ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ സ്വകാര്യവത്ക്കരണം: നീക്കത്തില്‍ നിന്നും കേന്ദ്രം പിന്മാറണമെന്ന് കോടിയേരി; മുഴുവന്‍ ബഹുജനങ്ങളും പ്രതിഷേധമുയര്‍ത്തണം

ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ സ്വകാര്യവത്ക്കരിക്കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ഇന്ത്യയില്‍ 8 മഹാരത്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നാണ് ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍. 1955 ആഗസ്റ്റ് 17 ന് മുംബൈയില്‍ 2.2 മില്യണ്‍ മെട്രിക് ടണ്‍ ശേഷിയുള്ള റിഫൈനറിയുടെ പ്രവര്‍ത്തനം തുടങ്ങിയ ബര്‍മ്മാ ഷെല്‍ കമ്പനി, 1976 ലെ ദേശസാത്ക്കരണം വഴിയാണ് ഭാരത് പെട്രോളിയം കോര്‍പ്പറേഷനായി മാറിയത്. പാര്‍ലമെന്റിന്റെ അനുമതിയോടെയാണ് ബര്‍മ്മാ ഷെല്‍ കമ്പനി ദേശസാത്ക്കരിച്ച് ഭാരത് പെട്രോളിയം രൂപീകരിച്ചത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ വിറ്റുവരവ് 3,37,622.53 കോടിയാണ്. ഇന്ത്യന്‍ പെട്രോളിയം വിപണിയുടെ 23.83 ശതമാനവും കൈകാര്യം ചെയ്യുന്നത് ഭാരത് പെട്രോളിയം കോര്‍പ്പറേഷനാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ബി.പി.സി.എല്ലിന്റെ ലാഭം 7132.02 കോടിയാണ്. ദേശീയ വരുമാനത്തിലേക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം നല്‍കിയത് 95,035.24 കോടിയാണ്.

മുംബൈ, കൊച്ചി, അസ്സം എന്നിവിടങ്ങളിലായി മൂന്ന് റിഫൈനറികള്‍ ബി.പി.സി എല്ലിനുണ്ട്. 14,715 പെട്രോള്‍ പമ്പുകളും, 55 എല്‍.പി.ജി ഫില്ലിംഗ് സ്റ്റേഷനുകളും, 5 സബ്സിഡയറി കമ്പനികളും, 22 സംയുക്ത സംരഭങ്ങളും ബി.പി.സി.എല്ലിനുണ്ട്. ഇത്തരത്തില്‍ രാജ്യത്തിന് തന്നെ മാതൃകയായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനത്തെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വകാര്യവത്ക്കരിക്കാന്‍ ശ്രമിയ്ക്കുന്നത്.

ബി.പി.സി.എല്ലിന്റെ ഭാഗമായ കൊച്ചി റിഫൈനറി കേരളത്തിലെ ഏറ്റവും വലിയ കേന്ദ്ര പൊതുമേഖലാ നിക്ഷേപമാണ്. പെട്രോളിയം ഉത്പന്നങ്ങളുടെ വിപണനരംഗത്തും ബി.പി.സി.എല്ലിന്റെ വിവിധ സ്ഥാപനങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൊച്ചി റിഫൈനറിയുടെ സംസ്‌ക്കരണ ശേഷി 9.5 മെട്രിക് ടണ്ണില്‍ നിന്ന് 15.5 എം.എം.ടിയായി വര്‍ദ്ധിപ്പിച്ച 1,65,000 കോടിയുടെ പദ്ധതി പൂര്‍ത്തീകരിച്ചിട്ട് ഒരു വര്‍ഷം ആകുന്നതേയുള്ളു.

ഇതില്‍ നിന്നും ലഭിയ്ക്കുന്ന പ്രൊപ്പിലിന്‍ ഉപയോഗപ്പെടുത്തി പെട്രോ കെമിക്കല്‍ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള പദ്ധതികളും അതിവേഗം നടന്നുകൊണ്ടിരിക്കുകയാണ്. ഈ പദ്ധതികള്‍ക്കെല്ലാം ഭൂമിയും നികുതിയിളവുകളും മറ്റെല്ലാം സഹായവും സംസ്ഥാന സര്‍ക്കാര്‍ നല്‍കി വരികയാണ്. ഈ ഘട്ടത്തിലാണ് ഭാരത് പെട്രോളിയം വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. ഇത് കേരളത്തിന്റെ ഭാവിവികസന പദ്ധതികളെ തകര്‍ക്കും.

2003 ല്‍ വാജ്പേയ് സര്‍ക്കാര്‍ ബി.പി.സി.എല്‍ സ്വകാര്യവത്ക്കരിക്കാനുള്ള നീക്കം നടത്തിയിരുന്നു. തൊഴിലാളികളുടെ പ്രതിഷേധവും കോടതിയുടെ ഇടപെടലുമാണ് അന്ന് ആ നീക്കത്തെ തടഞ്ഞുനിര്‍ത്തിയത്. പാര്‍ലമെന്റിലൂടെ ദേശസാത്ക്കരിക്കപ്പെട്ട ഇത്തരം കമ്പനികള്‍ പാര്‍ലമെന്റിന്റെ അനുമതിയോടെ മാത്രമേ സ്വകാര്യവത്ക്കരിക്കാന്‍ പാടുള്ളൂവെന്നായിരുന്നു സുപ്രീംകോടതി വിധി.

എന്നാലിപ്പോള്‍ പാര്‍ലമെന്റിന്റെ അനുമതി പോലും വാങ്ങാതെയാണ് മോദി സര്‍ക്കാര്‍ സ്വകാര്യവത്ക്കരണനീക്കം നടത്തുന്നത്. കോര്‍പ്പറേറ്റുകള്‍ക്ക് നികുതിയിളവ് നല്‍കിയതുമൂലം ഉണ്ടാകുന്ന വരുമാനനഷ്ടം നികത്താന്‍ മഹാര്തന കമ്പനികള്‍ സ്വകാര്യവത്ക്കരിച്ച് പണം കണ്ടെത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം അത്യന്തം അപകടകരമാണ്.

ഈ നീക്കത്തിനെതിരെ തൊഴിലാളികളും കേരളത്തിന്റെ വികസനം ആഗ്രഹിക്കുന്ന മുഴുവന്‍ ബഹുജനങ്ങളും പ്രതിഷേധമുയര്‍ത്തണമെന്ന് കോടിയേരി പ്രസ്താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News