പാലയില്‍ സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചുവെന്ന് ജോസ് കെ മാണി; വാഹനം ഓടിക്കാനറിയില്ലെങ്കില്‍ ഇടിച്ചു നില്‍ക്കുമെന്ന് പി ജെ ജോസഫ്; പാര്‍ട്ടിയുടെ പ്രായത്തെ ചൊല്ലിയും അഭിപ്രായ ഭിന്നത

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പ് തോല്‍വി ആയുധമാക്കി പാര്‍ട്ടിജന്മദിനത്തില്‍ ഏറ്റുമുട്ടി കേരള കോണ്‍ഗ്രസ് ജോസഫ് – ജോസ് കെ മാണി വിഭാഗങ്ങള്‍.കെഎം മാണിയുടെ വേര്‍പാടിന് ശേഷമുള്ള പാര്‍ട്ടിയുടെ ആദ്യ ജന്‍മദിനത്തില്‍ പ്രായത്തെ ചൊല്ലിയും അഭിപ്രായ വ്യത്യാസം. കര്‍ഷകര്‍ക്കായുള്ള പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ചാണ് ജോസഫ് – ജോസ് കെ മാണി വിഭാഗങ്ങളുടെ യോഗം പിരിഞ്ഞത്.

അധികാര അധ്യക്ഷ തര്‍ക്കങ്ങളില്‍ തട്ടി ഏതാണ് ഔദ്യോഗിക പാര്‍ട്ടിയെന്ന തര്‍ക്കം കോടതി കയറുമ്പോഴാണ് കേരള കോണ്‍ഗ്രസ് ജന്മദിന സമ്മേളനം കോട്ടയത്ത് നടന്നത്. എത്ര അടുപ്പമുള്ള ആളാണെങ്കിലും ശത്രുവിനെ ശത്രുവായി തന്നെ കാണണമെന്നും അകറ്റി നിര്‍ത്തണമെന്നുമുള്ള നിലപാടാണ് പാലായിലെ പരാജയപ്പെട്ട സ്ഥാനാര്‍ത്ഥി ജോസ് ടോമിന്റേത്.

ജോസ് ടോമിന്റെ ഈ വാക്കുകള്‍ ഏറ്റുപിടിച്ച് ജോസ് കെ മാണിയും രാഷ്ട്രീയ അരങ്ങ് കൊഴുപ്പിച്ചു. പാലായില്‍ സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചു.ആത്മാര്‍ത്ഥമായ ആത്മപരിശോധന നടത്തും. പോരായ്മ എന്താണെന്ന് പരിശോധിച്ച് തിരുത്തും. തിരിച്ചടികള്‍ നേരത്തെയും ഉണ്ടായിട്ടുണ്ട്. പരാജയം കണ്ട് പതറുന്ന തൊട്ടാവാടികള്‍ അല്ല കേരള കോണ്‍ഗ്രസെന്നുംഉപതെരഞ്ഞെടുപ്പിന് ശേഷം പറയാനുള്ളതെല്ലാം പറയുമെന്നും ജോസ് കെ മാണി തുറന്നടിച്ചു.

പാലായിലെ തോല്‍വിക്ക് കാരണം ജോസ് കെ മാണിയെന്നന്ന മുന്‍ നിലപാട് പി ജെ ജോസഫ് ആവര്‍ത്തിച്ചു.സ്വന്തമായി തീരുമാനം എടുക്കാത്ത ആളാണ് ജോസ് കെ മാണിയെന്ന് പി ജെ ജോസഫ് പരിഹസിച്ചു. അതുകൊണ്ടാണ് വണ്ടി ഇടിച്ചു നിന്നത്. കോടതി ചെയര്‍മാന്‍ സ്ഥാനം വരെ തടഞ്ഞു വെച്ചു. അതുകൊണ്ട് ജില്ലാ കമ്മിറ്റികള്‍ പോലും വിളിക്കാന്‍ ആകുന്നില്ല – ജോസഫ് പറഞ്ഞു.

പാര്‍ട്ടിയുടെ പ്രായത്തെ ചൊല്ലി ഇവിടെയും തര്‍ക്കം. 64ല്‍ രൂപീകരിച്ച പാര്‍ട്ടിയുടെ 55-ാം ജന്മദിനമായാണ് ജോസ് കെ മാണി വിഭാഗം ആഘോഷിച്ചത്. എന്നാല്‍ ഇത് അന്‍പത്തിയാറാം ജന്മദിനമാണെന്നാണ് പി ജെ ജോസഫ് വിഭാഗത്തിന്റെ അവകാശവാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel