കൂടത്തായി കൊലപാതകം: ജോളി ഉള്‍പ്പെടെ മൂന്ന് പ്രതികളുടെ കസ്റ്റഡി ആവശ്യം കോടതി ഇന്ന് പരിഗണിക്കും

കൂടത്തായി കേസിൽ ജോളി അടക്കമുള്ള 3 പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം കോടതി ഇന്ന് പരിഗണിക്കും.

11 ദിവസത്തെ കസ്റ്റഡി ആവശ്യമാണ് താമരശ്ശേരി കോടതി പരിഗണിക്കുക. സാങ്കേതിക സഹായം നല്‍കുന്നതിന് പ്രത്യേക വിഭാഗത്തെ ഉൾപ്പെടുത്തി അന്വേഷണസംഘം വിപുലീകരിച്ചു. ഉത്തരമേഖല ഐ.ജി അശോക് യാദവിനാണ് മേല്‍നോട്ടച്ചുമതല.

റോയിയുടെ കൊലപാതക കേസിൽ റിമാൻറിൽ കഴിയുന്ന ജോളി, എം എസ് മാത്യു, പ്രജുകുമാർ എന്നിവരെ 11 ദിവസം കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്നാണ് അന്വേഷണ സംഘം കോടതിയിൽ ആവശ്യപ്പെട്ടത്.

കൊലപാതക പരമ്പരക്ക് പിന്നില്‍ വന്‍ ആസൂത്രണമെന്നും പോലീസ് പറയുന്നു. മുന്ന് പ്രതികളെയും ഇന്ന് 10 മണിയോടെ ഹാജരാക്കാനാണ് താമരശ്ശേരി കോടതിയുടെ നിർദേശം. കസ്റ്റഡിയിൽ ലഭിക്കുന്നതോടെ വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും ആരംഭിക്കും.

സങ്കീർണ്ണമായ കേസായതിനാൽ കൂടത്തായിയിലെ ദുരൂഹമരണങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം വിപുലീകരിച്ചു. കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിൽ 35 പേരുണ്ട്.

ഉത്തരമേഖല ഐ.ജി അശോക് യാദവിനാണ് മേല്‍നോട്ടച്ചുമതല. കണ്ണൂര്‍ എ.എസ്.പി ശില്‍പ്പ ഡി, നാദാപുരം എ.എസ്.പി അങ്കിത് അശോകന്‍, താമരശ്ശേരി, താലശ്ശേരി ഡിവൈ.എസ്.പിമാരായ കെ.പി. അബ്ദുള്‍ റസാക്ക്, വേണുഗോപാല്‍ കെ.വി, കോഴിക്കോട് സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ ശിവപ്രസാദ്.സി, പോലീസ് ആസ്ഥാനത്തെ ഹൈ ടെക് സെല്‍ ഇന്‍സ്പെക്റ്റര്‍ സ്റ്റാര്‍മോന്‍ ആര്‍. പിള്ള എന്നിവരെയാണ് പുതുതായി സംഘത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അന്വേഷണത്തിന് സാങ്കേതികസഹായം നല്‍കുന്നതിന് ഐ.സി.റ്റി വിഭാഗം പോലീസ് സൂപ്രണ്ട് ഡോ. ദിവ്യ വി. ഗോപിനാഥിന്‍റെ നതൃത്വത്തില്‍ പ്രത്യേകസംഘം ഉണ്ടായിരിക്കും.

ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ഡയറക്റ്റര്‍, ഫിംഗര്‍ പ്രിന്‍റ് ബ്യൂറോ ഡയറക്റ്റര്‍, കണ്ണൂര്‍ റീജിയണല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ഡയറക്റ്റര്‍, കണ്ണൂര്‍ റീജിയണല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ ബയോളജി വിഭാഗം മേധാവി, തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ സീറോളജി വിഭാഗം മേധാവി, തൃശൂര്‍ കേരളാ പോലീസ് അക്കാദമിയിലെ ഫോറന്‍സിക് വിഭാഗം മേധാവി എന്നിവരാണ് അംഗങ്ങള്‍.

കേസ് അന്വേഷണം ജോളിയുടെ കുടുംബാംഗളിലേക്കും അടുത്ത സുഹൃത്തുക്കളിലേക്കും നീങ്ങുകയാണ്. കൂടുതൽ പേരെ ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികളും തുടരും. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റിനും സാധ്യതയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News