ഷീറ്റ് ഇട്ട ഒറ്റമുറി വീട്; അമ്മയും അച്ഛനും രണ്ട് പെൺമക്കളും; കാക്കനാട് പെൺകുട്ടിയെ ചുട്ടു കൊന്ന ക്രൂരത ഇങ്ങനെ

എറണാകുളം കാക്കനാട് യുവാവ് പ്ലസ് വൺ വിദ്യാർഥിനിയെ തീ കൊളുത്തി കൊലപ്പെടുത്തി. കാളങ്ങാട്ട്‌ പത്മാലയത്തിൽ ശാലന്റെ മകൾ ദേവികയാണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയെ ആക്രമിച്ച പറവൂർ സ്വദേശി മിഥുനും പൊള്ളലേറ്റ് മരിച്ചു.

ഇവർക്കിടയിലെ പ്രണയം വീട്ടിൽ അറിഞ്ഞതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഇൻഫോ പാർക്ക് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

അർദ്ധ രാത്രിയോടെയാണ് പറവൂർ സ്വദേശി മിഥുൻ ബൈക്കിൽ കാക്കനാട്ടെ പെൺ കുട്ടിയുടെ വീട്ടിൽ എത്തിയത്. ദേഹത്ത് പെട്രോളൊഴിച്ച ശേഷം വാതിലിൽ ഇയാൾ മുട്ടി വിളിച്ചു.

കതക് തുറന്ന പെൺ കുട്ടിയുടെ അച്ഛനെ തള്ളി മാറ്റിയാണ് മിഥുൻ അകത്ത് കയറി ദേവികയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയത്.

ഇയ മകളേയും കൊണ്ട് വീടിന് പുറത്തേക്ക് ഓടിയ അമ്മ മോളിയുടെ നിലവിളി കേട്ടാണ് പരിസര വാസികൾ വിവരമറിയുന്നത്.

മുൻപും ഇതേ വിഷയത്തിൽ പെൺകുട്ടിയുടെ വീട്ടുകാരുമായി മിഥുന് വാക്ക് തർക്കം ഉണ്ടായിട്ടുണ്ട്. കൊല്ലപ്പെട്ട ദേവികയുടെ അമ്മ മോളിയുടെ അകന്ന ബന്ധുവാണ് മിഥുൻ.

ഇയാളും ദേവികയും തമ്മിൽ ഈയിടുത്ത കാലം മുതൽ ഇഷ്ടത്തിലായിരുന്നെന്ന് ദേവികയുടെ കൂട്ടുകാർ പറഞ്ഞു.

പ്രണയ ബന്ധം വീട്ടിലറിഞ്ഞതോടെ പെൺകുട്ടിയുടെ രക്ഷിതാക്കൾ ഇൻഫോ പാർക്ക് പൊലീസിൽ മിഥുനെതിരെ പരാതി നൽകി. പ്രശ്നം ഒത്തുതീർപ്പിൽ എത്തിയെങ്കിലും പൊലീസിൽ പരാതി നൽകിയതാണ് കൊലപാതകത്തിന് മിഥുനെ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം.

പൊള്ളലേറ്റ ദേവിക വീടിനുള്ളിൽ വെച്ച് തന്നെ മരണപ്പെട്ടു. മിഥുനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും താമസിയാതെ ഇയാൾ മരണത്തിന് കീഴടങ്ങി.

മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ശാലനും പൊള്ളലേറ്റിട്ടുണ്ട്. പോസ്റ്റുമാർട്ടം ഉൾപ്പടെയുള്ള നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here