കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി ജോളി ജോസഫിന്റെ നേതൃത്വത്തിലുള്ള സെക്‌സ് റാക്കറ്റ് പ്രവര്‍ത്തിച്ചിരുന്നത് എന്‍ഐടിക്ക് സമീപത്തെ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച്.

ഇത് ജോളിയുടെ പേരില്‍ തന്നെയുള്ള ഫ്‌ളാറ്റ് ആണെന്നാണ് അന്വേഷണസംഘം നല്‍കുന്ന വിവരങ്ങള്‍.

കഴിഞ്ഞകുറെ വര്‍ഷങ്ങളായി ഇവിടെ എത്തുന്നവരില്‍ പ്രമുഖരുണ്ട്. മാത്രമല്ല, പെണ്‍കുട്ടികളെ കാണിച്ച് ബ്ലാക്ക് മെയിലിംഗ് വഴി പല പ്രമുഖരില്‍ നിന്നും ജോളി കോടിക്കണക്കിന് പണം തട്ടിയതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

പെണ്‍കുട്ടികളെ കബളിപ്പിച്ച് വരുത്തിയിലാക്കിയ ശേഷം പെണ്‍വാണിഭത്തിന് ഉപയോഗിച്ചതായി അന്വേഷണ സംഘത്തിന് നേരത്തെ സൂചന ലഭിച്ചിരുന്നു. പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ എന്‍ഐടി കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ശക്തമാക്കി.

അതേസമയം, കൊലപാതകത്തിന് ഉപയോഗിച്ച സയനൈഡ് എന്‍ഐടി ലാബില്‍നിന്ന് ലഭിക്കാനുള്ള സാധ്യതയും പൊലീസ് തള്ളുന്നില്ല.

മുമ്പ് എന്‍ഐടിയില്‍ സയനൈഡ് ഉപയോഗിച്ചിരുന്നു. എന്നാല്‍, 1997ന് ശേഷം സയനൈഡ് ലാബില്‍ ഉപയോഗിക്കുന്നില്ല. മുമ്പ് വാങ്ങിയ സയനൈഡ് ലാബില്‍ ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്. ഇതിന് രണ്ട് താക്കോലുകളുണ്ട്. ഇവ രണ്ട് പേരാണ് സൂക്ഷിച്ചിരിക്കുന്നത്. ഇവിടെനിന്നും ജോളിക്ക് സയനൈഡ് കിട്ടിയോ എന്നാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.

എന്‍ഐടി രസതന്ത്ര വിഭാഗം അധ്യാപകനായ സി അരുണ്‍കുമാറിന്റെ മരണം പൊലീസ് അന്വേഷിക്കുന്നതായാണ് സൂചന. കുഴഞ്ഞ് വീണ ഇദ്ദേഹം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.