കോഴിക്കോട്: പൊന്നാമറ്റം കുടുംബത്തിലെ രണ്ട് യുവാക്കളുടെ മരണത്തിലും ജോളിക്ക് പങ്കുണ്ടെന്ന് സൂചന.

മരിച്ച ടോം തോമസിന്റെ രണ്ടു സഹോദരങ്ങളുടെ മക്കളുടെ മരണത്തിലാണ് സംശയം. അഗസ്റ്റിന്‍ എന്നയാളുടെ മകന്‍ വിന്‍സന്റ് 2002ല്‍ തൂങ്ങി മരിച്ചു. ഡൊമിനിക്ക് എന്നയാളുടെ മകന്‍ സുനീഷ് 2008ല്‍ വാഹനാപകടത്തില്‍ മരിച്ചു. രണ്ട് പേര്‍ക്കും ജോളിയുമായി അടുത്ത ബന്ധവും സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നു.

സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും താന്‍ ട്രാപ്പിലാണെന്ന് സുനീഷിന്റെ ഡയറിക്കുറിപ്പില്‍ ഉണ്ടായിരുന്നുവെന്നും സുനീഷിന്റെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം, മറ്റൊരു കുടുംബത്തെയും ജോളി കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് അടുത്ത ബന്ധുക്കളായ അഞ്ചു പേര്‍ പൊലീസിന് മൊഴി നല്‍കി.

ഒരിക്കല്‍ ജോളി വീട്ടിലെത്തി പോയശേഷം ഭക്ഷണം കഴിച്ചപ്പോള്‍ എല്ലാവരും ഛര്‍ദിച്ചു. ഭക്ഷ്യവിഷബാധ എന്നാണ് ആദ്യം കരുതിയത്. എന്നാല്‍ രക്ത പരിശോധനയില്‍ വിഷാംശം കണ്ടെത്തി. കറിയിലാണ് വിഷാംശമുണ്ടായിരുന്നത്. മറ്റാര്‍ക്കോ വേണ്ടി ജോളി ക്വട്ടേഷന്‍ എടുത്ത് വന്നതാണോ എന്ന് സംശയിക്കുന്നതായും ബന്ധുക്കള്‍ പറഞ്ഞു.

പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.