എയര്‍ ഇന്ത്യയെ പൂര്‍ണമായും സ്വകാര്യവത്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങി.

എയര്‍ ഇന്ത്യയുടെ മൊത്തം ഓഹരികളും സ്വകാര്യമേഖലയ്ക്ക് കൈമാറി നടപ്പ് സാമ്പത്തിക വര്‍ഷം ഓഹരി വിറ്റ് 1.05 ട്രില്യണ്‍(1,05,000 കോടി രൂപ) സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി സര്‍ക്കാര്‍ താല്‍പര്യപത്രം ക്ഷണിച്ചു. മാര്‍ച്ച് 31നകം ലക്ഷ്യം നേടാനാകുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.

2015ല്‍ 2072 കോടി നഷ്ടമുണ്ടാക്കിയ എയര്‍ ഇന്ത്യ, പിന്നീട് 2016ലും 2017ലും നേട്ടത്തിലായിരുന്നു. എന്നാല്‍ 2018ല്‍ വീണ്ടും നഷ്ടത്തിലേക്ക് കൂപ്പുകുത്തി.

1658 കോടി രൂപയായിരുന്നു ആ വര്‍ഷത്തെ നഷ്ടം. നടപ്പുവര്‍ഷം ഇതുവരെയുള്ള നഷ്ടം 4330 കോടി രൂപയാണ്. 2019 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 58,351.93 കോടി രൂപയാണ് കമ്പനിയുടെ ആകെ നഷ്ടം.

സര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തം 24 ശതമാനം നിലനിര്‍ത്താന്‍ ശ്രമിച്ചതിന്റെ ഫലമായി 2018ല്‍ എയര്‍ ഇന്ത്യയുടെ ഓഹരി വില്‍പ്പന പരാജയപ്പെട്ടിരുന്നു. വ്യോമയാന മേഖലയില്‍ നൂറുശതമാനം വിദേശ നിക്ഷേപം അനുവദിച്ചിട്ടുണ്ടെങ്കിലും വിദേശ വിമാനക്കമ്പനികള്‍ക്ക് 49
ശതമാനത്തിലേറെ ഓഹരികള്‍ കൈവശംവെയ്ക്കാന്‍ അനുവാദമില്ല.

കോര്‍പ്പറേറ്റ് നികുതി കുറച്ചതിലൂടെയുണ്ടായ 1.45 ട്രില്യണ്‍ രൂപയുടെ വരുമാനനഷ്ടം എയര്‍ ഇന്ത്യ ഓഹരിവില്‍പ്പനയിലൂടെ നികത്താനാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷനായ മന്ത്രിതല സമിതിയുടെ പരിഗണനയിലാണ് ഓഹരി വില്‍പ്പനാ ക്രമം. ധനമന്ത്രി നിര്‍മല സീതാരാമന്‍, വ്യോമയാന മന്ത്രി ഹര്‍ദീപ് പുരി, റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ എന്നിവരാണ് മന്ത്രിതല സമിതിയിലെ മറ്റ് അംഗങ്ങള്‍.