
1917 മുതല്‍ 1930 വരെ ഗാന്ധി സബര്‍മതി ആശ്രമത്തിലാണ് കഴിഞ്ഞത്. ഗാന്ധിജിയെ സ്വന്തമാക്കാനുള്ള സംഘപരിവാറിന്റെ വിവാദനീക്കങ്ങള്‍ക്കൊപ്പം അരങ്ങേറുന്ന ഈ നടപടി പരക്കെ ആശങ്കയുയര്‍ത്തിയിട്ടുണ്ട്. നടപടി ചെറുക്കാന്‍ സബര്‍മതി ആശ്രമ സംരക്ഷണ സമിതി നിലവില്‍ വന്നു കഴിഞ്ഞു.
ആശ്രമത്തിന്റെ പേരിലുള്ള ഭൂമിയും ആസ്തികളും ട്രസ്റ്റുകളും സ്ഥാപനങ്ങളും ഏറ്റെടുക്കാനാണ് നീക്കം. ആശ്രമത്തിന് 32 ഏക്കര്‍ ഭൂമിയുണ്ട്. ആസ്തികള്‍ ഗുജറാത്ത് സര്‍ക്കാരിനോ അഹമ്മദാബാദ് കോര്‍പറേഷനോ വിട്ടുകൊടുക്കണമെന്നാണ് നിര്‍ദേശം. സബര്‍മതി അന്താരാഷ്ട്രനിലവാരമുള്ള സ്മാരകമാക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
ആശ്രമത്തില്‍ 200ഓളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഇവരുടെ മുന്മുറക്കാര്‍ ഗാന്ധിജിയുടെ കാലത്ത് സബര്‍മതിയില്‍ എത്തിയവരാണ്. ആശ്രമം ഏറ്റെടുക്കുമ്പോള്‍ ഇവരെ ഒഴിപ്പിക്കും. നഷ്ടപരിഹാരവും താമസസൗകര്യവും കൊടുക്കാമെന്നാണ് വാഗ്ദാനം.
പണ്ട് തരിശായി കിടക്കുകയായിരുന്നു ഈ പ്രദേശം.ഗാന്ധിജിയുടെയും അനുയായികളുടെയും കഠിനാധ്വാനത്തിന്റെ ഫലമാണ് ഇത് ആശ്രമമായി മാറിയത്. അതിനാല്‍ത്തന്നെ ഒഴിഞ്ഞുപോകില്ലെന്നാണ് അന്തേവാസികള്‍ പറയുന്നത്.
സര്‍ക്കാര്‍ ഏറ്റെടുക്കുന്നതോടെ ആശ്രമത്തിലെ സംഘടനകളുടെ ജീവകാരുണ്യ, സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ നിലയ്ക്കുമെന്ന ഭീതിയുമുണ്ട്. ഖാദി ഗ്രാമോദ്യോഗ് മണ്ഡല്‍, ഖാദി ഗ്രാമോദ്യോഗ് പ്രയോഗ് സമിതി, ഹരിജന്‍ സേവക് സംഘ് സംഘടനകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.ഖാദിവസ്ത്രങ്ങള്‍, സോപ്പ്, എണ്ണ, വിവിധ രീതിയിലുള്ള ചര്‍ക്കകള്‍ എന്നിവ നിര്‍മിച്ച് വില്‍ക്കുകയാണ് ഗ്രാമോദ്യോഗ് മണ്ഡല്‍ ചെയ്യുന്നത്. നൂല്‍നൂല്‍പ്പ്, നെയ്ത്ത് രീതികളുടെ ഗവേഷണത്തിലാണ് ഗ്രാമോദ്യോഗ് പ്രയോഗ് സമിതി. തൊട്ടുകൂടായ്മ ഇല്ലാതാക്കാനാണ് ഹരിജന്‍ സേവക്സംഘത്തിന്റെ പ്രവര്‍ത്തനം.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് 200 കോടി ചെലവിട്ട് ഗാന്ധി സ്മരണയ്ക്ക് ഒരു കണ്‍വന്‍ഷന്‍ സെന്റര്‍ നിര്‍മിച്ചിരുന്നു. ‘മഹാത്മാമന്ദിര്‍’ എന്ന ആ സ്ഥാപനം പ്രമുഖ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പിന്റെ മേല്‍നോട്ടത്തിലാണ്. ആശ്രമത്തിനും ഈ ഗതി വരുമോ എന്നാണ് ആശങ്ക. സ്വകാര്യഗ്രൂപ്പുകളുടെ കൈയിലായാല്‍ ആശ്രമത്തിന്റെ പ്രസക്തി നഷ്ടമാകുമെന്ന് ആശ്രമ സംരക്ഷണസമിതിയും പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here