ഗാന്ധിജി ഉയർത്തിപ്പിടിച്ച ദേശീയതാ സങ്കൽപം സാഹോദര്യത്തിന്റേത്: സുനിൽ പി ഇളയിടം

ഗാന്ധിജി ഉയർത്തിപ്പിടിച്ച ദേശീയതാ സങ്കൽപം ഉൾക്കൊള്ളലിന്റേതും സാഹോദര്യത്തിന്റേതുമാണെന്ന് പ്രമുഖ പ്രഭാഷകൻ സുനിൽ പി. ഇളയിടം പറഞ്ഞു.

തൃശൂർ ടൗൺ ഹാളിൽ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ സംസ്ഥാനതല സമാപന ചടങ്ങിൽ ‘ഗാന്ധിജിയുടെ സമകാലികത’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

അപരങ്ങളില്ലാത്ത രാഷ്ട്രം എന്ന നിലയിലേക്ക് ആധുനിക ഇന്ത്യയെക്കുറിച്ചുള്ള ബോധ്യത്തെ വികസിപ്പിക്കാൻ കഴിഞ്ഞതാണ് ഗാന്ധിജിയുടെ ദേശീയതാ സങ്കൽപത്തിന്റെ മർമ്മമെന്ന് സുനിൽ പി. ഇളയിടം പറഞ്ഞു.

ഭാഷയേയും മതത്തേയും ദേശീയതയുടെ ആധാരമായി സങ്കൽപിച്ചാൽ അതിൽ ഉൾപ്പെടാത്തവ ദേശീയതയുടെ അപരങ്ങളാവും. ഹിന്ദുമതവർഗീയവാദികൾ പുറമേക്ക് എന്തെല്ലാം പറഞ്ഞാലും ഗാന്ധിജി അവരുടെ മുഖ്യശത്രുവാണ്.

ഗാന്ധിജിയുടെ ലോകമൂല്യം തങ്ങൾക്ക് കൂടി അവകാശപ്പെടാൻ കഴിയുമോ എന്നതാണ് ഇപ്പോഴത്തെ സൂത്രപ്പണികളുടെ പ്രേരണ.

ഹിന്ദുമതത്തിൽ അധിഷ്ഠിതമായതാണ് ഹൈന്ദവ വർഗീയതയുടെ ദേശീയതാ സങ്കൽപം. മതാധിഷ്ഠിത ദേശീയതാ സങ്കൽപത്തെ ഗാന്ധിജി നിരന്തരം എതിർത്തു.

ദേശീയതകൾ മനുഷ്യനെ അകത്തും പുറത്തും വിഭജിക്കുന്നതാണ്. ഹിന്ദിയെ മുൻനിർത്തി ഇതിനാണ് ഇപ്പോൾ ശ്രമിക്കുന്നത്. ഗാന്ധിജി വൃത്തിയാക്കാൻ ശ്രമിച്ച ധാരാളം അഴുക്കുകളിലൊന്നാണ് മതവർഗീയത.

ഗാന്ധിജി തൂത്തുവാരിക്കളഞ്ഞ ചവറാണ് നിർഭാഗ്യവശാൽ ഇപ്പോൾ നമ്മെ മൂടിക്കിടക്കുന്നത്. മതാധിഷ്ഠിതമായ ഏകരാഷ്ട്രവാദത്തെ ഗാന്ധിജി അംഗീകരിച്ചിട്ടേയില്ല. അതുകൊണ്ടാന് തന്റെ രാജ്യം എന്നത് ഇന്ത്യ മാത്രമാണെന്ന് ഗാന്ധിജിക്ക് തോന്നാതിരുന്നത്.

ഗാന്ധിജിയുടെ ദേശീയതാ സങ്കൽപം ഒരിക്കലും സാമ്രാജ്യത്വാധിഷ്ഠിതമല്ല. ഇന്ത്യയേപ്പോലെ പാക്കിസ്ഥാന് വേണ്ടിയും അദ്ദേഹം നിരാഹാരം കിടന്നു.

