കൂടത്തായി കൂട്ടക്കൊല: ഷാജുവിനെ ചോദ്യംചെയ്യുന്നത് തുടരുന്നു; ജോളിയെ സഹായിച്ചതില്‍ ഡിസിസി ഭാരവാഹിയും, ലീഗ് നേതാവിനും അടുത്തബന്ധം

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ അറസ്റ്റിലായ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് വിളിപ്പിച്ചു. ജോളി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് നടപടി.

സിലിയും മകള്‍ രണ്ട് വയസുകാരി ആല്‍ഫിനും കൊല്ലപ്പെട്ടതാണെന്ന് ഷാജുവിന് അറിയാമായിരുന്നുവെന്നാണ് ജോളി നല്‍കിയ മൊഴി. രണ്ടു പേരെയും കൊലപ്പെടുത്തിയ കാര്യം താന്‍ തന്നെയാണ് ഷാജുവിനെ അറിയിച്ചത്. സിലി മരിക്കേണ്ടവള്‍ തന്നെയെന്നായിരുന്നുവെന്നാണ് ഈ വിവരം അറിഞ്ഞപ്പോള്‍ ഷാജുവിന്റെ പ്രതികരണം. ഇതൊന്നും ആരേയും അറിയിക്കേണ്ടെന്നും ഷാജു പറഞ്ഞതായും ചോദ്യം ചെയ്യലില്‍ ജോളി വ്യക്തമാക്കിയിരുന്നു.

അതേസമയം, കൂടത്തായി കൊലപാതക പരമ്പരയില്‍ കൂടുതല്‍ അറസ്റ്റുണ്ടാകും. മുഖ്യപ്രതി ജോളി ജോസഫിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബന്ധുക്കളിലേക്കും സുഹൃത്തുക്കളിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. അതിനിടെ ജോളിയെ സ്വത്ത് തട്ടിയെടുക്കാന്‍ സഹായിച്ചത് പ്രദേശത്തെ കോണ്‍ഗ്രസ്, മുസ്ലിംലീഗ് നേതാക്കളെന്ന് സൂചന കിട്ടിയിട്ടുണ്ട്. ഒരു ഡിസിസി ഭാരവാഹി വ്യാജരേഖ ചമയ്ക്കാന്‍ ജോളിക്ക് ഒത്താശ ചെയ്തതായാണ് പൊലീസ് സംശയിക്കുന്നത്. ഒസ്യത്ത് തയ്യാറാക്കുന്നതിലുള്‍പ്പെടെ ഇയാളുടെ സഹായം ലഭിച്ചതായാണ് വിവരം. ജോളിയുമായി ഇദ്ദേഹത്തിന് സാമ്പത്തിക ഇടപാടുള്ളതായും സംശയിക്കുന്നു.

ലീഗ് നേതാവിനും ഇവരുമായി അടുത്തബന്ധമുള്ളതായാണ് വിവരം. അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ ഇവരുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇതിലൊരാള്‍ ജോളിയ്ക്ക് നല്‍കിയ ഒരു ലക്ഷം രൂപയുടെ ചെക്ക് പൊലീസ് കണ്ടെടുത്തു. എന്തിനാണ് ഈ പണം നല്‍കിയതെന്നറിയാന്‍ ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. സ്വത്ത് തട്ടിയെടുക്കാനുള്ള ഗൂഢാലോചന ആസൂത്രണം ചെയ്തത് ഈ സംഘമാണെന്ന നിഗമനത്തിലാണ് പൊലീസ്. ജോളി ഇവരുടെ സഹായത്തോടെ ഉണ്ടാക്കിയ വ്യാജവില്‍പ്പത്രമാണ് തെളിവായി പൊലീസ് മുമ്പോട്ട് വയ്ക്കുന്നത്. വില്‍പ്പത്രത്തില്‍ ഒപ്പിട്ട സാക്ഷികളിലേക്കും അന്വേഷണം നീണ്ടു.

രണ്ട് ക്രിമിനല്‍ അഭിഭാഷകരും സംശയനിഴലിലാണ്. ഇവരുള്‍പ്പെടെ ഇതുവരെ ചോദ്യംചെയ്യാത്ത 11 പേരിലേക്കും അന്വേഷണം നീളും. ജോളിയുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ച് ചോദ്യം ചെയ്യാനുള്ളവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News