സൗദി മരുഭൂമിയിലെ കൊടുംചൂടിൽ ഒന്നരവർഷമായി മലയാളികളുൾപ്പെടെ അറുന്നൂറോളം തൊഴിലാളികൾ നരകയാതനയിൽ. സൗദിയിലെ ദമാമിലാണ് ഈ ദുരവസ്ഥ. ശമ്പളം കിട്ടാതെയും ഭക്ഷണമില്ലാതെയും ഇവർ നട്ടം തിരിയുകയാണ്. താമസിക്കുന്ന ലേബർ ക്യാമ്പുകളിൽ വൈദ്യുതിബന്ധം വിച്ഛേദിച്ചിരിക്കയാണ്. യാത്രാവിലക്കും ഏർപ്പെടുത്തി. നിതാഖത്ത് (സ്വദേശിവൽക്കരണം) നടപ്പാക്കിയില്ലെന്ന പേരിലാണ് നിർമാണ മേഖലയിലെ വമ്പൻ കമ്പനികളെയടക്കം സൗദി സർക്കാർ ചുവപ്പുപട്ടികയിൽപ്പെടുത്തി പ്രവർത്തനം വിലക്കിയത്. ഈ കമ്പനികളിലെ തൊഴിലാളികളാണ് ദുരന്തം ഏറ്റുവാങ്ങുന്നത്.
വൈദ്യുതിയില്ലാതായതോടെ കൊടുംചൂട് താങ്ങാനാവാതെ തൊഴിലാളികൾ തളർന്നുവീഴുന്നു. രോഗമുള്ളവർക്ക് മരുന്നുപോലും കിട്ടുന്നില്ല. യാത്രയ്‌ക്ക് വിലക്കുള്ളതിനാൽ സ്വന്തക്കാർ മരിച്ചാലും നാട്ടിലേക്ക് വരാൻ കഴിയാത്ത നിസ്സഹായത. തൊഴിലാളികളെ സംരക്ഷിക്കാൻ കമ്പനികൾ തയ്യാറാവുന്നില്ല. വൻകിട കമ്പനിക്കാർ വരുത്തിയ പിഴയ്‌ക്ക് തെറ്റൊന്നം ചെയ്യാത്ത പാവപ്പെട്ട തൊഴിലാളികൾ മണലാരണ്യത്തിൽ ‘ആടുജീവിതം’ നയിക്കേണ്ടിവരികയാണ്.
നിതാഖത്ത്പ്രകാരം സൗദിയിലെ എല്ലാ സ്ഥാപനങ്ങളിലും നിശ്ചിത ശതമാനം സ്വദേശികൾക്ക് ജോലി നൽകണമെന്നാണ് വ്യവസ്ഥ. ഇത് നടപ്പാക്കാത്ത സ്ഥാപനങ്ങളെയാണ് ചുവപ്പുപട്ടികയിൽപ്പെടുത്തി വിലക്ക് ഏർപ്പെടുത്തിയത്. സൗദി സ്വദേശികളുടെ ഉടമസ്ഥതയിലുള്ളതാണ് പല കമ്പനികളും. അൽദോസരി, അൽ കോബാർ, അറാർ എന്നിവിടങ്ങളിലും തൊഴിലാളികൾ സമാന അവസ്ഥയിലാണ്. മലയാളികൾക്കൊപ്പം തമിഴ്നാട്, ആന്ധ്ര സംസ്ഥാനങ്ങളിൽനിന്നുള്ളവരും നേപ്പാളികളും ക്യാമ്പുകളിലുണ്ട്. ഇതുസംബന്ധിച്ച് തൊഴിലാളി കോ–-ഓർഡിനേഷൻ കമ്മിറ്റി കേന്ദ്രവിദേശകാര്യമന്ത്രി എസ് ജയശങ്കർ, സഹമന്ത്രി വി മുരളീധരൻ എന്നിവർക്ക് നിവേദനം നൽകി. എന്നാൽ അനുകൂല നടപടിയില്ല.
തൊഴിലാളികൾക്ക് ലേബർക്യാമ്പുകളിൽനിന്ന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണെന്ന് ദമാം സന്ദർശിച്ച സംസ്ഥാന പ്രവാസി ക്ഷേമ നിയമസഭാസമിതി ചെയർമാൻ കെ വി അബ്ദുൾഖാദർ എംഎൽഎ പറഞ്ഞു. ദമാമിലെ ‘അൽദോസരി’ കമ്പനിയുടെ ലേബർ ക്യാമ്പിലാണ് പോയത്. അവിടെ മുന്നൂറ് തൊഴിലാളികളിൽ എഴുപതോളം മലയാളികൾ. മലയാളിസംഘടനകളുടെ കാരുണ്യത്തിലാണ് പലരും കഴിഞ്ഞുകൂടുന്നത്. നവോദയ ദമാം ഭക്ഷണവും മരുന്നും എത്തിക്കുന്നു. കെഎംസിസി, ഐഒഎഫ്, മലബാർ അടുക്കള എന്നീ കൂട്ടായ്മകളും സഹായിക്കുന്നുണ്ടെന്ന് അബ്ദുൾഖാദർ പറഞ്ഞു.
Get real time update about this post categories directly on your device, subscribe now.