ഇന്ന് ലോക മാനസികാരോഗ്യദിനം; ശരീരത്തിന് നമ്മൾ നൽകുന്ന പ്രാധാന്യം മനസ്സിന് നൽകുന്നുണ്ടോ?; മന്ത്രി കെ കെ ശൈലജ ടീച്ചർ ചോദിക്കുന്നു

ഇന്ന് ലോക മാനസികാരോഗ്യദിനമാണ്. ശരീരത്തിന് നമ്മൾ നൽകുന്ന പ്രാധാന്യം മനസ്സിന് നൽകുന്നുണ്ടോയെന്ന് ഈയവസരത്തിലെങ്കിലും ഓർക്കണം.

ലോകത്തിൽ ഓരോ 40 സെക്കൻഡിൽ ഒരാൾ ആത്മഹത്യ ചെയ്യുന്നു എന്നാണ് കണക്ക്. ഓരോ ആത്മഹത്യയും അവരുമായി ബന്ധപ്പെട്ട 135 പേരെ ബാധിക്കുന്നു എന്നും ഓർക്കണം.

തൊടുപുഴയിലെ കുട്ടിയുടെ കൊലപാതകവും കൂടത്തായി കൊലപാതക പരമ്പരയും നമ്മുടെ കൺമുമ്പിൽതന്നെയുണ്ട്‌.

ഈ പശ്ചാത്തലത്തിൽ മാനസികാരോഗ്യത്തിന്‌ വളരെയേറെ പ്രസക്തിയുണ്ട്‌. ശാരീരികാരോഗ്യംപോലെയോ അതിലേറെയോ ശ്രദ്ധയും പരിചരണവും വേണ്ടതാണ് മാനസികാരോഗ്യം.

എന്നാൽ, ശാരീരികാരോഗ്യംപോലെ മാനസികാരോഗ്യത്തിന് ചികിത്സ തേടാൻ വിമുഖത കാട്ടുന്നവരാണ് അധികവും. പലപ്പോഴും മാനസികാരോഗ്യത്തിന്റെ മൂർധന്യാവസ്ഥയിലാണ് ചികിത്സ തേടാറുള്ളത്.

അത് പലപ്പോഴും അപകടം ക്ഷണിച്ചുവരുത്തുന്നു. ആത്മഹത്യാ നിരക്ക് കേരളത്തിൽ കുറഞ്ഞുവരുന്നു എങ്കിലും യുവാക്കളുടെയും കുട്ടികളുടെയും ഇടയിലുള്ള ആത്മഹത്യാനിരക്ക് കുറയ്‌ക്കേണ്ട ആവശ്യകത കൂടുതലാണ്.

‘ആത്മഹത്യാപ്രതിരോധവും മാനസികാരോഗ്യപരിപോഷണവും’ എന്നതാണ് ഈ വർഷത്തെ ലോക മാനസികാരോഗ്യദിനത്തിന്റെ വിഷയം. ഇതിനായി വിപുലമായ പരിപാടികളാണ് സർക്കാർ ആരോഗ്യവകുപ്പ് എല്ലാ ജില്ലകളിലും സംഘടിപ്പിച്ചിരിക്കുന്നത്.

സമ്പൂർണ മാനസികാരോഗ്യം, ആശ്വാസം പദ്ധതികൾ

മാനസികാരോഗ്യത്തിന് ഈ സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. ഈ സർക്കാർ നിലവിൽ വന്നയുടൻ നടപ്പാക്കിയ ആർദ്രം മിഷന്റെ ഭാഗമായി കുടുംബാരോഗ്യകേന്ദ്രങ്ങൾ സജ്ജമാക്കുകയും ഈ കേന്ദ്രങ്ങളിൽ വച്ചുതന്നെ മാനസികപ്രശ്‌നങ്ങളും വിഷാദരോഗവും കണ്ടെത്തുന്നതിനും ചികിത്സ നൽകുന്നതിനും സമ്പൂർണ മാനസികാരോഗ്യം, ആശ്വാസം പദ്ധതികൾ നടപ്പാക്കുകയും ചെയ്‌തുവരുന്നു. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തിലാണ് ഇത് നടപ്പാക്കുന്നത്.

