കൂടത്തായി കൊലപാതക പരമ്പര: ലീഗ്, കോണ്‍ഗ്രസ് നേതാക്കളും സംശയ നിഴലില്‍; ചോദ്യംചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് പ്രാദേശിക രാഷ്ട്രീയ നേതാക്കളും സംശയ നിഴലിലെന്ന് റിപ്പോര്‍ട്ട്.

ഒരു മുസ്ലിംലീഗ് നേതാവും ഒരു കോണ്‍ഗ്രസ് പ്രാദേശിക നേതാവുമാണ് അന്വേഷണപരിധിയില്‍ ഉള്‍പ്പെട്ടത്. ഇവര്‍ ജോളിക്ക് ഏതെങ്കിലും തരത്തിലുള്ള സഹായങ്ങള്‍ ചെയ്തുകൊടുത്തോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് ഇവരോടും ഒരു ബിഎസ്എന്‍എല്‍ ജീവനക്കാരനോടും ചോദ്യം ചെയ്യലിനായി എസ്പി ഓഫീസില്‍ ഹാജരാകാന്‍ അന്വേഷണ സംഘം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജോളി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.

എന്നാല്‍ ഇന്ന് ഹാജരാകാന്‍ സാധിക്കില്ലെന്നും മറ്റൊരു ദിവസം ഹാജരാകാമെന്നും ഇവര്‍ അന്വേഷണസംഘത്തിന് മറുപടി നല്‍കിയതായാണ് റിപ്പോര്‍ട്ട്. ഇവരില്‍ ഒരാളുടെ വീട്ടില്‍ ക്രൈംബ്രാഞ്ച് സംഘം നേരത്തെ രഹസ്യമായി പരിശോധന നടത്തിയിരുന്നു

കൂടുതല്‍ പേരെ ചോദ്യം ചെയ്യും

അതേസമയം, കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.

ചോദ്യംചെയ്യലിനായി വിളിച്ചുവരുത്തേണ്ടവരുടെ പട്ടിക തയാറാക്കി. ജോളിയുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതിന് ശേഷമാണ് ക്രൈംബ്രാഞ്ച് നടപടി.

കൊലപാതക പരമ്പരയ്ക്ക് ബന്ധുക്കളും സുഹൃത്തുക്കളും സഹായിച്ചെന്ന ജോളി മൊഴി അടിസ്ഥാനത്തിലാണ് നടപടി. ഇതിന്റെ അടിസ്ഥാനത്തില്‍ 11 പേര്‍ ഇപ്പോള്‍ പൊലീസ് നിരീക്ഷണത്തിലാണ്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ചോദ്യം ചെയ്യാത്തവരും നിരീക്ഷണത്തിലുണ്ട്. ഇവരോട് സ്റ്റേഷന്‍ പരിധി വിട്ടുപോകരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ടോം തോമസിന്റെ വീട് പൂട്ടി സീല്‍വച്ചു

ഇതിനിടെ, തെളിവ് ശേഖരിക്കാന്‍ പൊന്നാമറ്റത്തെ ടോം തോമസിന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തുകയും ചെയ്തു. വീട് പൂട്ടി സീല്‍വച്ചതായും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. രാസ പരിശോധനാ ഫലങ്ങള്‍ വേഗത്തില്‍ ലഭിക്കണമെന്നാവശ്യപ്പെട്ട് വടകര റൂറല്‍ എസ്പി കണ്ണൂര്‍ ഫോറന്‍സിക് ലാബ് ഡയറക്ടര്‍ക്ക് കത്ത് നല്‍കുകയും ചെയ്തു.

ഇന്നലെയാണ് ജോളിയടക്കം മൂന്നു പേരെ കേസില്‍ അറസ്റ്റ് ചെയ്തത്. സ്വത്ത് തട്ടിയെടുക്കുന്നതിനും പുനര്‍വിവാഹിതയാകുന്നതിനുമായി സയനൈഡ് കലര്‍ത്തിയ ഭക്ഷണം നല്‍കിയാണ് ആറുപേരെയും ജോളി കൊലപ്പെടുത്തിയത്. ഭര്‍ത്താവ് റോയ് തോമസിനെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയ കേസിലാണ് ഇപ്പോഴത്തെ അറസ്റ്റ്. മറ്റ് അഞ്ചുകേസുകളില്‍ അറസ്റ്റ് പിന്നീട് നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News