ആ അന്ത്യചുംബനം: പിന്നില്‍ ജോളിയുടെ കരുനീക്കങ്ങള്‍

കോഴിക്കോട്: കൂടത്തായി കൊലപാതകങ്ങളില്‍ മുഖ്യപ്രതി ജോളിക്കെതിരെ വീണ്ടും രണ്ടാം ഭര്‍ത്താവ് ഷാജു.

ഷാജുവിന്റെ വാക്കുകള്‍:

ഭാര്യ സിലി മരിച്ച് ആറു മാസം കഴിഞ്ഞപ്പോള്‍ മുതല്‍ ജോളിയും താനുമായുള്ള വിവാഹത്തിനായി ശ്രമം തുടങ്ങി. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞേ സാധിക്കൂ എന്നു താന്‍ പറഞ്ഞു. തന്നെ വിവാഹം കഴിക്കാന്‍ ജോളി നേരത്തെ തന്നെ പദ്ധതിയിട്ടിരുന്നു.

അതിന്റെ തെളിവാണ് സിലിയുടെ മരണവേളയിലെ അന്ത്യചുംബനഫോട്ടോ. സിലിയുടെ മൃതദേഹത്തിന് ഒരുമിച്ച് അന്ത്യചുംബനം നല്‍കിയത് ജോളിയുടെ ആസൂത്രണമായിരുന്നു. അന്ത്യചുംബനഫോട്ടോ വിവാഹത്തിലേക്കുള്ള തറക്കല്ലിടലായിരുന്നെന്നും ഷാജു പറഞ്ഞു.

ജോളിയെ വിവാഹം ചെയ്യാന്‍ ആദ്യ ഭാര്യ സിലിയുടെ സഹോദരന്‍ പ്രേരിപ്പിച്ചിരുന്നെന്നും ഷാജു വെളിപ്പെടുത്തി. കേസില്‍ ജോളി നിരപരാധിയാണെന്ന് വിശ്വസിക്കുന്നില്ലെന്നും ഒരുവിധ നിയമസഹായവും ജോളിക്ക് നല്‍കില്ലെന്നും ഷാജു പറഞ്ഞു.

ജോളിയുടെ ഉന്നത ബന്ധങ്ങളെ കുറിച്ചും സാമ്പത്തിക ഇടപാടുകളെ കുറിച്ചും തനിക്ക് അറിയില്ലെന്നും ഷാജു പ്രതികരിച്ചു.

അതേസമയം, കൊലപാതക പരമ്പരയില്‍ സംശയമുള്ളവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഷാജുവിന്റെ മൊഴി അന്വേഷണ സംഘം വിശദമായി പരിശോധിക്കുകയാണ്. കണ്ണൂര്‍ റേഞ്ച് ഡിഐജി കെ സേതുരാമന്‍ കെ സേതുരാമന്‍ വടകരയില്‍ എത്തി അന്വേഷണ പുരോഗതി വിലയിരുത്തി.

ജോളിയെ വിവിധ ഘട്ടത്തില്‍ സഹായിച്ചവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഷാജുവിനെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചെങ്കിലും ഇയാള്‍ നിരീക്ഷണത്തിലാണ്. ശക്തമായ തെളിവുകള്‍ ലഭിക്കുന്ന മുറയ്ക്ക് ഷാജുവിന്റെ കാര്യത്തില്‍ തീരുമാനം ഉണ്ടാകും.

ജോളിയെ കസ്റ്റഡിയില്‍ ലഭിച്ച ശേഷം നടക്കുന്ന ചോദ്യം ചെയ്യല്‍ നിര്‍ണ്ണായകമാണ്. ഷാജുവിനെ ഈ സമയത്ത് വിളിച്ചു വരുത്താനും സാധ്യത ഉണ്ട്. ഷാജുവിനെ മാപ്പ് സാക്ഷിയാക്കണോ എന്ന കാര്യം അന്വേഷണ സംഘം പരിഗണിക്കുന്നതായും വിവരമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel