വട്ടിയൂര്‍ക്കാവിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ പ്രശാന്തിനെ വിജയിപ്പിക്കണമെന്നാവശ്യപെട്ട് വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു. എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

മേയര്‍ ബ്രോയെ എംഎല്‍എ ബ്രോയാക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടിയത്. എസ് എഫ് ഐയുടെ നേതൃത്വത്തില്‍ പേരൂര്‍ക്കടയില്‍ സംഘടിപ്പിച്ച പരിപാടി എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു ഉദ്ഘാടനം ചെയ്തു. ആര്‍ക്കും കത്തയയ്ക്കാന്‍ ഈ രാജ്യത്ത് സ്വാതന്ത്ര്യമില്ലെന്നും കത്തുകളെ ഭയപ്പെടുന്ന പ്രധാനമന്ത്രിയാണ് നമ്മുടെ രാജ്യത്തുള്ളതെന്നും വിപി സാനു പറഞ്ഞു

ഇന്ത്യയുടെ ശക്തി യുവജനങ്ങളും വിദ്യാര്‍ത്ഥികളുമാണെന്നും അതിനാല്‍ വട്ടിയൂര്‍ക്കാവിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി വികെ പ്രശാന്തിനെ വിജയിപ്പിക്കുന്നതിന് എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും സനു വിദ്യാര്‍ത്ഥികളോട് ആവശ്യപെട്ടു. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചു.