ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കെ കോൺഗ്രസിൽ രാജിതുടരുന്നു. പിസിസി മുൻ അധ്യക്ഷൻ അശോക്‌ തൻവാറിനു പിന്നാലെ മുതിർന്ന നേതാവും മുൻ ധനമന്ത്രിയുമായ സമ്പത്ത്‌സിങ്ങും രാജിവച്ചു. അർഹമായ പരിഗണന നൽകിയില്ലെന്ന്‌ ആരോപിച്ചാണ്‌ രാജി. താൻ കോൺഗ്രസിനും പാർടി തനിക്കും അനുയോജ്യമല്ലാത്തതിനാൽ രാജിവയ്‌ക്കുകയാണെന്നും ഹിസാർ മേഖലയിലെ കോൺഗ്രസ്‌ സ്ഥാനാർഥികളെ പരാജയപ്പെടുത്താനായി പ്രവർത്തിക്കുമെന്നും സിങ്‌ പറഞ്ഞു.

നൽവ മണ്ഡലത്തിൽ മത്സരിക്കാൻ സിങ്‌ സീറ്റ്‌ ചോദിച്ചെങ്കിലും കോൺഗ്രസ്‌ നൽകിയില്ല. ബിജെപി നേതാവും മുഖ്യമന്ത്രിയുമായ മനോഹർലാൽ ഖട്ടാറുമായും ബിജെപി നേതൃത്വവുമായും സിങ്‌ ഞായറാഴ്‌ച ചർച്ച നടത്തിയെന്നും ബിജെപിയിൽ ചേരുമെന്നുമാണ്‌ റിപ്പോർട്ട്‌.

ഐഎൻഎൽഡി സർക്കാരിൽ മന്ത്രിയായിരുന്ന സിങ്‌ രാജിവച്ച്‌ കോൺഗ്രസിൽ ചേരുകയായിരുന്നു. സീറ്റ്‌ വിഭജനം ഭൂപീന്ദർസിങ്‌ ഹൂഡയുടെ നേതൃത്വത്തിൽ അട്ടിമറിച്ചെന്ന്‌ ആരോപിച്ചാണ്‌ മുൻ അധ്യക്ഷൻ അശോക്‌ തൻവാർ കഴിഞ്ഞ ദിവസം രാജിവച്ചത്‌. പാർടി അധ്യക്ഷ സോണിയ ഗാന്ധിയുടെ ഡൽഹിയിലെ വസതിയിലേക്ക്‌ പ്രതിഷേധ മാർച്ച്‌ നടത്തിയശേഷമാണ്‌ തൻവാർ രാജിവച്ചത്‌.