രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയും തൊ‍ഴിലില്ലായ്മയും പരിഹരിക്കുക; ഇടതുപാര്‍ട്ടികളുടെ ദേശീയ പ്രക്ഷോഭം ഇന്നുമുതല്‍

ന്യൂഡൽഹി: സാമ്പത്തികത്തകർച്ചയ്‌ക്കും തൊഴിലില്ലായ്‌മയ്‌ക്കും പരിഹാരം ആവശ്യപ്പെട്ട്‌ വ്യാഴാഴ്‌ചമുതൽ 16 വരെ അഞ്ച്‌ ഇടതുപാർടികളുടെ നേതൃത്വത്തിൽ അഖിലേന്ത്യാപ്രക്ഷോഭം നടക്കും.

സിപിഐ എം, സിപിഐ, സിപിഐ (എംഎൽ)ലിബറേഷൻ, ഫോർവേഡ്‌ ബ്ലോക്ക്‌, ആർഎസ്‌പി എന്നീ പാർടികളുടെ നേതൃത്വത്തിലാണ്‌ പ്രക്ഷോഭം.

തൊഴിലവസരം സൃഷ്ടിക്കാൻ പൊതുനിക്ഷേപം വർധിപ്പിക്കുക, അതുവരെ യുവജനങ്ങൾക്ക്‌ കേന്ദ്രസർക്കാർ തൊഴിൽരഹിത വേതനം നൽകുക,

പ്രതിമാസം 18,000 രൂപ കുറഞ്ഞ ശമ്പളം ഉറപ്പാക്കുക, പിരിച്ചുവിടൽ വഴി തൊഴിൽ നഷ്ടപ്പെട്ടവർക്ക്‌ ജീവിക്കാൻ മതിയായ പ്രതിമാസവേതനം ഉറപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ്‌ പ്രക്ഷോഭം.

ബിഎസ്‌എൻഎൽ, ആയുധ ഫാക്ടറികൾ, റെയിൽവേ, എയർഇന്ത്യ എന്നിവ സ്വകാര്യവൽക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, പ്രതിരോധം, കൽക്കരി മേഖലകളിൽ നൂറുശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിച്ചത്‌ പിൻവലിക്കുക,

കുടിശ്ശിക കൊടുത്തുതീർക്കാനും വർഷം 200 തൊഴിൽദിനം ഉറപ്പാക്കാനും ദേശീയഗ്രാമീണ തൊഴിലുറപ്പുപദ്ധതി വിഹിതം വർധിപ്പിക്കുക,

കാർഷികത്തകർച്ച പരിഹരിക്കാനും കർഷകരെ ആത്മഹത്യയിൽനിന്ന്‌ രക്ഷിക്കാനും എല്ലാ കടങ്ങളും ഒറ്റത്തവണത്തേക്ക്‌ എഴുതിത്തള്ളുക,

ഉൽപ്പാദനച്ചെലവിന്റെ ഒന്നരമടങ്ങ്‌ വരുമാനം ലഭിക്കുന്നതരത്തിൽ കാർഷികവിളകൾക്ക്‌ താങ്ങുവില പ്രഖ്യാപിക്കുക, വയോധിക–വിധവാ പെൻഷൻ 3000 രൂപയായി ഉയർത്തുക എന്നിവയാണ്‌ മറ്റ്‌ ആവശ്യങ്ങൾ.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here