പോർച്ചുഗലിൽ സോഷ്യലിസ്‌റ്റ്‌ പാർട്ടി വീണ്ടും അധികാരത്തിലേക്ക്‌; അന്റോണിയോ കോസ്‌റ്റ വീണ്ടും പ്രധാനമന്ത്രി പദത്തിലേക്ക്

പോർച്ചുഗലിൽ സോഷ്യലിസ്‌റ്റ്‌ പാർടി വീണ്ടും അധികാരത്തിലേക്ക്‌. ഞായറാഴ്‌ച നടന്ന പൊതുതെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി അന്റോണിയോ കോസ്‌റ്റ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ആകെയുള്ള 230 അംഗ പാർലമെന്റിൽ 106 സീറ്റുകൾ കോസ്‌റ്റയുടെ സോഷ്യലിസ്‌റ്റ്‌ പാർടി നേടി. കഴിഞ്ഞതവണത്തേക്കാൻ 20 സീറ്റാണ്‌ ഇത്തവണ സോഷ്യലിസ്‌റ്റ്‌ പാർടി കരസ്ഥമാക്കിയത്‌. 36.7 ശതമാനം വോട്ടും ലഭിച്ചു. മുഖ്യ എതിരാളികളായ വലതുപക്ഷ സോഷ്യൽ ഡെമോക്രാറ്റുകൾക്ക്‌ 77 സീറ്റുകൾ നേടാനെ കഴിഞ്ഞുള്ളൂ. 28 ശതമാനം വോട്ടുകൾ മാത്രം. 1983നുശേഷമുള്ള ഏറ്റവും മോശംപ്രകടനമാണ്‌ ഇവർ കാഴ്‌ചവച്ചത്‌. കഴിഞ്ഞതവണത്തേക്കാൾ 30 സീറ്റുകൾ കുറവാണ്‌ ഇത്തവണ വലതുപക്ഷ സോഷ്യൽ ഡെമോക്രാറ്റുകൾ നേടിയത്‌.

അതേസമയം ലെഫ്‌റ്റ്‌ ബ്ലോക്ക്‌ 19 സീറ്റും കമ്യൂണിസ്‌റ്റ്‌ പാർടി 12 സീറ്റും നേടി. ഇരുപാർടികളും കൂടി 32 ശതമാനം വോട്ടുംനേടി. മറ്റു വലതുപക്ഷ പാർടികൾക്ക്‌ എല്ലാം കൂടി നാല്‌ ശതമാനം വോട്ട്‌ മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ. പത്തുസീറ്റുകൾ കൂടിവേണം സോഷ്യലിസ്‌റ്റ്‌ പാർടിക്ക്‌ കേവല ഭൂരിപക്ഷത്തിലെത്താൻ. ഇതിനായി മറ്റു ഇടതുപാർടികളുമായി സഖ്യമുണ്ടാക്കാനുള്ള ശ്രമം ആരംഭിച്ചു.

2015ലെ തെരഞ്ഞെടുപ്പിലും സോഷ്യലിസ്‌റ്റ്‌ പാർടിക്ക്‌ ഭരിക്കാൻ ആവശ്യമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. തുടർന്ന്‌ ലെഫ്‌റ്റ്‌ ബ്ലോക്കിന്റെയും കമ്യൂണിസ്‌റ്റ്‌ പാർടിയുടെയും പിന്തുണയോടെയാണ്‌ ഇന്ത്യൻ വംശജൻകൂടിയായ കോസ്‌റ്റ അധികാരത്തിലെത്തിയത്‌. ഈ സഖ്യം തുടരാൻ കഴിയുമോയെന്ന്‌ ചർച്ച ചെയ്‌തുവരികയാണെന്ന്‌ തെരഞ്ഞെടുപ്പ്‌ ഫലപ്രഖ്യാനത്തിനുശേഷം അന്റോണിയോ കോസ്‌റ്റ പറഞ്ഞു.

കോസ്‌റ്റയുടെ സോഷ്യലിസ്‌റ്റ്‌ പാർടിയുമായി വീണ്ടും അധികാരം പങ്കിടാനാണ്‌ ആഗ്രഹിക്കുന്നതെന്ന്‌ ഇടതുപാർടിയായ ലെഫ്‌റ്റ്‌ ബ്ലോക്ക്‌ അറിയിച്ചു. വേതനവർധനവ്‌, തൊഴിൽനിയമ പരിഷ്‌കാരം, പൊതുമേഖലയിൽ കൂടുതൽ പണം അനുവദിക്കൽ തുടങ്ങിയ ആവശ്യങ്ങൾ മുന്നോട്ടുവയ്‌ക്കുമെന്നും അവർ അറിയിച്ചു. അതേസമയം പരിസ്ഥിതി വിഷയം ഉയർത്തി തെരഞ്ഞെടുപ്പിനെ നേരിട്ട പീപ്പിൾസ്‌ അനിമൽസ്‌ നാച്വറൽ പാർടിയുമായി കോസ്‌റ്റ ഭരണസഖ്യ സാധ്യതകൾ ചർച്ചചെയ്‌തു. നാല്‌ സീറ്റുകളിൽ പീപ്പിൾസ്‌ അനിമൽസ്‌ നാച്വറൽ പാർടി ഇത്തവണ ജയിച്ചു.

ഇന്ത്യൻ വംശജനായ അന്റോണിയോ കോസ്‌റ്റയുടെ കുടുംബം ഗോവയിൽ നിന്ന്‌ പോർച്ചുഗലിലേക്ക്‌ കുടിയേറിയതാണ്‌. കമ്യൂണിസ്റ്റ്‌ എഴുത്തുകാരൻ ഓർലൻഡോ ഡ കോസ്റ്റയുടെയും മാധ്യമപ്രവർത്തക കൂടിയായിരുന്ന വനിതാവിമോചന പ്രവർത്തക മരിയ അന്റോണിയാ പല്ലയുടെയും മകൻ. 58 വയസ്‌. ആർക്കും ഭൂരിപക്ഷമില്ലാതിരുന്ന 2015ലെ തെരഞ്ഞെടുപ്പിനെത്തുടർന്ന്‌ രണ്ട്‌ ഇടതുപക്ഷ പാർടികളുടെ പിന്തുണയോടെയാണ്‌ കോസ്റ്റ പ്രധാനമന്ത്രിയായത്‌. 2005ൽ ആഭ്യന്തരമന്ത്രിയായിരുന്നു. പിന്നീട്‌ രാജിവച്ച്‌ ലിസ്‌ബൺ മേയറായി 2015ൽ പ്രധാനമന്ത്രിയാകുംവരെ ആ സ്ഥാനത്ത്‌ തുടർന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News