കൂടത്തായി: ജോളി സയനൈഡ് ആവശ്യപ്പെട്ടത് ജയശ്രീക്ക് വേണ്ടി: കേസില്‍ വന്‍ ട്വിസ്റ്റ്

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരകളിലെ മുഖ്യപ്രതി ജോളി, സയനൈഡ് ആവശ്യപ്പെട്ടത് തഹസീല്‍ദാര്‍ ജയശ്രീക്ക് വേണ്ടിയാണെന്ന് അറസ്റ്റിലായ ജ്വല്ലറി ജീവനക്കാരന്‍ മാത്യുവിന്റെ മൊഴി.

ഒരുതവണ മാത്രമാണ് സയനൈഡ് വാങ്ങിയതെന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവമായതിനാല്‍ എത്ര അളവിലാണ് വാങ്ങിയതെന്ന് ഓര്‍മ്മയില്ലെന്നും മാത്യു മൊഴി നല്‍കി.

ജയശ്രീയുടെ വീട്ടിലെ പട്ടിയെ കൊല്ലാനാണ് സയനൈഡ് എന്നായിരുന്നു ജോളി പറഞ്ഞത്. സയനൈഡ് വാങ്ങി തരണമെന്ന് ജയശ്രീയും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജോളിയുടെ വീട്ടില്‍ വച്ച് ചില തവണ കണ്ടിട്ടുണ്ടെന്ന് അല്ലാതെ ജയശ്രീയെ വലിയ പരിചയമില്ലായിരുന്നു.

സ്വര്‍ണ്ണപ്പണിക്കാരനായ പ്രജുകുമാറിന്റെ അടുത്ത് നിന്നാണ് ജോളിക്ക് സയനൈഡ് വാങ്ങി നല്‍കിയതെന്നും മാത്യു മൊഴി നല്‍കി.

ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയുടെ മരണത്തിന് മുമ്പാണ് സയനൈഡ് വാങ്ങിനല്‍കിയതെന്നും മാത്യു പറഞ്ഞു.

നിലവില്‍ റോയി തോമസിന്റെ മരണത്തില്‍ മാത്രമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ മറ്റ് മരണങ്ങളും പ്രത്യേക കേസുകളായി രജിസ്റ്റര്‍ ചെയ്തായിരിക്കും അന്വേഷണം മുന്നോട്ടു കൊണ്ടുപോകുക. ഇതിന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ ഉപദേശം തേടും. ഇതിന് സംസ്ഥാനത്തെ മികച്ച അന്വേഷണ ഉദ്യോഗസ്ഥന്മാരെ നിയോഗിക്കുമെന്ന് ഡിജിപി വ്യക്തമാക്കിയിട്ടുണ്ട്.

കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്. ചോദ്യം ചെയ്യേണ്ടവരുടെ പട്ടികയും തയ്യാറാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here