`കെഞ്ചിര’യുടെ ഇതിവൃത്തം നേരിട്ടു കണ്ടതും അനുഭവിച്ചതും; ഇന്ത്യന്‍ പനോരമയില്‍ ഇടം നേടിയ ചിത്രത്തെക്കുറിച്ച് സംവിധായകന്‍ മനോജ് കാന

ഇന്ത്യന്‍ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട `കെഞ്ചിര’ താന്‍ നേരിട്ടു കണ്ടതും അനുഭവിച്ചതുമായ പ്രമേയമെന്ന് സംവിധായകന്‍ മനോജ് കാന.

”2012ല്‍ കേരള സംഗീത നാടക അക്കാദമിയുടെ അവാര്‍ഡ് നേടിയ നാടകം ‘ഉറാട്ടി’ സംവിധാനം ചെയ്യുന്ന കാലത്താണ് ആദിവാസി ജീവിതത്തെ വളരെ അടുത്തറിയുന്നത്. ആ നാടകത്തില്‍ അഭിനയിച്ചവരെല്ലാം അഭിനയം മുന്‍ പരിചയമില്ലാത്ത ആദിവാസികളായിരുന്നു. ആദിവാസികള്‍, പ്രത്യേകിച്ചും പെണ്‍കുട്ടികളും സ്ത്രീകളും അനുഭവിക്കുന്ന കൊടിയ ചൂഷണത്തെക്കുറിച്ച് മനസ്സിലാക്കിയത് അപ്പോ‍ഴാണ്. അക്കാലത്ത് നടന്ന ഒരു സംഭവമാണ് സിനിമയ്ക്ക് പ്രേരണയായത്” മനോജ് കാന കൈരളി ന്യൂസിനോട് പറഞ്ഞു.

മനോജിന്‍റെ ഉറാട്ടി നാടകത്തിലേതു പോലെ കെഞ്ചിരയിലും പ്രധാന അഭിനേതാക്കളെല്ലാം ആദിവാസികളാണ്. ജോയ് മാത്യുവും ഏതാനും ചിലരും മാത്രമാണ് ആദിവാസികളെ കൂടാതെ സിനിമയില്‍ അഭിനയിക്കുന്നത്. തങ്ങളുടെ ജീവിതസാഹചര്യത്തിന്‍റെ അനുഭവത്തിന്‍റെ പശ്ചാത്തലത്തില്‍ നിന്നു വരുന്ന സിനിമയില്‍ അഭിനേതാക്കള്‍ സംസാരിക്കുന്നതും അവരുടെ ഭാഷയാണ്. ആദിവാസി പണിയ ഭാഷയിലാണ് ആദിമധ്യാന്തം സിനിമ.

വയനാട്ടിലെ കുറുവാ ദ്വീപിനടുത്ത് സന്നദ്ധപ്രവര്‍ത്തനത്തിലൂടെ ഉണ്ടാക്കിയ പ്രത്യേക ആദിവാസി കോളനിയിലായിരുന്നു സിനിമയുടെ ചിത്രീകരണം. സെറ്റുണ്ടാക്കാനുള്ള സാമ്പത്തിക പ്രതിസന്ധി വന്നപ്പോള്‍ അഭിനേതാക്കള്‍ ഉള്‍പ്പെടെ പണിയെടുത്താണ് കുടിലുകളും കോളനിയും പണിതതെന്നും മനോജ് പറഞ്ഞു.

ഇന്ത്യന്‍ പനോരമ ചിത്രങ്ങളുടെ പട്ടികയില്‍ ഏറ്റവും ആദ്യം സ്ഥാനം പിടിച്ച ചിത്രമാണ് കെഞ്ചിര. മലായള സംവിധായകരുടെ അഞ്ച് ചിത്രങ്ങള്‍ ഉള്‍പ്പെടെ 26 ഫീച്ചര്‍ ചിത്രങ്ങളും പതിനഞ്ച് നോണ്‍ ഫീച്ചര്‍ ചിത്രങ്ങളുമാണ് ഇന്ത്യന്‍ പനോരമയിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. ദേശിയ അവാര്‍ഡുകള്‍ക്ക് തുല്യമായ അംഗീകാരമായാണ് ഇന്ത്യന്‍ പനോരമ.

മനോജ് നേരത്തെ സംവിധാനം ചെയ്ത ചിത്രങ്ങളായ ചായില്യവും അമീബയും നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ ഇടം നേടിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്‍റെ ചലിച്ചിത്ര പുരസ്കാരവും കരസ്ഥമാക്കിയിരുന്നു.പ്രതാപ് നായർ ആണ് കെഞ്ചിരയുടെ ഛായാഗ്രഹണം നിർവഹിച്ചത്. മനോജ് കണ്ണോത്താണ് എഡിറ്റിംഗ്. കലാസംവിധായകൻ രാജേഷ് കൽപ്പത്തൂരിനൊപ്പം ആദിവാസി കലാകാരൻ ചന്ദ്രനും മുഖ്യ സഹായിയാകുന്നു. നവംബര്‍ 20 മുതല്‍ 28വരെ ഗോവയില്‍ നടക്കുന്ന ഇന്ത്യയുടെ സുവര്‍ണ്ണ ജൂബിലി ചലച്ചിത്ര മേളയിലാണ് ഇന്ത്യന്‍ പനോരമ ചിത്രങ്ങളുെട പ്രദര്‍ശനവും അരങ്ങേറുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News