ഉന്നതർ പ്രതികളായ കേസുകൾ കുഴിച്ചുമൂടാൻ ആവശ്യപ്പെട്ടു; നികുതി ബോർഡ്‌ ചെയർമാനെതിരെ ആരോപണവുമായി മുൻ ആദായനികുതി ചീഫ്‌ കമീഷണർ

ഉന്നതർ പ്രതികളായ കേസുകൾ കുഴിച്ചുമൂടാൻ കേന്ദ്ര പ്രത്യക്ഷനികുതി ബോർഡ്‌ (സിബിഡിടി) ചെയർമാൻ ആവശ്യപ്പെട്ടതായി വെളിപ്പെടുത്തൽ. സിബിഡിടി ചെയർമാൻ പ്രമോദ്‌ ചന്ദ്ര മോഡിക്കെതിരെ ഗുരുതര ആരോപണവുമായി മുംബൈ ആദായനികുതി ചീഫ്‌ കമീഷണറായിരുന്ന അൽക്കാത്യാഗിയാണ്‌ രംഗത്തെത്തിയത്‌.

ഐസിഐസിഐ ബാങ്ക്‌ കേസ്‌, മുകേഷ്‌ അംബാനിക്ക്‌ എതിരായ കേസ്‌, ജെറ്റ്‌ എയർവേയ്‌സ്‌ നികുതിവെട്ടിപ്പ്‌ കേസ്‌ തുടങ്ങി സുപ്രധാന കേസുകൾ കൈകാര്യംചെയ്‌തിരുന്നത്‌ അൽക്കാത്യാഗിയുടെ ഓഫീസാണ്‌. ഉന്നതർ പ്രതികളായ കേസുകളിൽ അന്വേഷണം അവസാനിപ്പിക്കുന്നതാണ്‌ ഭാവിക്ക്‌ നല്ലതെന്ന്‌ മുന്നറിയിപ്പ്‌ നൽകിയതായി അവര്‍ ധനമന്ത്രി നിർമല സീതാരാമന്‌ അയച്ച പരാതിയിൽ വെളിപ്പെടുത്തി.

നികുതിവെട്ടിപ്പ്‌ നടത്തിയ പ്രമുഖരുടെ പേരുകൾ ഒരിടത്തും വെളിപ്പെടുത്തരുതെന്നും പ്രമോദ്‌ ചന്ദ്ര ആവശ്യപ്പെട്ടു. നോട്ടീസ്‌ അയച്ചശേഷം തുടർനടപടികൾ സ്വീകരിക്കാതിരിക്കാൻ കഴിയില്ലെന്ന്‌ പ്രതികരിച്ചിട്ടും ശക്തമായ സമ്മർദമുണ്ടായതായും വിവരിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസിനും കേന്ദ്രവിജിലൻസ്‌ കമീഷനും ക്യാബിനറ്റ്‌ സെക്രട്ടറിക്കും അൽക്കാത്യാഗി പരാതിയുടെ പകർപ്പ്‌ കൈമാറി. പരാതി നൽകി രണ്ട്‌ മാസം പിന്നിടുംമുമ്പ്‌ കേന്ദ്രസർക്കാർ സിബിഡിടി ചെയർമാൻ സ്ഥാനത്ത്‌ പ്രമോദ്‌ചന്ദ്രയ്‌ക്ക്‌ ഒരുവർഷംകൂടി സേവനകാലയളവ്‌ നീട്ടി. അൽക്കാത്യാഗിക്ക്‌ അർഹമായ സ്ഥാനക്കയറ്റം നിഷേധിച്ച്‌ നാഗ്‌പുരിലെ നാഷണൽ അക്കാദമി ഓഫ്‌ ഡയറക്ട്‌ ടാക്‌സസ് ഓഫീസിലേക്ക്‌ സ്ഥലംമാറ്റി.

പ്രതിപക്ഷത്തെ പല പ്രമുഖരെയും കേസിൽ കുടുക്കാൻ സർക്കാരിനെ സഹായിച്ച തന്നെ ആരും ഒന്നും ചെയ്യില്ലെന്ന്‌ പ്രമോദ്‌ ചന്ദ്ര അവകാശപ്പെട്ടിരുന്നതായും അൽക്കാത്യാഗി വെളിപ്പെടുത്തി. സർക്കാരിന്‌ പ്രിയങ്കരരായ ഉദ്യോഗസ്ഥർക്കെതിരെ ആരോപണങ്ങൾ ഉയർന്നാലും നടപടി സ്വീകരിക്കാറില്ലെന്ന് പരാതി ഉയര്‍ന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News