പ്രധാനമന്ത്രിക്ക് കത്തയച്ചവര്‍ക്കെതിരെ കേസെടുത്ത നടപടി  ഉടന്‍ റദ്ദാക്കണം – സിപിഐ എം

ആള്‍ക്കൂട്ട അതിക്രമങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച 49 പ്രമുഖ വ്യക്തികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തതിനെ സിപിഐ എം പൊളിറ്റ്ബ്യൂറോ അപലപിച്ചു. അവരവരുടെ മേഖലകളില്‍ മഹത്തായ സംഭാവനകള്‍ നല്‍കിയ പ്രതിഭകള്‍ ആള്‍ക്കൂട്ട അതിക്രമങ്ങള്‍ക്ക് വഴിയൊരുക്കുന്ന വിദ്വേഷപ്രചാരണങ്ങളെ എതിര്‍ത്താണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്.

സുപ്രധാനവിഷയങ്ങളില്‍ അഭിപ്രായങ്ങള്‍ വ്യക്തമാക്കി പ്രധാനമന്ത്രിക്ക് കത്തയക്കുന്നത് കുറ്റമോ രാജ്യദോഹമോ അല്ല്‌ല. ജനാധിപത്യഅവകാശങ്ങള്‍ പൂര്‍ണമായും നിഷേധിച്ചാണ് കത്തെഴുതിയവര്‍ക്കെതിരെ കേസെടുത്തത്. സര്‍ക്കാരിന്റെ നയങ്ങളില്‍ ഭിന്നാഭിപ്രായമുള്ള എല്ലാവരെയും ശിക്ഷിക്കുന്നതിന് തുല്യമാണ് ഈ നടപടി. രാജ്യത്ത് വര്‍ധിച്ചുവരുന്ന ഏകാധിപത്യപ്രവണതയുടെ പ്രകടമായ പ്രതിഫലനമാണിത്.

രാജ്യത്തിനെതിരെ കലാപത്തിന് ആഹ്വാനംചെയ്യല്‍ പോലെയുള്ള കുറ്റങ്ങള്‍ക്ക് മാത്രമേ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ പാടുള്ളൂവെന്ന് സുപ്രീംകോടതി 1962ല്‍ ഉത്തരവിട്ടിട്ടുണ്ട്. ഇത് നിലനില്‍ക്കെ മുസഫര്‍പുരിലെ കോടതി കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ട നടപടി വിചിത്രമാണ്. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന നടപടിയെ ശക്തമായി എതിര്‍ക്കുന്ന പാര്‍ടിയാണ് സിപിഐ എം. ബ്രിട്ടീഷുകാരുടെ പരമാധികാരത്തെ സംരക്ഷിക്കാനുള്ള ആയുധമായിട്ടാണ് രാജ്യദ്രോഹക്കുറ്റം ഉപയോഗിച്ചിരുന്നത്.

ഗാന്ധിജി ഉള്‍പ്പെടെയുള്ള സ്വാതന്ത്ര്യസമരനേതാക്കളെ നിശ്ശബ്ദരാക്കാനും തടവിലിടാനും രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. രാജ്യം ഗാന്ധിജിയുടെ 150-ാം ജന്മവാര്‍ഷികം ആചരിക്കുന്ന അവസരത്തില്‍ നിയമപുസ്തകത്തില്‍നിന്ന് രാജ്യദ്രോഹക്കുറ്റത്തിന്റെ വകുപ്പ് ഒഴിവാക്കുന്നതാണ് ഉചിതം. കലാകാരന്മാര്‍ക്കും ബുദ്ധിജീവികള്‍ക്കുമെതിരെ ചുമത്തിയ കുറ്റങ്ങള്‍ ഉടന്‍ റദ്ദാക്കണമെന്നും സിപിഐ എം ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News