ആരോഗ്യവകുപ്പ് ആവിഷ്‌കരിച്ച ‘സമ്പൂർണ മാനസികാരോഗ്യ’ പദ്ധതി വഴി ആശാവർക്കർമാരുടെ സേവനം ഉപയോഗിച്ച് മാനസികപ്രശ്‌നങ്ങൾ, വൈകല്യങ്ങൾ, രോഗങ്ങൾ, ലഹരിവസ്‌തുക്കളുടെ ഉപയോഗം, കുട്ടികളുടെയും കൗമാരക്കാരുടെയും മാനസികപ്രശ്‌നങ്ങൾ,

ആത്മഹത്യാപ്രവണത, മറവിരോഗം, വിഷാദരോഗം തുടങ്ങിയവയ്‌ക്കെല്ലാം ചികിത്സ ലഭ്യമാക്കുന്നു. ഓരോ പഞ്ചായത്തിലും 50 മുതൽ 120 രോഗികളെവരെ ഈ പദ്ധതിയിലൂടെ ചികിത്സയിലേക്ക് കൊണ്ടുവരാൻ കഴിയുന്നു. ഈ പദ്ധതിവഴി രോഗികൾക്ക് അവരുടെ പഞ്ചായത്തിൽത്തന്നെ മനോരോഗ തുടർചികിത്സ ഉറപ്പാക്കുന്നു.

ഇതുവരെ 291 കുടുംബാരോഗ്യകേന്ദ്രങ്ങളിൽ നടപ്പാക്കിയതുവഴി 19,711 രോഗികൾക്ക് അവരുടെ തൊട്ടടുത്തുള്ള കുടുംബാരോഗ്യകേന്ദ്രത്തിൽ ചികിത്സ തുടങ്ങാൻ കഴിഞ്ഞു. ഇതിൽ 14,030 രോഗികളെ പുതുതായി കണ്ടെത്തി ചികിത്സയിലേക്ക് കൊണ്ടുവന്നതാണ്.

2019 ആഗസ്‌തിൽ കവളപ്പാറ, പുത്തുമല എന്നിവിടങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ ബന്ധുജനങ്ങൾക്കും അതിജീവിച്ചവർക്കും സൈക്കോ സോഷ്യൽ കൗൺസലിങ്ങും മറ്റു മാനസികാരോഗ്യ സേവനങ്ങളും നൽകിവരുന്നു

രത്തിലുള്ള മാനസികസംഘർഷങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായും ശക്തമായ ഇടപെടലുകളാണ് നടത്തിയത്. രണ്ടുലക്ഷത്തിലധികം പേർക്കാണ് സാമൂഹ്യ, മനഃശാസ്ത്ര ഇടപെടലുകളിലൂടെ സാന്ത്വനമേകിയത്. 10 ജില്ലയിലായി 349 പരിശീലനപരിപാടികൾവഴി ആശാവർക്കർമാർ ഉൾപ്പെടെ 16,671 പേർക്ക് മാനസികാരോഗ്യ ദുരന്തനിവാരണ പരിശീലനം നൽകിയാണ് ഇത് സാധ്യമാക്കിയത്.

ദുരന്തംകാരണം ഉണ്ടായ മാനസികപ്രശ്‌നങ്ങൾ ആഴ്‌ചകൾ കഴിഞ്ഞ് പ്രത്യക്ഷപ്പെടാം എന്നുള്ളതുകൊണ്ടും ഉൽക്കണ്ഠ, വിഷാദം തുടങ്ങിയ പ്രശ്‌നങ്ങൾ ദീർഘകാലം നീണ്ടുനിൽക്കാം എന്നുള്ളതുകൊണ്ടും ദുരന്തബാധിതപ്രദേശങ്ങളിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രത്യേക മാനസികാരോഗ്യപദ്ധതി ആരോഗ്യവകുപ്പ് നടപ്പാക്കിവരുന്നത്.

2019 ആഗസ്‌തിൽ കവളപ്പാറ, പുത്തുമല എന്നിവിടങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ ബന്ധുജനങ്ങൾക്കും അതിജീവിച്ചവർക്കും സൈക്കോ സോഷ്യൽ കൗൺസലിങ്ങും മറ്റു മാനസികാരോഗ്യ സേവനങ്ങളും നൽകിവരുന്നു.

