കോണ്‍ഗ്രസ് നേതാവിന്റെ മരണത്തിലും ജോളിക്ക് പങ്ക്; സുലേഖയ്ക്ക് വേണ്ടി അന്വേഷണം; കേസില്‍ വന്‍ വെളിപ്പെടുത്തലുകള്‍

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊല കേസിലെ മുഖ്യപ്രതിയായ ജോളിക്ക് കുന്ദമംഗലത്തെ പ്രാദേശിക കോണ്‍ഗ്രസ് നേതാവിന്റെ മരണത്തിലും പങ്കെന്ന് സൂചന.

കോണ്‍ഗ്രസ് നേതാവായ മണ്ണിലേതില്‍ രാമകൃഷ്ണന്റെ മരണത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത്. രാമകൃഷ്ണന്റെ വീട്ടിലെത്തി അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിച്ചു.

പണമിടപാട് സംബന്ധിച്ച് ജോളിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന ആളാണ് രാമകൃഷ്ണന്‍. 2016 മേയ് 17നാണ് രാമകൃഷ്ണന്‍ മരിക്കുന്നത്. സംഭവദിവസം രാത്രി വരെ പുറത്തായിരുന്ന രാമകൃഷ്ണന്‍ രാത്രി വീട്ടിലെത്തി ഉറങ്ങാന്‍ കിടന്നതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുടിക്കാന്‍ വെള്ളം ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് വായില്‍ നിന്ന് വെള്ളം പുറത്ത് വന്ന് മരിക്കുകയായിരുന്നു.

അതേസമയം, രാമകൃഷ്ണന്റെ മരണത്തില്‍ കുടുംബത്തിന് പരാതികളില്ല. ഹൃദയാഘാതം മൂലമാണ് രാമകൃഷ്ണന്‍ മരണപ്പെട്ടതെന്നാണ് കുടുംബത്തിന്റെ വിശ്വസം.

എന്നാല്‍ കൂടത്തായി കൂട്ടക്കൊല അന്വേഷണത്തിനിടയില്‍ മുഖ്യപ്രതി ജോളിയേയും രാമകൃഷ്ണനുമായി ബന്ധിപ്പിക്കുന്ന ചില വിവരങ്ങള്‍ അന്വേഷണത്തിന് സംഘത്തിന് ലഭിക്കുകയും തുടര്‍ന്ന് ക്രൈംബ്രാഞ്ച് രാമകൃഷ്ണന്റെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു.

കുന്ദമംഗലം മേഖലയില്‍ വലിയ ഭൂസ്വത്തുള്ള രാമകൃഷ്ണന് കടമുറികളടക്കം നിരവധി വസ്തുകള്‍ സ്വന്തമായിട്ടുണ്ടായിരുന്നു. ഇക്കാലയളവില്‍ ഒരിടത്തെ വസ്തു വിറ്റ വകയില്‍ കിട്ടിയ 55 ലക്ഷം രൂപ ആരോ തട്ടിയെടുത്തിട്ടുണ്ടെന്നും രാമകൃഷ്ണന്റെ മകന്‍ പറഞ്ഞു.

ഇതിനിടെ, കുന്ദമംഗലം എന്‍ഐടിക്ക് സമീപത്ത് ബ്യൂട്ടിപാര്‍ലര്‍ നടത്തിയിരുന്ന സുലേഖ എന്ന യുവതിക്ക് വേണ്ടിയും ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ട്.

എന്‍ഐടിയിലേക്ക് ആണെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങുന്ന ജോളി, ഈ ബ്യൂട്ടിപാര്‍ലറിലായിരുന്നു തങ്ങിയിരുന്നത്. സുലേഖ ഇപ്പോള്‍ മഞ്ചേരിയിലോ സമീപപ്രദേശങ്ങളിലോ ആണെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. സുലേഖയുമായി രാമകൃഷ്ണന് അടുത്ത സൗഹൃദമുണ്ടായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുകളുടെയും മൊഴി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News