കൂടത്തായി കൂട്ടക്കൊല; ജോളിയെ കുടുക്കിയത് സ്വയം മെനഞ്ഞ കഥ

താമരശേരി കൂടത്തായിയിൽ 6 പേരെ കൊലപ്പെടുത്തിയ സംഭവം പുറത്തുവരാന്‍ 14 വര്‍ഷങ്ങള്‍ വേണ്ടിവന്നു. ദുരൂഹവും ക്രൂരവുമായ ആറ് കൊലപാതകങ്ങള്‍ക്ക് പിന്നിലെ യഥാര്ത്ഥ പ്രതിയെ കണ്ടെത്താന് പൊലീസിന് വഴിത്തിരിവായത് ജോളിയുടെ അതി ബുദ്ധി. ജോളിയുടെ മുന്‍ ഭര്‍ത്താവ് റോയ് തോമസിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് സഹോദരന്‍ നല്കിയ പരാതിയാണ് ജോളിയുടെ പദ്ധതികളെല്ലാം കീഴ്മേല് മറിച്ചത്. ജോളിയുടെ പഴുതടച്ച കരുനീക്കത്തില് റോയി സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് പോലും വിശ്വസിച്ചിരുന്നത്. എന്നാല്‍ റോയിയുടെ ഭാര്യയായിരുന്ന, കൂട്ടകൊലപാതകത്തിലെ പ്രതി ജോളി നാട്ടിലാകെ പ്രചരിപ്പിച്ചത് സയനൈഡ് കഴിച്ചുള്ള ആത്മഹത്യയെന്നായിരുന്നില്ല. നാട്ടുകാരെ വിശ്വസിപ്പിക്കാന്‍ ഹൃദയാഘാതം മൂലമാണ് റോയ് മരിച്ചതെന്നായിരുന്നു ജോളി പറഞ്ഞു നടന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറം സഹോദരന്‍ പരാതി നല്കിയപ്പോഴും പൊലീസ് അന്വേഷണം സ്വാഭാവികമായും ആ വഴിക്ക് തന്നെ നീങ്ങി. ജോളി പറഞ്ഞു നടന്ന കള്ളം തന്നെ ജോളിയെ കുടുക്കിയതാണ് പിന്നീട് കണ്ടത്.

റോയി ഹൃദയാഘാതത്തെ തുടർന്ന്‌ മരിച്ചുവെന്നാണ് ജോളി പറഞ്ഞത്. സയനൈഡിന്റെ അംശം ശരീരത്തിൽ കണ്ടെത്തിയിട്ടും ഇങ്ങനെ പറഞ്ഞതിൽ അസ്വാഭാവികതയുണ്ടെന്ന് പൊലീസിന് ബോധ്യപ്പെട്ടു. ഈ മരണവുമായി ബന്ധപ്പെട്ട് ജോളിയുടെ മൊഴികളിൽ അമ്പതോളം വൈരുധ്യം കണ്ടെത്തി. റോയിയെ കൊല്ലാൻ ജോളിക്ക് സയനൈഡ് എത്തിച്ചുകൊടുത്തു എന്നതാണ് ബന്ധുവായ ജ്വല്ലറി ജീവനക്കാരൻ എം എസ് മാത്യുവിന്റെ പങ്ക്. മാത്യുവിന് സയനൈഡ് നൽകിയത് സ്വർണപ്പണിക്കാരനായ പ്രജികുമാർ ആണ്. സ്വത്ത് മോഹമുൾപ്പെടെ ഇപ്പോൾ പുറത്തുപറയാൻ കഴിയാത്ത ചില പ്രേരണകളുടെ അടിസ്ഥാനത്തിലാണ് മറ്റുള്ളവരെയും കൊന്നത്‌.

