കൂടത്തായി കൂട്ടക്കൊല: ജ്യോത്സ്യനെ കാണാനില്ല; ജീവിതരീതിയില്‍ ദുരൂഹത

ഇടുക്കി: കൂടത്തായിയില്‍ മരിച്ച റോയ് തോമസിന് ഏലസ്സ് പൂജിച്ച് നല്‍കിയ കട്ടപ്പന സ്വദേശിയായ ജ്യോത്സ്യനെ കാണാനില്ലെന്ന് റിപ്പോര്‍ട്ടുകള്‍.

കട്ടപ്പനക്കാരന്‍ കൃഷ്ണകുമാര്‍ എന്ന ജ്യോത്സ്യനെയാണ് കാണാതായത്. ഇയാളുടെ മൂന്നു ഫോണുകളില്‍ രണ്ടെണ്ണം സ്വിച്ച്ഡ് ഓഫാണ്. ഒന്നില്‍ വിളിച്ചിട്ട് കിട്ടുന്നില്ല.

ഇന്ന് രാവിലെ വരെ കൃഷ്ണകുമാര്‍ വീട്ടിലുണ്ടായിരുന്നെന്നും വാര്‍ത്തകള്‍ വന്നശേഷം മുങ്ങുകയായിരുന്നെന്നും സൂചനയുണ്ട്.

ദുരൂഹതകള്‍ നിറഞ്ഞതായിരുന്നു ഇയാളുടെ ജീവിതരീതിയെന്ന് നാട്ടുകാര്‍ പറയുന്നു. ഏലസ്സും മന്ത്രവാദവും തകിട് കെട്ടലുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ഇയാള്‍ക്കെതിരെ ഉയര്‍ന്നിട്ടുള്ളത്.

റോയ് തോമസുമായും ജോളിയുമായും ഇയാള്‍ക്ക് അടുത്തബന്ധമുണ്ടായിരുന്നു. 2011ല്‍ മരിക്കുമ്പോള്‍ റോയ് തോമസിന്റെ ദേഹത്ത് ഇയാള്‍ നല്‍കിയ ഏലസ്സുണ്ടായിരുന്നു.

അതേസമയം, കേസിലെ മുഖ്യപ്രതിയായ ജോളി നിരന്തരം കോയമ്പത്തൂരിലേക്ക് യാത്ര നടത്തിയതും പരിശോധിക്കും. അറസ്റ്റിലാകുന്നതിന് തൊട്ട് മുന്‍പത്തെ ആഴ്ചയും കോയമ്പത്തൂരില്‍ പോയി. പിഎച്ച്ഡി ചെയ്യാന്‍ വേണ്ടിയെന്ന വ്യാജേനയായിരുന്നു യാത്രകള്‍. കോയമ്പത്തൂരില്‍ ജോളി ആരോക്കെയായി ബന്ധപ്പെട്ടുവെന്ന് അന്വേഷണ സംഘം പരിശോധിക്കും.

ഇതിനിടെ, ജയശ്രീയുമായി ജോളി നിരന്തരം ബന്ധം പുലര്‍ത്തിയതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.

ജോളി ഉള്‍പ്പെടെയുള്ള പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം സമര്‍പ്പിച്ച അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. താമരശേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News