തിരുവനന്തപുരം: കൂടത്തായി കൊലപാതകങ്ങളില്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തെ വിപുലീകരിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ.

മൃതദേഹങ്ങളിലെ സയനൈഡ് ഉപയോഗത്തിന്റെ തെളിവ് കണ്ടെത്തുക വെല്ലുവിളിയാണ്. ഇത് കണ്ടെത്തുന്നതിനുള്ള നീക്കങ്ങളാണ് നടത്തുന്നത്. സയനൈഡ് എങ്ങനെ കിട്ടി എന്നത് പ്രധാനമാണെന്നും ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.

അന്വേഷണം ബുദ്ധിമുട്ടേറിയതിനാല്‍ ഓരോ കേസിലും പ്രത്യേകം എഫ്‌ഐആര്‍ ഇടുകയാണ് ഉത്തമം. എല്ലാ വെല്ലുവിളികളും അതിജീവിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആദ്യ അന്വേഷണത്തിലെ പാളിച്ചയെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ല. തെളിവുകള്‍ ശേഖരിക്കുന്നതിനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നതെന്നും ഡിജിപി പറഞ്ഞു.

അതേസമയം, കൊലപാതക പരമ്പരയില്‍ സംശയമുള്ളവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഷാജുവിന്റെ മൊഴി അന്വേഷണ സംഘം വിശദമായി പരിശോധിക്കുകയാണ്. കണ്ണൂര്‍ റേഞ്ച് ഡിഐജി കെ സേതുരാമന്‍ കെ സേതുരാമന്‍ വടകരയില്‍ എത്തി അന്വേഷണ പുരോഗതി വിലയിരുത്തി.

ജോളിയെ വിവിധ ഘട്ടത്തില്‍ സഹായിച്ചവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഷാജുവിനെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചെങ്കിലും ഇയാള്‍ നിരീക്ഷണത്തിലാണ്. ശക്തമായ തെളിവുകള്‍ ലഭിക്കുന്ന മുറയ്ക്ക് ഷാജുവിന്റെ കാര്യത്തില്‍ തീരുമാനം ഉണ്ടാകും.

ജോളിയെ കസ്റ്റഡിയില്‍ ലഭിച്ച ശേഷം നടക്കുന്ന ചോദ്യം ചെയ്യല്‍ നിര്‍ണ്ണായകമാണ്. ഷാജുവിനെ ഈ സമയത്ത് വിളിച്ചു വരുത്താനും സാധ്യത ഉണ്ട്. ഷാജുവിനെ മാപ്പ് സാക്ഷിയാക്കണോ എന്ന കാര്യം അന്വേഷണ സംഘം പരിഗണിക്കുന്നതായും വിവരമുണ്ട്.