പൊന്നാമറ്റം തറവാട്ടിൽ സാമ്പത്തിക കാര്യമുൾപ്പെടെ എല്ലാ നിയന്ത്രണവും റിട്ട. അധ്യാപികയായ അന്നമ്മയ്‌ക്കായിരുന്നു. സ്വത്തുക്കൾ കൈക്കലാക്കാൻ തടസ്സമാവും എന്ന് കരുതിയാണ് 2002ൽ അന്നമ്മയെ ജോളി വകവരുത്തിയത്. സൂപ്പിൽ വിഷം കലർത്തിയായിരുന്നു കൊല. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണകാരണം കണ്ടെത്തിയില്ല. ഇതിൽ അന്നമ്മയുടെ ഭർത്താവ് ടോം തോമസ് ആശുപത്രിക്കെതിരെ പൊലീസിൽ പരാതിനൽകി. 2008-ൽ ടോം തോമസ് ആയിരുന്നു ജോളിയുടെ അടുത്ത ഇര. തന്റെ കുറച്ച് സ്വത്ത് വിറ്റ തുക ജോളിക്ക് നൽകുകയും ഇനി കുടുംബ സ്വത്തിന് അവകാശമില്ലെന്നും ടോം തോമസ് പറഞ്ഞു. ഇതാണ് ടോമിനെ വകവരുത്താൻ പ്രേരണയായത്.

ഇതിനിടയിൽ ജോളിയും റോയിയും തമ്മിലുള്ള ദാമ്പത്യബന്ധം വഷളായി. ടോമിന്റെ സഹോദരൻ സക്കറിയയുടെ മകൻ ഷാജുവുമായി ജോളി ബന്ധം പുലർത്തി. 2011-ൽ റോയി തോമസിനെ ഇല്ലാതാക്കാൻ ഇത്‌ കാരണമായി. ടോയ്‌ലെറ്റിൽ തളർന്നു വീണാണ് റോയി മരിച്ചത്. ഈ സമയം താൻ റോയിക്ക് അടുക്കളയിൽ മുട്ട പാകംചെയ്യുകയായിരുന്നു എന്നാണ് ജോളി പറഞ്ഞത്. റോയിക്ക് ഇഷ്ടമുള്ള കടലക്കറിയിൽ സയനൈഡ് കലർത്തിയാണ് കൊന്നത്. 2014-ൽ അന്നമ്മയുടെ സഹോദരൻ മഞ്ചാടിയിൽ മാത്യുവായിരുന്നു അടുത്ത ഇര-. റോയിയുടെ മരണത്തിലുൾപ്പെടെ ജോളിയുടെ പങ്കിൽ മാത്യു സംശയം പ്രകടിപ്പിച്ചതാണ് മാത്യുവിനെ ഇല്ലാതാക്കാൻ കാരണം.

ജോളിയുടെ ഇപ്പോഴത്തെ ഭർത്താവ് ഷാജുവിന്റെ ആദ്യഭാര്യ ഫിലിയിലുള്ള മകൾ രണ്ട് വയസ്സുകാരി അൽഫെയിനും ക്രൂരതക്കിരയായി. ഭക്ഷണത്തിൽ വിഷം കലർത്തിയാണ്‌ കൊന്നത്. ഏറ്റവും അവസാനം 2016-ൽ വെള്ളത്തിൽ വിഷം കലർത്തി ഫിലിയേയും വകവരുത്തി. തടസ്സങ്ങളെല്ലാം നീക്കിയതോടെ ജോളി ഷാജുവിനെ വിവാഹം കഴിച്ചു. ഈ കൊലപാതകങ്ങളിൽ മറ്റുള്ളവർക്ക് എന്തെങ്കിലും പങ്കുണ്ടോ എന്നും അന്വേഷിക്കും. എല്ലാ മരണങ്ങളിലും ജോളി കുറ്റസമ്മതം നടത്തി. ബികോം ബിരുദമുള്ള ജോളി എൻഐടി ജീവനക്കാരിയാണെന്നാണ് നാട്ടിൽ പ്രചരിപ്പിച്ചത്. എന്നാൽ ബ്യൂട്ടി പാർലറിൽ ജോലിചെയ്യുകയായിരുന്നു. ആദ്യഭർത്താവായ റോയിയിൽ രണ്ട്‌ ആൺമക്കളുണ്ട്‌. കഴിഞ്ഞ ദിവസം ആറ് പേരുടെയും കല്ലറ പൊളിച്ച് ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. ഇതിന്റെ റിപ്പോർട്ട് ലഭിക്കുന്നതോടെ കൊലപാതക പരമ്പരയിൽ കൂടുതൽ തെളിവ് ലഭിക്കുമെന്ന്‌ എസ്‌പി പറഞ്ഞു.

