്ടി നില കൊള്ളുന്ന മാധ്യമ സ്ഥാപനമാണ് കൈരളി ടിവിയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തെറ്റായ കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ അത് തുറന്നു കാണിക്കാൻ മുന്നില്‍ നില്‍ക്കുന്ന മാധ്യമമാണ് കൈരളി. മാധ്യമങ്ങളുടെ മൂല്യ ച്യുതിയെക്കുറിച്ചും മുഖ്യമന്ത്രി പരാമര്‍ശിച്ചു.

വിദ്യാഭ്യാസ രംഗത് കേരളം ഒന്നാം സ്ഥാനത്തെത്തിയത് ഹിന്ദു പത്രം പ്രധാന വാർത്തയായി കൊടുത്തു. എന്നാൽ ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്തും എന്ന് പറയുന്ന മലയാള പത്രങ്ങളിൽ ഈ വാർത്താ പരതിയാലേ കാണൂ എന്ന നിലയിലാണ് നൽകിയത്. ഗാന്ധി ജയന്തി ദിനത്തിൽ ഗാന്ധി അനുസ്മരണം ഒരു മാധ്യമത്തിൽ വന്നത് ആർ ആർ എസ് തലവന്റെ ലേഖനത്തോടെയാണ് ഗാന്ധി ഘാതകർക്ക് വലിയ പരിവേഷം ചാർത്തിക്കൊടുക്കുകയാണ് ഈ മാധ്യമം ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മലയാളം കമ്മ്യുണിക്കെഷന്‍സ് ലിമിറ്റഡ് ചെയര്‍മാന്‍ മമ്മുട്ടി അധ്യക്ഷത വഹിച്ചു. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ , മന്ത്രിമാരായ ഇ പി ജയരാജന്‍, കടകം പള്ളി സുരേന്ദ്രന്‍, എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. മലയാളം കമ്മ്യുണിക്കെഷന്‍സ് ലിമിറ്റഡ് മനെജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ് ആമുഖ പ്രഭാഷണം നടത്തി. കൈരളി ടിവി എന്‍ ആര്‍ ഐ ബിസിനസ്‌ അവാര്‍ഡു കമ്മിറ്റി ചെയര്‍മാനും ആര്‍ പി ഗ്രൂപ്പ്‌ ചെയര്‍മാനുമായ ഡോക്ടര്‍ രവി പിള്ള, ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ ഡോക്ടര്‍ ആസാദ് മൂപ്പന്‍, ജൂറി അംഗം ലുലു ഗ്രൂപ്പ്‌ എക്സിക്യുട്ടീവ്‌ ഡയറക്ടര്‍ എം എ അഷറഫ് അലി, മലയാളം കമ്മ്യുണിക്കെഷന്‍സ് ലിമിറ്റഡ് ഡയറക്ടര്‍ വി കെ അഷറഫ്, നോര്‍ക്ക റൂട്സ് ഡയറക്ടര്‍ ഓ വി മുസ്തഫ, അവാര്‍ഡ്‌ ജൂറി അംഗം ഐസക് ജോണ്‍ പട്ടാണി പറമ്പില്‍, കൈരളി ടിവി മിഡില്‍ ഈസ്റ്റ് ന്യൂസ്‌ ആന്‍ഡ്‌ പ്രോഗ്രാം ഡയറക്ടര്‍ ഇ എം അഷറഫ്, എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഗള്‍ഫ്‌ മേഖലയില്‍ ബിസിനസ് രംഗത്ത് മികവു തെളിയിച്ചവരെയാണ് കൈരളി എന്‍ ആര്‍ ബിസിനസ് അവാര്‍ഡ്‌ നല്‍കി ആദരിച്ചത്.