കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ 17 ഉത്തരക്കടലാസുകൾ കാണാതായ സംഭവത്തിൽ ആഭ്യന്തര അന്വേഷണ സമിതി റിപ്പോർട്ട് സമർപ്പിച്ചു. സമിതിയുടെ അന്വേഷണത്തിൽ ഒന്നും കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ ഉന്നത അന്വേഷണം വേണമെന്ന് പരീക്ഷാ കൺട്രോളർ ശുപാർശ ചെയ്തു. നിലവിൽ തേഞ്ഞിപ്പാലം പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

ഈ മാസം ആദ്യമാണ് 17 ഉത്തരക്കടലാസുകൾ കാണാതായത്. വിഷയം സമഗ്രമായി അന്വേഷിക്കുന്നതിന് വേണ്ടി ട ജോയിൻറ് പരീക്ഷാ കൺട്രോളർ, ജോയിൻറ് രജിസ്ട്രാർ എന്നിവരുൾപ്പെട്ട രണ്ടംഗ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ ഇവരുടെ അന്വേഷണത്തിൽ ഒന്നും കണ്ടെത്താനായില്ല. വിഷയം ഉന്നത ഏജൻസി അന്വേഷിക്കണം എന്ന് കാണിച്ച് സമിതി വൈസ് ചാൻസലർക്ക് റിപ്പോർട്ട് നൽകി. എന്നാൽ ആദ്യം ലോക്കൽ പോലീസ് സംഭവം അന്വേഷിക്കട്ടെ എന്നും ആവശ്യമാണെങ്കിൽ മറ്റുമാർഗങ്ങൾ സ്വീകരിക്കാമെന്നുമാണ് വൈസ് ചാൻസലർ അറിയിച്ചിരിക്കുന്നത്.

നിലവിൽ തേഞ്ഞിപ്പലം പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സർവകലാശാലയിൽ നിന്ന് ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്. അതേസമയം രണ്ടംഗ സമിതിയുടെ അന്വേഷണ റിപ്പോർട്ട് സിൻഡിക്കേറ്റ് യോഗത്തിൽ ചർച്ചചെയ്യുമെന്ന് വിസി പറഞ്ഞു. യോഗതീരുമാന ശേഷം മറ്റു നടപടികളിലേക്ക് കിടക്കുമെന്നും വിസി വ്യക്തമാക്കി.