പ്രളയാനന്തര സഹായം: കേരളത്തെ അവഗണിച്ച് കേന്ദ്രം; കർണാടകം, ബിഹാർ സംസ്ഥാനങ്ങൾക്ക്‌ 1814 കോടി വീതം

സംസ്ഥാനത്ത്‌ 2019ലെ പ്രളയത്തിലും ഉരുൾപൊട്ടലിലുമുണ്ടായ നാശനഷ്ടങ്ങൾക്കുള്ള കേന്ദ്ര സഹായത്തിൽ തീരുമാനമായില്ല. കേരളത്തോടൊപ്പം പ്രളയമുണ്ടായ കർണാടകം, ബിഹാർ സംസ്ഥാനങ്ങൾക്ക്‌ 1814 കോടി രൂപയുടെ സഹായം കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ പ്രഖ്യാപിച്ചു. ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളാണ്‌ രണ്ടും. ബിഹാറിന്‌ 614 കോടി രൂപയും. 15 മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ്‌ നടക്കുന്ന കർണാടകത്തിന്‌ 1200 കോടി രൂപയും ആണ്‌ നൽകിയത്‌.

കഴിഞ്ഞമാസം ആഭ്യന്തരമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ശ്രീപ്രകാശിന്റെ നേതൃത്വത്തിലുള്ള ഏഴംഗ കേന്ദ്ര സംഘം സംസ്ഥാനത്തെ ദുരന്തമേഖലകൾ സന്ദർശിച്ചിരുന്നു. സംസ്ഥാന ദുരിതാശ്വാസ കമീഷണർ ഡോ. വി വേണു കേന്ദ്ര മാനദണ്ഡപ്രകാരം തയ്യാറാക്കിയ നിവേദനം കേന്ദ്ര സംഘത്തിന് സമർപ്പിച്ചു.

2101.9 കോടി രൂപയുടെ സഹായമാണ്‌ മുന്നോട്ടുവച്ചത്‌. ശരിയായ നാശനഷ്ടം ഇതിനും പതിന്മടങ്ങ് വരുമെന്നും ധരിപ്പിച്ചു. അടുത്തടുത്ത വർഷങ്ങളിൽ അതിതീവ്ര മഴമൂലമുള്ള ദുരന്തം, 68 വർഷത്തിനിടയിൽ ആദ്യമായാണ് കേരളം നേരിടുന്നതെന്നതും അറിയിച്ചു.

സാധാരണയിൽനിന്ന് വ്യത്യസ്തമായി, കേരളത്തിന്റെ ഈവർഷത്തെ നിവേദനത്തിന് പ്രത്യേക പരിഗണന നൽകണമെന്നും ആവശ്യപ്പെട്ടു. കേന്ദ്രമാനദണ്ഡ പ്രകാരം തന്നെ 1409 കോടിക്കുള്ള സഹായത്തിന്‌ കേരളത്തിന്‌ അർഹതയുണ്ട്‌. അടിയന്തരസഹായമായി 316 കോടിയും ക്യാമ്പുകളുടെയുംമറ്റും നടത്തിപ്പിന് 265 കോടിയും വീടുകളുടെ നാശനഷ്ടത്തിന് 748 കോടി രൂപയും ലഭിക്കണം.

89,040 കുടുംബങ്ങൾക്ക്‌ സംസ്ഥാനം സഹായം നൽകി

പ്രളയദുരിതത്തിൽപ്പെട്ട 89,040 കുടുംബങ്ങൾക്ക്‌ ഒക്‌ടോബർ മൂന്ന്‌ വരെ സർക്കാർ ധനസഹായമായി 10000 രൂപ വീതം കൈമാറി. ബാങ്ക്‌ അക്കൗണ്ട്‌ വഴിയാണ്‌ തുക കൈമാറിയത്‌. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞവർക്കുപുറമെ, ബന്ധുവീടുകളിലേക്ക്‌ മാറിത്താമസിച്ചവർക്കും സഹായം നൽകും.

സഹായത്തിന്‌ അർഹരായ 1,13,939 പേരുടെ പട്ടികയാണ്‌ റവന്യു വകുപ്പിന്‌ ഇതുവരെ ലഭ്യമായത്‌. ഇതിൽ ബാക്കിയുള്ളവരുടെ സഹായം ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ അയച്ചുകൊണ്ടിരിക്കുകയാണ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here