വാലറ്റം ചെറുത്ത് നിന്നപ്പോള്‍ അല്‍പം വൈകി; ഒടുക്കം ദക്ഷിണാഫ്രിക്കയ്ക്കെതിരെ 203 റണ്‍സിന്‍റെ കൂറ്റന്‍ വിജയവുമായി ടീം ഇന്ത്യ

വിശാഖപട്ടണം: ദക്ഷിണാഫ്രിക്കൻ വാലറ്റത്തിന്റെ ചെറുത്തുനിൽപ്പിന്‌ ഇന്ത്യൻ വിജയം അൽപനേരത്തേക്ക്‌ വൈകിപ്പിക്കാനുള്ള ശേഷിമാത്രമാണ്‌ ഉണ്ടായിരുന്നത്‌. 395 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടാമിന്നിങ്‌സില്‍ 191 റണ്‍സിന് പുറത്തായി.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് 203 റണ്‍സ് വിജയം. അഞ്ചു വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയും നാല് വിക്കറ്റെടുത്ത ജഡേജയും ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാരെ അക്ഷരാർഥത്തിൽ വിറപ്പിച്ചു. 107 പന്തില്‍ 56 റണ്‍സ് നേടിയ ഡെയ്ന്‍ പിഡെറ്റ് മാത്രമാണ് അല്‍പമെങ്കിലും പിടിച്ചുനിന്നത്.

70 റണ്‍സിനിടയില്‍ എട്ടു വിക്കറ്റ് നഷ്ടമായി തകര്‍ച്ചയിലായിരുന്ന ദക്ഷിണാഫ്രിക്കയെ വന്‍ നാണക്കേടില്‍ നിന്ന് രക്ഷിച്ചത് വാലറ്റമാണ്.

രണ്ടാം ഇന്നിങ്സില്‍ നാല് വിക്കറ്റിന് 323 റണ്‍സ് എടുത്ത് ഇന്ത്യ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. രോഹിതിന്റെ സെഞ്ചുറി ( 127)ക്ക് പുറമേ പൂജാര (81) ഇന്ത്യയ്ക്കായി അര്‍ധ സെഞ്ചുറി നേടി.

മായങ്ക് അഗര്‍വാള്‍ (7), രവീന്ദ്ര ജഡേജ ( 40) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്‌സമാന്‍മാര്‍. വിരാട് കോലി (31), രഹാന (27) എന്നിവര്‍ പുറത്താകാതെ നിന്നു.

ദക്ഷിണാഫ്രിക്കയ്ക്കായി കേശവ് മഹാരാജ രണ്ട് വിക്കറ്റുകളും റബാഡ, ഫിലാഡര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. സ്‌കോര്‍: ഇന്ത്യ-502/7 ഡിക്ല., 323/4ഡിക്ല. ദക്ഷിണാഫ്രിക്ക-431, 191.

നേരത്തെ ആദ്യ ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കയെ 431 റണ്‍സിന് പുറത്താക്കിയ ഇന്ത്യ 71 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയിരുന്നു.

ഡീന്‍ എല്‍ഗറിന്റെയും (160) ക്വിന്റണ്‍ ഡി കോക്കിന്റെയും (111) സെഞ്ചുറികളാണ് ദക്ഷിണാഫ്രിക്കയെ 400 കടക്കാന്‍ സഹായിച്ചത്.

എട്ടിന് 385 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്ക 46 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തു. കേശവ് മഹാരാജ് (9), കാഗിസോ റബാദ (15) എന്നിവരുടെ വിക്കറ്റുകളാണ് നാലാം ദിനം ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. സെനൂരന്‍ മുത്തുസാമി 33 റണ്‍സോടെ പുറത്താകാതെ നിന്നു.

ഇന്ത്യയ്ക്കായി രവിചന്ദ്രന്‍ അശ്വിന്‍ ഏഴു വിക്കറ്റ് വീഴ്ത്തി. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ടെസ്റ്റില്‍ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയ അശ്വിന്‍, രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് ആഘോഷമാക്കി.

ടെസ്റ്റില്‍ അശ്വിന്റെ 27-ാം അഞ്ചുവിക്കറ്റ് പ്രകടനമാണിത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ അഞ്ചാം തവണയും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ കൂടുതല്‍ തവണ അഞ്ചുവിക്കറ്റ് നേടിയതും അശ്വിന്‍ തന്നെ.

ടെസ്റ്റില്‍ വേഗത്തില്‍ 200 വിക്കറ്റെടുക്കുന്ന ഇടങ്കയ്യന്‍ ബൗളറെന്ന റെക്കോഡ് രവീന്ദ്ര ജഡേജ സ്വന്തമാക്കി. 44-ാം ടെസ്റ്റിലാണ് നേട്ടം.

47 ടെസ്റ്റില്‍ ഈ നേട്ടം കൈവരിച്ച രംഗനെ ഹെറാത്തിനെയാണ് ജഡേജ മറികടന്നത്. ടെസ്റ്റില്‍ ഇന്ത്യയ്ക്കായി വേഗത്തില്‍ 200 വിക്കറ്റെടുക്കുന്ന രണ്ടാമത്തെ താരമെന്ന റെക്കോഡും ജഡേജ സ്വന്തമാക്കി. 36 ടെസ്റ്റില്‍ ഈ നേട്ടം കൈവരിച്ച രവിചന്ദ്രന്‍ അശ്വിനാണ് പട്ടികയില്‍ മുന്നില്‍.

നേരത്തെ വിശാഖപട്ടണത്ത് 12-ാം ടെസ്റ്റ് സെഞ്ചുറി നേടിയ ഡീന്‍ എല്‍ഗര്‍, 287 പന്തുകള്‍ നേരിട്ട് 18 ഫോറുകളും നാലു സിക്‌സറുകളും സഹിതമാണ് 160 റണ്‍സെടുത്തത്.

ഡിക്കോക്ക് 163 പന്തുകള്‍ നേരിട്ട് 16 ഫോറും രണ്ടു സിക്‌സും സഹിതം 111 റണ്‍സെടുത്തു. ഇരുവരും ആറാം വിക്കറ്റില്‍ 164 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

63 റണ്‍സിനിടെ നാലു വിക്കറ്റ് നഷ്ടമായ ദക്ഷിണാഫ്രിക്കയെ ഡീന്‍ എല്‍ഗര്‍ – ഫാഫ് ഡുപ്ലെസി കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

അഞ്ചാം വിക്കറ്റില്‍ ഇരുവരും 115 റണ്‍സ് ദക്ഷിണാഫ്രിക്കന്‍ സ്‌കോറിലേക്ക് ചേര്‍ത്തു. അര്‍ധ സെഞ്ചുറി നേടിയ ഡുപ്ലെസിയെ (55) അശ്വിന്‍ മടക്കിയതോടെ ഈ കൂട്ടുകെട്ട് പിരിഞ്ഞു. പിന്നീടാണ് ഡി കോക്ക് കൂട്ടുചേര്‍ന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News