ഇതുകൂടാതെയാണ് സർക്കാർ ‘അമ്മ മനസ്സ്‌’ എന്ന പേരിൽ പുതിയൊരു മാതൃശിശു മാനസികാരോഗ്യ സംരക്ഷണപദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്.

ഇതിനുപുറമെ ആരോഗ്യവകുപ്പിലെ ഗൈനക്കോളജിസ്റ്റുകൾക്കും ശിശുരോഗ വിദഗ്‌ധർക്കും ഈ പദ്ധതി പ്രകാരം മാനസികാരോഗ്യപ്രശ്‌നങ്ങൾ കണ്ടെത്താനുള്ള പരിശീലനം നൽകുന്നു.

താഴെ തട്ടിൽ മാതൃശിശു ആരോഗ്യത്തിനായി പ്രവർത്തിക്കുന്ന എല്ലാ ആശാ വർക്കർമാർക്കും ഇതിനായി ബോധവൽക്കരണ പരിപാടികളും അമ്മ മനസ്സ്‌ പദ്ധതി പ്രകാരം നടത്തിവരുന്നു.

ഇതുകൂടാതെ കൗമാരപ്രായക്കാരുടെയും യുവജനങ്ങളുടെയും മാനസികാരോഗ്യവും വളരെയേറെ പ്രാധാന്യം അർഹിക്കുന്നു.

രക്ഷാകർത്താക്കളും ബന്ധുക്കളും സുഹൃത്തുക്കളും അധ്യാപകരും ഇത് തിരിച്ചറിയേണ്ടതാണ്. 50 ശതമാനം മാനസികരോഗങ്ങളുടെയും പ്രാരംഭ ലക്ഷണം 14 വയസ്സിന്‌ മുമ്പുതന്നെ ആരംഭിക്കുന്നു എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇത് തിരിച്ചറിഞ്ഞ് പരിഹരിച്ചാൽ മനോരോഗങ്ങൾമൂലമുള്ള പ്രശ്‌നങ്ങൾ ഒഴിവാക്കാൻ സാധിക്കും.

‘ആശ്വാസം’ എന്ന പേരിൽ 2017 ലോകാരോഗ്യദിനത്തിൽ സംസ്ഥാനത്തെ 170 കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ വിഷാദരോഗ ക്ലിനിക്കുകൾ ആരംഭിക്കുകയുണ്ടായി.

പിഎച്ച്ക്യു 9 എന്ന ചോദ്യാവലി ഉപയോഗിച്ച് വിഷാദ രോഗമുള്ളവരെ കണ്ടെത്താനും മാനസികാരോഗ്യ പ്രഥമശുശ്രൂഷ നൽകാനുള്ള പരിശീലനം, കുടുംബാരോഗ്യകേന്ദ്രങ്ങളിലെ ഹെൽത്ത് വർക്കർമാർക്കും നേഴ്‌സുമാർക്കും നൽകുകയുണ്ടായി.

വിഷാദരോഗ നിർണയം, ചികിത്സ എന്നിവയ്‌ക്കുള്ള പരിശീലനം ഡോക്ടർമാർക്കും നൽകുകയുണ്ടായി. ജില്ലാ മാനസികാരോഗ്യ പരിപാടിയിലേക്ക് രോഗികളെ റഫർ ചെയ്യാനുള്ള സംവിധാനവും ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുവഴി ആത്മഹത്യാ നിരക്ക് ഗണ്യമായി കുറയ്‌ക്കാൻ കഴിയും.

മാനസികാരോഗ്യം കൈവരിക്കുകയും നിലനിർത്തുകയും ചെയ്യേണ്ടത് സമ്പൂർണമായ ആരോഗ്യം നേടുന്നതിന് അത്യന്താപേക്ഷിതമാണ്.

മാതാപിതാക്കൾ അടക്കമുള്ള ബന്ധുക്കളും സുഹൃത്തുക്കളും ഇക്കാര്യം തിരിച്ചറിയണം. എല്ലാത്തരം മാനസികരോഗങ്ങളും ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്നതാണ്. അതിനാൽത്തന്നെ എല്ലാവരുടെയും ശ്രദ്ധ മാനസികാരോഗ്യത്തിലുണ്ടാകണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here