തന്റെ രാമരാജ്യം ഹിന്ദുവിന്റെ രാമരാജ്യമല്ല എന്ന് യംഗ് ഇന്ത്യയിൽ ഗാന്ധിജി എഴുതിയിട്ടുണ്ട്. തന്റെ മനസ്സിലെ സത്യബോധത്തിന്റെ പേരാണ് രാമൻ എന്നാണ് ഗാന്ധിജി പറഞ്ഞത്.

2000 കൊല്ലം സ്വാഭാവികമായി നിലനിന്ന അയിത്താചാരത്തെ 30 കൊല്ലം കൊണ്ട് അനാചാരമാക്കുകയാണ് ഗാന്ധിജി ചെയ്തത്.

ഗാന്ധിയുടെ മുഖ്യശത്രുക്കൾ അനുയായികളായി മാറാൻ ശ്രമിക്കുന്നതാണ് ഇന്ന് നാം കാണുന്നത്. ഗാന്ധിയെ കൊന്നത് ഗോഡ്സേയാണെങ്കിലും അതിനുപിന്നിൽ ഒരു പ്രത്യയശാസ്ത്രമുണ്ട്.

ആ ആശയം മനുഷ്യത്വ വിരുദ്ധമാണ്. നിരന്തരം പരിണമിച്ച വ്യക്തിയായിരുന്നു ഗാന്ധി. മാനുഷികതയും നൈതികതയുമായിരുന്നു അദ്ദേഹത്തിന്റെ അടിത്തറ.

നമ്മുടെ ദൈനംദിന ജീവിതത്തിന്റെ സൂക്ഷ്മസ്വരൂപത്തിൽ മുതലാളിത്തം കടന്നുകയറി പ്രവർത്തിക്കുന്നത് എങ്ങിനെയാണെന്ന മറ്റാർക്കുമില്ലാത്ത ഉൾക്കാഴ്ച ഗാന്ധിജിക്കുണ്ടായിരുന്നു. ഇത് ഗാന്ധിജിയുടെ ദേശീയതാ സങ്കൽപത്തിലുണ്ട്.

മുതലാളിത്ത,സാമ്രാജ്യത്വ നയങ്ങൾകെതിരെ നിത്യജീവിതത്തിൽ നിന്ന് രാഷ്ട്രീയ സമരം ആരംഭിച്ച വ്യക്തിയാണ് ഗാന്ധിജിയെന്നും സുനിൽ പി. ഇളയിടം പറഞ്ഞു.

രാജ്യത്തെ വിവിധ കാഴ്ചപ്പാടുകള തമസ്‌കരിക്കാതെ കൂടെ നിർത്തിയതാണ് ഗാന്ധിജിയുടെ പ്രസക്തിയെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത ടി എൻ പ്രതാപൻ എം.പി പറഞ്ഞു.

ഗാന്ധിയെ വേണ്ട വിധത്തിൽ ഉൾക്കൊള്ളാൻ നമുക്ക് ഇനിയും സാധിച്ചിട്ടില്ല. ഗാന്ധിജിയുടെ നാമധേയം പാർലമെന്റിൽ പോലും ഇന്ന് ഉ ച്ചരിക്കപ്പെടുന്നില്ല എന്നത് ഒരു ഫാസിസ്റ്റ് രീതിയാണെന്നും എം.പി പറഞ്ഞു.

കോർപറേഷൻ മേയർ അജിത വിജയൻ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ എസ് ഷാനവാസ്, ഐ ആൻഡ് പി ആർ ഡി ഡയറക്ടർ യു വി ജോസ്, മേഖല ഡപ്യൂട്ടി ഡയറക്ടർ വി പി സുലഭകുമാരി,

ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ എൻ ഹരി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ബി സേതുരാജ് എന്നിവർ സംസാരിച്ചു. ലൈബ്രറി കൗൺസിലിന്റെ ഗാന്ധി ലഘുലേഖ ചടങ്ങിൽ സുനിൽ പി. ഇളയിടം പ്രകാശനം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News