അബുദാബി/കൊച്ചി: യുഎഇയിൽ നിന്ന് നോർത്ത് അമേരിക്കയിലേക്ക് പ്രതിവർഷം 120 ദശലക്ഷം ടാബ് ലെറ്റുകൾ കയറ്റുമതി ചെയ്യാനുള്ള കരാറിൽ ഒപ്പുവച്ച് മലയാളി സംരംഭകൻ ഡോ. ഷംഷീർ വയലിലിന്റെ കമ്പനി.

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വിപിഎസ്- ലൈഫ്ഫാർമയാണ് യുഎഇയിൽ നിന്ന് ആദ്യമായി നോർത്ത് അമേരിക്കയിലേക്ക് മരുന്ന് കയറ്റുമതിക്ക് കരാറിൽ ഒപ്പുവച്ചത്. കാനഡയിലെ പ്രമുഖ ജനറിക് മരുന്നു നിർമാണ കമ്പനിയായ അപോട്ടെക്സുമായി സഹകരിച്ച് പത്തു വർഷത്തേക്കാണ് കരാർ.

ഇതാദ്യമായാണ് യുഎഇയിൽനിന്നും നോർത്ത് അമേരിക്കയിലേക്ക് മരുന്നുകൾ കയറ്റുമതി ചെയ്യുന്നത്. കരാർ പ്രകാരം ലൈഫ്ഫാർമയുടെ ദുബായിലുള്ള നിർമാണ കേന്ദ്രത്തിൽ നോർത്ത് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യാനായി ഒമ്പത് മരുന്നുകളാവും ഉത്പാദിപ്പിക്കുക.

പാർക്കിൻസൺ, ഹെപ്പറ്ററ്റിസ് ബി, വിവിധ വൈറൽ, ബാക്ടീരിയൽ രോഗങ്ങൾക്ക് ഉപയോഗിക്കുന്ന മരുന്നുകളാണ് കയറ്റുമതി ചെയ്യുക. അപോട്ടെക്‌സുമായുള്ള സഹകരണം ലൈഫ്ഫാർമയേയും വിപിഎസ് ഹെൽത്ത് കെയറിനും മാത്രമല്ല യുഎഇക്ക് തന്നെ മുതൽക്കൂട്ടാകുമെന്ന് വിപിഎസ് ഹെൽത്ത്കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിൽ പറഞ്ഞു.

“യുഎഇയെ നൂതന വിവരാധിഷ്ടിത സുസ്ഥിര വ്യവസായിക കേന്ദ്രമാക്കി മാറ്റുന്നതിൽ കരാർ സഹായിക്കും. പുതിയ മേഖലകളുടെ സാധ്യതകൾ തുറക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം,” ഡോ. ഷംഷീർ വയലിൽ കൂട്ടിച്ചേർത്തു.

ജിസിസി രാജ്യങ്ങളിലേക്ക് പ്രത്യേകിച്ച് യുഎഇയിലേക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ ലൈഫ്‌ഫാർമയുമായുള്ള കരാർ സഹായിക്കുമെന്ന് അപോട്ടെക്സ് പ്രസിഡന്റും സിഇഒയുമായ ജെഫ് വാട്ട്സൺ പറഞ്ഞു.

യുഎഇയിലെ ഏറ്റവും വലിയ മരുന്നു നിർമാണ കമ്പനിയും യുഎസ്എഫ് ഡിഎ അംഗീകാരമുള്ള ഏക കമ്പനിയുമാണ് വിപിഎസ് ഹെൽത്ത് കെയറിന് കീഴിലുളള ലൈഫ്ഫാർമ.