‘പതിയെ ഇതള്‍ വിടരും മൃദുപനിനീര്‍ മലരോ?’. മലയാളികള്‍ കാത്തിരുന്ന പ്രിയ ഗായികയുടെ ശബ്ദം പുതിയ ഗാനമായി എത്തിയപ്പോള്‍ , അതിലെ വരികള്‍ പോലെ മനോഹരിയായ നായികയിലാണ് എല്ലാവരുടെയും കണ്ണുടക്കുന്നത്. വശ്യമായ പുഞ്ചിരിയും മനോഹരമായ കണ്ണുകളുമൊക്കെയായി ഇവള്‍ കാഴ്ചക്കാരുടെ ഹൃദയത്തില്‍ ഇപ്പോള്‍ തന്നെ സ്ഥാനം നേടിക്കഴിഞ്ഞു.

കോഴിക്കോട്ടുകാരിയായ ഗോപിക അനില്‍ ആണ് ‘മുന്തിരി മൊഞ്ചന്‍’ എന്ന സിനിമയിലെ ഈ പുതുനായിക. എം.ബി.എ ബിരുദധാരിയായ ഗോപിക തന്റെ ഇഷ്ടമേഖലയായ സിനിമ തിരഞ്ഞെടുക്കുകയായിരുന്നു.

മുന്തിരി മൊഞ്ചന്‍ സിനിമയുടെ കഥ കേട്ട് ഇഷ്ടപ്പെട്ട മലയാളത്തിലെ ചില മുന്‍നിര അഭിനേത്രികള്‍ നായകന്‍ ആരായിരിക്കണം എന്ന കാര്യത്തില്‍ നിര്‍ബന്ധം പിടിച്ച് ഒഴിഞ്ഞ് മാറിയപ്പൊഴാണ്, ഗോപിക ചിത്രത്തിലേക്ക് കടന്നുവന്നത്. ഒരുപാട് വലിയ ബ്രാന്‍ഡുകളുടെ പരസ്യചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന ഗോപിക, തന്റെ റോള്‍ ഗംഭീരമാക്കിയെന്നാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. വ്യക്തമായ ഐഡന്റിറ്റിയും വ്യക്തിത്വവുള്ള കഥാപാത്രമാണ് ഗോപിക അവതരിപ്പിക്കുന്ന ഇമ രാജീവ്.

സംവിധായകന്‍ കൂടിയായ വിജിത് നമ്പ്യാര്‍ ഈണമിട്ട ‘പതിയെ’ ഗാനം ഇതിനോടകം ആസ്വാദകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ചിത്രയുടെ ആരാധകരാണ് ഏറ്റവും അധികം സന്തോഷിക്കുന്നത്. മാറുന്ന സിനിമയ്ക്കും സംഗീതത്തിനുമൊപ്പം സഞ്ചരിക്കാന്‍ കഴിയുന്നത് ഭാഗ്യമായി കാണുന്നുവെന്നാണ് മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്ര ഈ ഗാനം റിലീസ് ചെയ്തുകൊണ്ട് ഫേസ്ബുക്കില്‍
കുറിച്ചത്. ചിത്രച്ചേച്ചിയ്‌ക്കൊപ്പം പാടുക എന്നത് തന്റെ ഏറെക്കാലത്തെ ആഗ്രഹമായിരുന്നു എന്ന് സഹഗായകനായ മലയാളത്തിന്റെ പ്രിയപ്പെട്ട ഹരിശങ്കര്‍ പറഞ്ഞു.

‘പാലാരിവട്ടം പുട്ട്’ എന്ന വൈറല്‍ പരസ്യം എഴുതിയ മനുഗോപാലും , ഈ ചിത്രത്തിന്റെ തന്നെ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കൂടിയായ മെഹറലി പൊയ്ലുങ്കല്‍ ഇസ്മയിലും ചേര്‍ന്ന് തിരക്കഥയെഴുതിയ മുന്തിരി മൊഞ്ചന്‍ മൂവി ഫാക്റ്ററി ഈ മാസം 25ന് റിലീസ് ചെയ്യും. വിശ്വാസ് മൂവീസിന്റെ ബാനറില്‍ അശോകന്‍ പി.കെ ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.