കൂടത്തായി കൂട്ടക്കൊലക്കേസിൽ ജയിലിൽ കഴിയുന്ന മുഖ്യപ്രതി ജോളിയെയും മറ്റ് പ്രതികളെയും അന്വേഷണ സംഘം കസ്‌റ്റഡിയിൽ വാങ്ങും. ബുധനാഴ്‌ച താമരശേരി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഇവരെ ഹാജരാക്കി കസ്‌റ്റഡി അപേക്ഷ നൽകും.
ചാത്തമംഗലത്തെ പ്രാദേശിക കോൺഗ്രസ് നേതാവ് രാമകൃഷ്‌ണന്റെ മരണത്തിൽ ജോളിയുടെ പങ്ക് അന്വേഷിക്കും. ഭൂമി വിറ്റുകിട്ടിയ 55 ലക്ഷം രൂപ ജോളി തട്ടിയെടുത്തെന്നും ഇതിലുള്ള മനോവിഷമം മൂലമാണ് രാമകൃഷ്‌ണൻ ആത്മഹത്യ ചെയ്‌തതെന്നും മകൻ രോഹിത് വടകര റൂറൽ എസ്‌പി കെ ജി സൈമണ് പരാതി നൽകിയിട്ടുണ്ട്. ജോളിയുടെ റിയൽ എസ്‌റ്റേറ്റ് ബന്ധങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കും. ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതലാളുകളെ ചോദ്യംചെയ്യും. ഇതിനുള്ള പട്ടിക പൊലീസ് തയ്യാറാക്കി. ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനെ വീണ്ടും ചോദ്യംചെയ്യും.
ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ കുടുംബാംഗങ്ങൾ അന്വേഷണ സംഘത്തിന് മൊഴി നൽകി. സഹോദരൻ സിജോ സെബാസ്‌റ്റ്യൻ ഉൾപ്പെടെയുള്ളവരാണ് കോഴിക്കോട് എത്തിയത്. രണ്ടാം വിവാഹത്തിന് സിലിയുടെ വീട്ടുകാർ നിർബന്ധിച്ചിരുന്നുവെന്ന് ഷാജു മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇക്കാര്യങ്ങളിലടക്കം വ്യക്തത വരുത്തും.
കല്ലറ തുറന്ന് പരിശോധിച്ചപ്പോൾ ലഭിച്ച മൃതദേഹ ഭാഗങ്ങളുടെ ഡിഎൻഎ പരിശോധന നടത്തും. റോയ് തോമസിന്റെ സഹോദരങ്ങളായ റോജോ, റെഞ്ചി എന്നിവരുടെ ഡിഎൻഎയുമായാണ് ഇവ താരതമ്യപ്പെടുത്തുക.

Get real time update about this post categories directly on your device, subscribe now.