കൂടത്തായി: ജോളിയും കൂട്ടുപ്രതികളും പൊലീസ് കസ്റ്റഡിയില്‍; ചോദ്യംചെയ്യല്‍ തുടരുന്നു; റോയിയെ കൊല്ലാന്‍ ജോളിക്ക് നാലു കാരണങ്ങള്‍

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസില്‍ ജോളിയെയും കൂട്ടുപ്രതികളായ മാത്യു, പ്രജുകുമാര്‍ എന്നിവരെ ആറു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ട് താമരശ്ശേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു.

കേസ് ഇനി ഈ മാസം പതിനാറിന് പരിഗണിക്കും. പ്രതികളുടെ ജാമ്യാപേക്ഷയും അന്നേ ദിവസം പരിഗണിക്കും.

പ്രതികളെ വടകര റൂറല്‍ എസ്പി ഓഫിസീല്‍ ചോദ്യം ചെയ്തുവരികയാണ്. ആധുനിക സൗകര്യങ്ങളുള്ള മുറിയിലാണ് ചോദ്യം ചെയ്യല്‍. പ്രതികളെ ഒറ്റയ്ക്കും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്യും.

ജോളി ആദ്യഭര്‍ത്താവ് റോയിയെ കൊല്ലാന്‍ നാല് കാരണങ്ങളെന്ന് പൊലീസ് കസ്റ്റഡി അപേക്ഷയില്‍ പറയുന്നു.

റോയിയുടെ അമിതമായ മദ്യപാനം, അന്ധവിശ്വാസം, ജോളിയുടെ പരപുരുഷബന്ധത്തെ എതിര്‍ത്തത്, കൂടാതെ സ്ഥിരവരുമാനമുള്ള ആളെ വിവാഹം കഴിക്കാനുള്ള ജോളിയുടെ ആഗ്രഹം എന്നിവയാണ് റോയിയെ കൊലപ്പെടുത്താനുള്ള കാരണങ്ങളായി കസ്റ്റഡി അപേക്ഷയില്‍ പറഞ്ഞിരിക്കുന്നത്.

പൊന്നാമറ്റം തറവാടുമായി ബന്ധപ്പെട്ട അഞ്ച് മരണങ്ങളും സമാനമായ സാഹചര്യങ്ങളിലാണ് നടന്നത്. ഈ ആറുമരണങ്ങള്‍ക്കും പരസ്പര ബന്ധമുണ്ട്. അഞ്ചു മരണങ്ങളിലും ജോളിയുടെ സാന്നിധ്യമുണ്ടെന്നും പൊലീസ് കസ്റ്റഡി അപേക്ഷയില്‍ പറയുന്നു.

ഈ മരണങ്ങളുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദാംശങ്ങള്‍ ലഭിക്കാന്‍ ജോളിയെ കസ്റ്റഡിയില്‍ ലഭിക്കേണ്ടതുണ്ട്. സയനൈഡ് എവിടെ നിന്ന ലഭിച്ചു, എത്ര തവണ ഉപയോഗിച്ചു, എപ്പോള്‍ നല്‍കി തുടങ്ങി അന്നമ്മയുടെ മരണം മുതല്‍ സിലിയുടെ മരണം വരെയുള്ള കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കാന്‍ ജോളിയെ കസ്റ്റഡിയില്‍ വേണമെന്ന് ക്രൈംബ്രാഞ്ച് കസ്റ്റഡി അപേക്ഷയില്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here