പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ ടി ഒ സൂരജ് അടക്കമുള്ള മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

ഒന്നാം പ്രതി ആര്‍ഡിഎസ് പ്രൊജക്ട്‌സ് എംഡി സുമിത് ഗോയല്‍, രണ്ടാം പ്രതി ആര്‍ബിഡിസികെ അഡിഷണല്‍ ജനറല്‍ മാനേജര്‍ എം ടി തങ്കച്ചന്‍, എന്നിവരുടെ ജാമ്യാപേക്ഷയാണ് തളളിയത്.

അതേസമയം മൂന്നാം പ്രതി കിറ്റ്‌കോ മുന്‍ ജോയിന്‍റ് ജനറന്‍ മാനേജര്‍ ബെന്നി പോളിന് ജാമ്യം അനുവദിച്ചു. പാലത്തിന് പ്രശ്നങ്ങള്‍ ഉണ്ടെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും അ‍ഴിമതിക്ക് പിന്നിലെ ഗൂഢാലോചന
വിശദമായി അന്വേഷിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

നാലാം പ്രതി ടി ഒ സൂരജിനെ കൂടാതെ ഒന്നാം പ്രതി സുമിത് ഗോയല്‍, രണ്ടാം പ്രതി എംടി തങ്കച്ചന്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തളളിയത്.

കേസില്‍ മൂന്നാം പ്രതിയായ കിറ്റ്കോ മുന്‍ ജോയിന്‍റ് ജനറല്‍ മാനേജര്‍ ബെന്നി പോളിന് മാത്രമാണ് ജാമ്യം അനുവദിച്ചത്.

വിവിധ ഏജന്‍സികള്‍ നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ മേല്‍പ്പാലത്തിന് ബലക്ഷയം സംഭവിച്ചതായി ബോധ്യപ്പെട്ടതായി ജസ്റ്റിസ് സുനില്‍ തോമസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. നിര്‍മ്മാണത്തിന് നിര്‍ദിഷ്ട മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ല.

അ‍ഴിമതിക്ക് പിന്നിലെ ഗൂഢാലോചന വിശദമായി അന്വേഷിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. മേല്‍പ്പാല നിര്‍മ്മാണത്തിലെ ടെന്‍ഡര്‍ നടപടികള്‍ അട്ടിമറിച്ചതുള്‍പ്പടെ പ്രതികളുടെ പങ്ക് രേഖാമൂലം വ്യക്തമാക്കുന്ന വാദമുഖങ്ങളാണ് വിജിലന്‍സ് ഹൈക്കോടതിയില്‍ ഉന്നയിച്ചത്.

സുമിത് ഗോയലിന്‍റെ ആര്‍ ഡി എസ് കമ്പനിക്ക് കരാര്‍ നല്‍കാന്‍ ടി ഒ സൂരജിന്‍റെ നേതൃത്വത്തില്‍ ടെന്‍ഡര്‍ അട്ടിമറിച്ചു. പാലം നിര്‍മ്മാണ സമയത്ത് ടി ഒ സൂരജ് കോടികളുടെ സ്വത്ത് വാങ്ങിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായും വിജിലന്‍സ് ചൂണ്ടിക്കാട്ടി.

അ‍ഴിമതിയില്‍ ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്ക് പങ്കുണ്ടെന്നും അവരാരൊക്കെയാണെന്ന് സുമിത് ഗോയലിനറിയാമെന്നും വിജിലന്‍സ് വ്യക്തമാക്കി.

എന്നാല്‍ ഭയം മൂലം അവരുടെ പേരുകള്‍ പറയാന്‍ ഗോയല്‍ ഇതുവരെ തയ്യാറായിട്ടില്ല. ആര്‍ ഡി എസിന് കരാര്‍ ലഭിക്കാന്‍ ആര്‍ബിഡിസികെ ഉദ്യോഗസ്ഥന്‍ തങ്കച്ചനുമായും കിറ്റ്ക്കൊ ഉദ്യോഗസ്ഥന്‍ ബെന്നി പോളുമായും ഗോയല്‍ ഗൂഢാലോചന നടത്തിയതിന് തെളിവുണ്ടെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു.

കരാറുകാരന് മുൻകൂർ പണം അനുവദിക്കാൻ പ്രതികൾ വഴിവിട്ട് സഹായവും ചെയ്തു. മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്‍റെ പങ്ക് സംശയാസ്പദമാണെന്ന് അറിയിച്ച വിജിലന്‍സ് ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും അറിയിച്ചു.

ജാമ്യാപേക്ഷയില്‍ വിശദമായ വാദം കേട്ട ശേഷമാണ് തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുളളതിനാല്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കാനാവില്ലെന്ന് ഹൈക്കോടതി അറിയിച്ചത്.

അതേസമയം മൂന്നാം പ്രതി ബെന്നി പോളിനെതിരെ വകുപ്പുതലത്തിലുള്ള നിയമലംഘനം മാത്രമാണ് ആരോപണമെന്നും അത് ക്രിമിനൽ കേസിന്‍റെ പരിധിയിൽ വരില്ലെന്നുമുളള വാദം അംഗീകരിച്ച് ഒരു ലക്ഷം രൂപയും തുല്യ തുകയ്ക്കുള്ള രണ്ട് ആൾ ജാമ്യവ്യവസ്ഥയിലും ജാമ്യം നല്‍കുകയായിരുന്നു.