കൂട്ടക്കൊല: ജോളിയും ഹരോള്‍ഡും തമ്മിലും ബന്ധം

കൂടത്തായി കൂട്ടക്കൊല ആറുപേരില്‍ ഒതുങ്ങുമായിരുന്നോ എന്ന തന്നെയാണ് ഏവരും സംശയിക്കുന്നത്. പിടിക്കപ്പെട്ടിരുന്നില്ലെങ്കില്‍ മരിച്ചവരുടെ പട്ടിക ഇനിയും നീണ്ടേക്കാമായിരുന്നോ? ഇന്നലെ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ച ഈ സംശയത്തിന് റൂറല്‍ എസ്പി കെ.ജി.സൈമണ്‍ നല്‍കിയ മറുപടി കൊടുംക്രിമിനല്‍ ഹരോള്‍ഡിനെ ഉപമിച്ചുകൊണ്ടായിരുന്നു.

ചോദ്യം ഇങ്ങനെ: കൂടുതല്‍ പേരെ ജോളി ലക്ഷ്യമിട്ടിരുന്നോ…?

റൂറല്‍ എസ്പി നല്‍കിയ മറുപടി: അതങ്ങനെ പറയാന്‍ പറ്റില്ല. പക്ഷേ ഹരോള്‍ഡിന്റെയൊക്കെ ചരിത്രം നമ്മള്‍ പഠിച്ചിട്ടുള്ളതല്ലേ. അതു പോലെയൊക്കെ തോന്നുന്നു ഈ കേസും.

ആരായിരുന്നു ഹാരോള്‍ഡ്? ജോളിയില്‍ നിന്ന് ഹാരോള്‍ഡിലേക്കുള്ള ദൂരം…

മരണത്തിന്റെ മാലാഖ എന്നായിരുന്നു ലോകം ഇയാളെ വിശേഷിപ്പിച്ചത്. ഔദ്യോഗിക രേഖകള്‍ പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ പേരെ കൊലപ്പെടുത്തിയ കൊടുംക്രിമിനലാണ് ഹാരോള്‍ഡ്.

ബ്രിട്ടിഷ് പൊലീസിന്റെ കണക്ക് പ്രകാരം 215 പേരെയാണ് ഡോക്ടര്‍ കൂടിയായ ഹാരള്‍ഡ് കൊലപ്പെടുത്തിയത്. എന്നാല്‍ ഈ കണക്ക് 250ഉം കടന്നു മുന്നോട്ടു പോകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ വ്യക്തമാക്കുന്നത്. തന്റെ രോഗികളായ 215 പേരെയും ഇയാള്‍ കൊലപ്പെടുത്തിയത് വേദനസംഹാരി കുത്തിവച്ചായിരുന്നു.

ഇതില്‍ പല കൊലപാതകങ്ങളും സ്വാഭാവിക മരണം എന്ന രീതിയിലാണ് പൊലീസും മരിച്ചവരുടെ ബന്ധുക്കള്‍ക്കും വിശ്വസിച്ചത്.

രണ്ടു പതിറ്റാണ്ടോളം ഇയാള്‍ തന്റെ രോഗികളെ കൊന്നു ആസ്വദിക്കുകയായിരുന്നു. പ്രായം ചെന്ന രോഗികളെയായിരുന്നു ഇയാള്‍ പ്രധാനമായും ലക്ഷ്യമിട്ടത്. ഇത്രയും കൊലപാതകങ്ങള്‍ നടത്തിയതിന്റെ കാരണവും ഇന്നും അജ്ഞാതമാണ്.

ജോളിയെ പോലെ സ്വത്ത് തട്ടിയെടുക്കാനും ഹരോള്‍ഡ് കൊലപാതകങ്ങള്‍ നടത്തി.

എണ്‍പത്തിയൊന്നുകാരിയായ ഹൈഡ് മുന്‍ മേയര്‍ കാത്‌ലീന്‍ ഗ്രന്‍ഡിയെയാണ് കൊലപ്പെടുത്തിയത്. കാത്‌ലീന്റെ നാലു ലക്ഷം പൗണ്ട് മൂല്യം വരുന്ന സ്വത്ത് തട്ടിയെടുക്കാന്‍ വേണ്ടി വില്‍പത്രത്തില്‍ കൃത്രിമം കാണിച്ച് അവരെ കൊലപ്പെടുത്തുകയായിരുന്നു.

ഇത് വന്‍വാര്‍ത്തയായതോടെ പൊലീസിനെ തേടി നിരവധി ഫോണ്‍കോളുകളാണ് വന്നത്. അതില്‍ എല്ലാവരും ഹരോള്‍ഡിന്റെ കീഴില്‍ ചികിത്സ തേടിയവരുടെ ബന്ധുക്കളായിരുന്നു. ഇവര്‍ക്ക് പറയാനുണ്ടായിരുന്നത് കാത്‌ലീന്റെ മരണത്തിനു സമാനമായ വിധമാണ് തങ്ങളുടെ ബന്ധുക്കളും മരിച്ചതെന്നായിരുന്നു. ഇതോടെ

ഹരോള്‍ഡിനെതിരെ ലഭിച്ച പരാതികള്‍ പൊലീസ് പൊടി തട്ടിയെടുത്തു. ഒടുവില്‍ അന്വേഷണം ചെന്നെത്തിയത് ലോകത്തെ തന്നെ ഞെട്ടിച്ച കൊലപാതക പരമ്പരയിലും. തീവ്രതയേറിയ വേദനസംഹാരികള്‍ അമിതമായ അളവില്‍ നല്‍കിയാണ് ഹരോള്‍ഡ് തന്റെ രോഗികളെ കൊലപ്പെടുത്തിയത്.

കൊല്ലപ്പെട്ടവരുടെ എണ്ണം 215 ആണെങ്കിലും, അന്വേഷിച്ച 38 കേസുകളില്‍ തെളിവുകളില്ലാത്തതിന്റെ പേരില്‍ ഹരോള്‍ഡിനെ ഒഴിവാക്കുകയും ചെയ്തു.

ഒടുവില്‍, പല ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ നല്‍കാതെ 58 വയസില്‍, 2004 ജനുവരി 13ന്, ഹരോള്‍ഡും മരണത്തിനു കീഴടങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here