പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; ഓഹരിവിൽപ്പനക്ക്‌ കുറുക്കുവഴി; അനുമതി നൽകി മന്ത്രിസഭ

ഭാരത്‌ പെട്രോളിയം അടക്കമുള്ള കമ്പനികളുടെ സ്വകാര്യവൽക്കരണം തിരക്കിട്ട്‌ നടപ്പാക്കാൻ ഓഹരിവിൽപ്പന നടപടിക്രമം ലളിതമാക്കി കേന്ദ്ര സർക്കാർ. ഇതിനുള്ള പുതിയ നയത്തിനു കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നൽകി. രാജ്യംനേരിടുന്ന ധനകമ്മി പരിഹരിക്കാന്‍ അടിയന്തരമായി ഓഹരിവിൽപ്പന വഴി 1.05 ലക്ഷം കോടി രൂപ സമാഹരിക്കാനാണ്‌ നീക്കം.

വൻലാഭത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കുന്നത് രാഷ്ട്രീയ തിരിച്ചടിയാകുമെന്നതിനാൽ മന്ത്രിസഭാതീരുമാനത്തിന് കേന്ദ്രസര്‍ക്കാര്‍ വാർത്താപ്രാധാന്യം നൽകിയില്ല. മന്ത്രിസഭായോഗ തീരുമാനം വാർത്താസമ്മേളനത്തിൽ പ്രഖ്യാപിക്കുന്ന പതിവും ഒഴിവാക്കി. ഓഹരിവിൽപ്പനയ്‌ക്കുള്ള കമ്പനികളെ ഇതുവരെ നിശ്ചയിച്ചത്‌ നിതി ആയോഗാണ്. ധനമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള നിക്ഷേപ, പൊതുസ്വത്ത്‌ മാനേജ്‌മെന്റ്‌ വകുപ്പാണ്‌ (ഡിഐപിഎഎം) ഇനി ഓഹരിവിറ്റഴിക്കാന്‍ ചുക്കാൻപിടിക്കുക. നിതി ആയോഗിന്റെ പങ്ക്‌ നാമമാത്രമാകും. നിർണായക തീരുമാനമെടുക്കുന്ന മന്ത്രിസമിതി യോഗങ്ങളിൽ ഡിഐപിഎഎം വകുപ്പ്‌ സെക്രട്ടറിയും പങ്കെടുക്കും. ഓഹരിവിൽപ്പന നാലോ അഞ്ചോ മാസത്തിനുള്ളിൽ പൂർത്തീകരിക്കാനാണ്‌ ശ്രമം. ധനമന്ത്രാലയം നോഡൽ ഏജൻസിയായി പ്രവർത്തിക്കും.

വർഷം ശരാശരി 12,000 കോടിയിൽപ്പരം പ്രവർത്തനലാഭമുള്ള ഭാരത്‌ പെട്രോളിയത്തിന്റെ ഓഹരിവിൽപ്പന വഴി 60,000 കോടി രൂപ കിട്ടുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ. അമേരിക്കൻ എണ്ണഭീമനായ എക്‌സോൺ മൊബീൽ അടക്കമുള്ള ബഹുരാഷ്ട്രകുത്തകകൾ ഭാരത്‌ പെട്രോളിയത്തിനായി രംഗത്തുണ്ട്‌. ഭാരത്‌ പെട്രോളിയത്തിന്റെ 53.29 ശതമാനം ഓഹരിയാണ്‌ കേന്ദ്രത്തിന്റെ കൈവശമുള്ളത്‌.

ഷിപ്പിങ്‌ കോർപറേഷൻ ഓഫ്‌ ഇന്ത്യ, കണ്ടെയ്‌നർ കോർപറേഷൻ ഓഫ്‌ ഇന്ത്യ, വൈദ്യുതിമേഖലാ കമ്പനികളായ നീപ്‌കോ, ടിഎച്ച്‌ഡിസി എന്നിവയാണ്‌ സ്വകാര്യവൽക്കരണത്തിനു തീരുമാനമായ മറ്റു കമ്പനികൾ. ഓഹരിലേലത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള സ്ഥാപനങ്ങളിൽനിന്ന്‌ അപേക്ഷ ക്ഷണിച്ച്‌ ഉടൻ വിജ്ഞാപനമിറക്കും. എയർ ഇന്ത്യയുടെ ഓഹരിവിൽപ്പനയും ഇതോടൊപ്പം നടത്താനാണ് നീക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News