ഇറ്റലിയിലെ ഏഷ്യാറ്റിക്ക് ചലച്ചിത്ര മേളയിൽ സജിൻ ബാബുവിന് പുരസ്കാരം; ബിരിയാണിക്ക് മികച്ച ചിത്രത്തിനുള്ള നെറ്റ് പാക്ക് അവാർഡ്

റോമിലെ ഇരുപതാമത് ഏഷ്യറ്റിക്ക് ഫിലിം ഫെസ്റ്റിവലിൽ മികച്ച സിനിമക്കുള്ള നെറ്റ് പാക്ക് അവാർഡ് സജിൻ ബാബു സംവിധാനം ചെയ്ത ”ബിരിയാണി”ക്ക്.

നെറ്റ് പാക്ക് ജോയിന്റ് പ്രസിഡന്റ് ഫിലിപ്പ് ചെ ചെയർമാനും, ശ്രീലങ്കൻ സംവിധായകൻ അശോക ഹന്ദഗാമ, ഫിലിം ക്രിട്ടിക് മാര മാറ്റ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡ് നിർണ്ണയിച്ചത്.

ഏഷ്യാറ്റിക്ക് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ മത്സരവിഭാഗത്തിൽ നിന്നാണ് ബിരിയാണിയെ പുരസ്കാരത്തിന് തെരഞ്ഞെടുത്തിരിക്കുന്നത്.

അസ്തമയം വരെ, അയാൾ ശശി എന്നീ ചിത്രങ്ങൾക്ക് ശേഷം സജിൻ ബാബു സംവിധാനം ചെയ്യുന്ന മൂന്നാമത് ചിത്രമാണ് ബിരിയാണി. കടലോരത്തെ വേട്ടയാടപ്പെടുന്ന ഒരു മുസ്ലീം കുടുംബത്തിന്റെ ജീവിത കഥയാണ് ഈ സിനിമയുടെ ഇതിവൃത്തം.

കനി കുസൃതി, ശൈലജ എന്നിവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കൾ.

മലയാളത്തിലെ സ്വതന്ത്ര സിനിമകൾക്ക് അഭിമാനം നൽകുന്ന നേട്ടമാണ് സജിൻ ബാബു നേടിയതെന്ന് പ്രശസ്ത സംവിധായകൻ ഡോ .ബിജു ഫേസ് ബുക്കിൽ എഴുതുന്നു.

ഡോ. ബിജുവിന്റെ ഫേസ് ബുക്ക് പോസ്റ്റ് ചുവടെ:

“അഭിനന്ദനങ്ങൾ പ്രിയ സജിൻ ബാബു. റോമിലെ ഇരുപതാമത് ഏഷ്യാറ്റിക്ക ചലച്ചിത്ര മേളയിൽ സജിൻ ബാബു സംവിധാനം ചെയ്ത ബിരിയാണി മികച്ച സിനിമയ്ക്കുള്ള നെറ്റ്പാക് പുരസ്കാരം നേടി.

മലയാളത്തിലെ സ്വതന്ത്ര സിനിമകൾക്ക് അഭിമാനം നൽകുന്ന നേട്ടം. മലയാളത്തിലെ ഇൻഡിപെൻഡന്റ് സിനിമകളെയും അവ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയ സാമൂഹിക വിഷയങ്ങളെയും പുച്ഛത്തോടെ കാണുന്ന സിനിമാ പ്രവർത്തകരും സംവിധായകരും നിരൂപകരും ഫേസ്‌ബുക്ക് ബുദ്ധിജീവികളും കൂടി വരുന്ന കാലമാണ്.

മലയാള സിനിമയ്ക്ക് അന്താരാഷ്ട്ര തലത്തിൽ മത്സര വിഭാഗത്തിൽ ഇടം പിടിക്കുന്നതും പുരസ്കാരങ്ങൾ നേടിക്കൊടുക്കുന്നതും മലയാളത്തിലെ ഇൻഡിപെൻഡന്റ് സിനിമകൾ ആണ് എന്ന യാഥാർഥ്യം അവർ സൗകര്യപൂർവം വിസ്മരിക്കുകയും അവഗണിക്കുകയും ചെയ്യാറുണ്ട്.

ഏഷ്യാറ്റിക്ക മേളയിൽ ബിരിയാണിയ്ക്ക് ലഭിച്ച നെറ്റ്പാക് പുരസ്‌കാരത്തിന് അഭിനന്ദനങ്ങൾ. സിനിമ എന്റർടൈന്മെന്റ് മാത്രമല്ല എന്ന് വിശ്വസിക്കുന്ന കുറച്ചു കാണികളും സിനിമാ പ്രവർത്തകരും കേരളത്തിൽ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. അവർക്കെല്ലാം ആഹ്ലാദം പകരുന്ന നേട്ടം.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News