എറണാകുളം നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു റോയിയുടെ പ്രചരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

മണ്ഡലത്തില്‍ സംഘടിപ്പിച്ച കുടുംബയോഗങ്ങളിലും എറണാകുളം വളഞ്ഞമ്പലം ദേവീക്ഷേത്രത്തിലെ വിജയദശമി ആഘോഷത്തിലും മന്ത്രി പങ്കെടുത്തു. മണ്ഡലത്തിലെ പകുതിയിലേറെ വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു റോയ് പ്രചരണത്തില്‍ ഏറെ മുന്നിലാണ്.

വിജയദശമി ദിനത്തില്‍ പ്രചരണത്തിന്റെ ഭാഗമായി രാവിലെയാണ് മനുറോയി എറണാകുളം വളഞ്ഞമ്പലത്തെ ദേവീക്ഷേത്രത്തില്‍ എത്തിയത്. ക്ഷേത്രം ഭാരവാഹികള്‍ നേരിട്ടെത്തി തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു. ആഘോഷ പരിപാടികളുടെ ഭാഗമായി ഒരുക്കിയ പ്രഭാത ഭക്ഷണം ക്ഷേത്ര ഭാരവാഹികള്‍ക്കൊപ്പം കഴിച്ച ശേഷമാണ് മനു റോയി മടങ്ങിയത്.

എറണാകുളത്തെ എല്‍ഡിഎഫ് പ്രചരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കാനെത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മണ്ഡലത്തില്‍ ഗൃഹ സന്ദര്‍ശനം നടത്തിയാണ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ട് അഭ്യര്‍ഥിച്ചത്. ഇടത് പക്ഷ സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ മനു റോയിക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

മനു റോയിക്ക് പിന്നാലെ മന്ത്രിയും വിജയദശമി ആഘോഷം നടക്കുന്ന വളഞ്ഞമ്പലം ദേവി ക്ഷേത്രത്തില്‍ എത്തി. കടകം പള്ളിക്ക് പുറമെ മന്ത്രിമാരായ എസി മൊയ്തീന്‍, പ്രൊഫ. സി രവീന്ദ്ര നാഥ്, എല്‍ഡിഎഫ് നേതാക്കളായ എളമരം കരീം, ബിനോയ് വിശ്വം എന്നിവരും മണ്ഡലത്തിലെ എല്‍ഡിഎഫ് പ്രചരണം ശക്തിപ്പെടുത്താന്‍ ഇന്ന് ജില്ലയില്‍ ഉണ്ട്. യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ഇന്ന് മണ്ഡലത്തില്‍ എത്തും.