പാലാരിവട്ടം പാലം പൊളിക്കുന്നതിനു കോടതിയുടെ അനുമതി വേണമെന്ന് ഹൈക്കോടതി ഉത്തരവ്. ഭാരം കയറ്റിയുള്ള പരിശോധന പാലത്തില്‍ നടത്തിയില്ലെന്ന് ആരോപിച്ച് സമര്‍പ്പിച്ച വ്യത്യസ്ത ഹര്‍ജികള്‍ പരിഗണിച്ചാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്. വിഷയത്തില്‍ മറുപടി നല്‍കാന്‍ സര്‍ക്കാരിന് കോടതി രണ്ടാഴ്ച സമയം അനുവദിച്ചു.

സ്ട്രക്ചറല്‍ എന്‍ജിനീയേഴ്സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജി ഉള്‍പ്പെടെ മൂന്ന് ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിച്ചത്. പാലത്തിന്റെ ഭാര പരിശോധന മുംബൈ ഐഐടിയെ കൊണ്ട് നടത്തണമെന്ന ഹര്‍ജിക്കാരുടെ ആവശ്യത്തില്‍ കോടതി സര്‍ക്കാരിന്റെ വിശദീകരണം ആവശ്യപ്പെട്ടു.

ഇതു സംബന്ധിച്ച് അടുത്ത രണ്ടാഴ്ചയ്ക്കകം സര്‍ക്കാര്‍ വിശദീകരണം നല്‍കണം. ചെന്നൈ ഐഐടിയുടെയും ഈ ശ്രീധരന്റെയും ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ പരിഗണിച്ചില്ല എന്ന ആരോപണവും ഹര്‍ജിയില്‍ ഉണ്ട്.