കൊല്ലത്ത് വഴിയാത്രക്കാരെ തോക്കിന്‍മുനയില്‍ നിറുത്തി മാല പൊട്ടിച്ച കേസില്‍ അറസ്റ്റിലായ പ്രതിയെ കൊട്ടാരക്കര ഡിവൈ.എസ്.പി ഓഫീസിലെത്തിച്ചു

കൊല്ലത്ത് വഴിയാത്രക്കാരായ സ്ത്രീകളെ തോക്കിന്‍മുനയില്‍ നിറുത്തി മാല പൊട്ടിച്ചെടുത്ത കേസില്‍ അറസ്റ്റിലായ ദില്ലി സ്വദേശി സത്യദേവിനെ കൊട്ടാരക്കര ഡിവൈ.എസ്.പി ഓഫീസിലെത്തിച്ചു. ഇന്നലെ രാത്രി 11ന് ദില്ലിയില്‍ നിന്ന് വിമാനമാര്‍ഗം നെടുമ്പാശേരിയില്‍ എത്തിച്ച സത്യദേവിനെ അവിടെ നിന്ന് കനത്ത സുരക്ഷയില്‍ പുലര്‍ച്ചെ മൂന്നിനാണ് കൊട്ടാരക്കരയില്‍ കൊണ്ടുവന്നത്.

യു.പി ഡല്‍ഹി അതിര്‍ത്തി ഗ്രാമത്തില്‍ നിന്ന് എഴുകോണ്‍ എസ്.ഐ ബാബു കുറുപ്പിന്റെ നേതൃത്വത്തിലുള്ള നാലംഗ പൊലീസ് സംഘമാണ് സത്യദേവിനെ പിടികൂടിയത്. വിവിധ സംസ്ഥാനങ്ങളില്‍ കൊലപാതകം, കവര്‍ച്ച ഉള്‍പ്പെടെ 75 ലേറെ കേസുകളിലെ പ്രതിയാണ് സത്യദേവ്.ദില്ലി പഞ്ചാബ് യുപി സംസ്ഥാനങളില്‍ സത്യദേവിനെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് പൊലീസ് ഉദ്യോഗസ്ഥരാണ് സത്യദേവുമായി വിമാനത്തില്‍ തിരികെ എത്തിയത്. കൊല്ലം റൂറല്‍, സിറ്റി പൊലീസ് ജില്ലകളില്‍ നിന്നുള്ള പൊലീസ് സംഘം ദില്ലിയില്‍ തുടരുകയാണ്.

മോഷണത്തില്‍ പങ്കാളികളായെന്ന് കരുതുന്ന മൂന്ന് പേര്‍ കൂടി ദില്ലിയില്‍ നിരീക്ഷണത്തിലാണ്. അവരുടെ പങ്കാളിത്തം ഉറപ്പാക്കിയാല്‍ അറസ്റ്റ് ചെയ്യും. കുണ്ടറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രണ്ട് മാല മോഷണ കേസുകളിലാണ് ഇപ്പോള്‍ സത്യദേവിനെ കസ്റ്റഡിയിലെടുത്തത്. മോഷണ സമയത്ത് ഉപയോഗിച്ചിരുന്ന തോക്ക് സത്യദേവില്‍ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ശനിയാഴ്ച രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ കുണ്ടറ ആറുമുറിക്കട – നെടുമണ്‍കാവ് റോഡിലെ തളവൂര്‍കോണം, മുളവന കട്ടകശേരി, കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷന് സമീപം, ബീച്ച് റോഡിലെ സൂപ്പര്‍ മാര്‍ക്കറ്റിന് മുന്‍പില്‍, കര്‍ബല, പട്ടത്താനം എന്നിങ്ങനെ ആറിടങ്ങളിലാണ് മോഷണം നടത്തിയത്.ഛത്തീസ്ഗഢ് രജിസ്‌ട്രേഷനുള്ള കാറില്‍ കൊല്ലത്ത് എത്തിയ നാലംഗ സംഘം കുണ്ടറ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ബൈക്ക് മോഷ്ടിച്ചാണ് കവര്‍ച്ച തുടങ്ങിയത്.

രണ്ട് പേര്‍ ബൈക്കില്‍ ചുറ്റി നടന്ന് മാല പൊട്ടിച്ചപ്പോള്‍ മറ്റ് രണ്ട് പേര്‍ കാറില്‍ പിന്നാലെയുണ്ടായിരുന്നു. മാല പൊട്ടിച്ചവരെ പൊലീസ് പിന്തുടര്‍ന്നപ്പോള്‍ കൊല്ലം കടപ്പാക്കടയില്‍ ബൈക്ക് ഉപേക്ഷിച്ചു. ഇവര്‍ പിന്നാലെ എത്തിയ വാഹനത്തില്‍ കയറി ആര്യങ്കാവ് ചെക്ക് പോസ്റ്റ് വഴിയാണ് രക്ഷപ്പെട്ടത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here