റോജോയുടെ സംശയം ശരിയായിരുന്നു

ആറു മരണങ്ങൾ കൊലപാതകമാണെന്ന്‌ സംശയിക്കാൻ കൊല്ലപ്പെട്ട റോയി തോമസിന്റെ സഹോദരൻ റോജോ തോമസിനെ പ്രേരിപ്പിച്ചത്‌ പിണറായിയിലെ കൂട്ടക്കൊല കേസ്‌. കുടുംബത്തിലെ മൂന്നുപേരെ വിഷം നൽകി കൊന്ന കേസിൽ പിണറായി വണ്ണത്താം വീട്ടിൽ സൗമ്യ അറസ്‌റ്റിലായതോടെയാണ്‌ സമാന സാഹചര്യം ഈ സംഭവത്തിലും സംശയമുണ്ടാക്കിയത്‌.

പിണറായി സൗമ്യ കേസ്‌
അച്ഛനെയും അമ്മയെയും ഒമ്പത്‌ വയസ്സുകാരിയായ മകളെയും നാലുമാസത്തിനുള്ളിൽ കൊലപ്പെടുത്തിയ കേസിൽ 2018 ഏപ്രിലിലാണ്‌ സൗമ്യ അറസ്‌റ്റിലായത്‌. എലിവിഷം നൽകിയായിരുന്നു കൊലപാതകം. നാട്ടുകാർക്ക്‌ സംശയം തോന്നിയതിനെ തുടർന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ ഇഷ്‌ടപ്രകാരം ജീവിക്കാൻ സൗമ്യ ഇവരെയെല്ലാം കൊലപ്പെടുത്തിയത്‌ തെളിഞ്ഞത്‌. ഈ സംഭവം പുറത്തുവന്നതോടെയാണ്‌ അമേരിക്കയിലുള്ള റോജോ തോമസിന്‌ സംശയം ബലപ്പെട്ടത്‌.

ഒസ്യത്തിലെ കൃത്രിമം
2016നുശേഷം നാട്ടിൽ വന്നപ്പോൾ ഒസ്യത്തിൽ കൃത്രിമം കാണിച്ചതുമായി ബന്ധപ്പെട്ട്‌ റോജോ പൊലീസിൽ പരാതി നൽകി. തുടർന്ന്‌ അദാലത്തിലൂടെ ഇത്‌ പരിഹരിച്ചു. പിന്നീടാണ്‌ സൗമ്യ കേസ്‌ പുറത്തുവന്നത്‌. ഒരേ രീതിയിലുള്ള മരണങ്ങളെ പിണറായി കേസുമായി ഒത്തുനോക്കിയപ്പോൾ സംശയങ്ങൾ ഉയർന്നു. സാഹചര്യത്തെളിവുകളെല്ലാം കൃത്യത്തിന് പിന്നിൽ ഒരാളാണെന്ന സൂചനയിലേക്ക് എത്തിച്ചു.

പരാതി കഴിഞ്ഞ ജൂലൈയിൽ
ജൂലൈയിൽ റോജോ പൊലീസിനെ സമീപിച്ചതോടെയാണ്‌ കാര്യങ്ങൾ മാറിമറിഞ്ഞത്‌. രഹസ്യാന്വേഷണ വിഭാഗം അന്വേഷിച്ച്‌ മരണങ്ങളെല്ലാം കൊലപാതകമാവാനുള്ള സാധ്യതയുണ്ടെന്ന് റിപ്പോർട്ട്‌ നൽകി. ഇതോടെ ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. തുടർന്നാണ് കല്ലറ തുറന്ന്‌ മൃതദേഹങ്ങൾ പരിശോധിച്ചത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News