യെമനിലെ ചെങ്കടല്‍ തുറമുഖ പട്ടണമായ ഏദന്റെ നിയന്ത്രണത്തെ ചൊല്ലി സര്‍ക്കാരും തെക്കന്‍ ട്രാന്‍സിഷണല്‍ കൗണ്‍സിലും (എസ്‌ടിസി) തമ്മിലുള്ള തര്‍ക്കത്തിന് പരിഹാരമാകുന്നു. അടുത്ത ദിവസങ്ങളില്‍ ജിദ്ദയില്‍ കരാര്‍ ഒപ്പിടുമെന്ന് എസ്‌ടിസിയുടെ സെക്യൂരിറ്റി ബെല്‍റ്റ് സേന തിങ്കളാഴ്ച ട്വീറ്റ് ചെയ്തു.

തര്‍ക്ക പരിഹാരത്തിനായി കൗണ്‍സിലും അബ്ദുറബ് ഹാദി സര്‍ക്കാരുമായി മാസങ്ങളായി സൗദി ചര്‍ച്ച നടത്തിവരികയായിരുന്നു. ഇരുപക്ഷത്തിനും സ്വീകാര്യമായ ധാരണയോട് ചര്‍ച്ച അടുക്കുന്നതായാണ് റിപ്പോര്‍ട്ട്. ചര്‍ച്ച വിജയിച്ചാല്‍ സൗദി സൈന്യം ഏദന്‍ പട്ടണത്തിന്റെ താല്‍ക്കാലിക നിയന്ത്രണം ഏറ്റെടുക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

എസ്‌ടിസിയെ ഹാദി സര്‍ക്കാരില്‍ ഉള്‍പ്പെടുത്താനുള്ള നിര്‍ദേശം സൗദി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. പട്ടണത്തില്‍ നിഷ്പക്ഷമായ സുരക്ഷാ സേന രൂപീകരിക്കുന്നതിനു സൗദി സൈന്യം നേതൃത്വം നല്‍കും. ഏദന്‍ മേഖലയില്‍ സംഘര്‍ഷം ഇല്ലാതാക്കുകയും സേനകളെ പുനര്‍ വിന്യസിക്കലുമാണ് ചര്‍ച്ച ലക്ഷ്യമിടുന്നത്.

2016 മാര്‍ച്ചില്‍ ഹൂതികള്‍ അട്ടിമറിച്ച ഹാദി സര്‍ക്കാരിനെ പുനസ്ഥാപിക്കാനായി ഇടപെട്ട സൗദി നേതൃത്വത്തിലുള്ള സഖ്യത്തില്‍ എസ്‌ടിസിയും അംഗമായിരുന്നു. എന്നാല്‍, കഴിഞ്ഞ ആഗസ്തില്‍ എസ്ടിസി ഹാദി സര്‍ക്കാരിനെതിരാകുകയും ഏദന്‍ നിയന്ത്രണത്തിലാക്കുകയും ചെയ്തു. സര്‍ക്കാര്‍ സൈന്യവും കൗണ്‍സിലുമായുണ്ടായ ഏറ്റുമുട്ടല്‍ യെമനില്‍ പുതിയ യുദ്ധ മുഖം തുറന്നു. യുഎന്‍ നേതൃത്വത്തിലുള്ള സമാധാന ശ്രമങ്ങള്‍ ഇത് സങ്കീര്‍ണമാക്കി.