ഭാരതത്തെ ഹൈന്ദവ  രാഷ്ട്രമാക്കാനുള്ള സംഘപരിവാര്‍ ശ്രമങ്ങള്‍ക്ക് വിലങ്ങുതടിയായത് ഗാന്ധിജിയായിരുന്നുവെന്ന് വെളിവാക്കുന്ന കാര്‍ട്ടൂണാണിത്. പൊതുപ്രവര്‍ത്തകന്‍ ജയദേവനാണ് ചരിത്രം പറയുന്ന കാര്‍ട്ടൂണ്‍ കാലയവനികയില്‍ നിന്നും വീണ്ടെടുത്ത് പുതുതലമുറക്ക് കാട്ടി തന്നത്.

1945-ല്‍ അഗ്രണി എന്ന പത്രത്തില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണാണിത്. പത്രംഉടമകളാവട്ടെ ഗാന്ധി വധക്കേസിലെ പ്രതികളായ നാഥുറാം ഗോഡ്‌സേയും നാരായണ്‍ ആപ്‌തേയും. ഗാന്ധിജിയെ പത്ത് തലയുള്ള രാവണനായി ചിത്രീകരിച്ചിരിക്കുന്നു. ആ തലകളില്‍ നെഹ്‌റുവും ആസാദും മാത്രമല്ല ഇപ്പോള്‍ കൂറ്റന്‍ പ്രതിമ സ്ഥാപിച്ച് സംഘപരിവാര്‍ സ്വന്തമാക്കാന്‍ ശ്രമിക്കുന്ന സര്‍ദാര്‍ പട്ടേലും സുഭാഷ് ചന്ദ്ര ബോസുമുണ്ട്!

ആ ‘രാവണനു ‘ നേരെ വില്ലു കുലച്ചു നില്‍ക്കുന്നതോ ഹിന്ദുത്വ ശക്തികളുടെ ആചാര്യന്‍ വി.ഡി.സവര്‍ക്ക(തൊപ്പി വെച്ചയാള്‍)റും ജനസംഘം സ്ഥാപകനും ‘മഹാനായ ‘നേതാവുമായ ശ്യാമപ്രസാദ് മുഖര്‍ജിയും കുലച്ച വില്ല് അഖണ്ഡ ഭാരതത്തിന്റേയും. അതായത് അഖണ്ഡ ഹിന്ദു രാഷ്ട്രം സ്ഥാപിക്കാന്‍ ഗാന്ധിജിയും നെഹ്‌റുവുംപട്ടേലും നേതാജിയും ആസാദും നേതൃത്വം നല്‍കുന്ന ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ നെഞ്ച് പിളരണമെന്നാണ് കാര്‍ട്ടൂണ്‍ നല്‍കുന്ന സന്ദേശം.

മൂന്നു വര്‍ഷത്തിനു ശേഷം സവര്‍ക്കറും മുഖര്‍ജിയും വില്ലു കുലച്ച് ഉന്നം വെച്ച ഗാന്ധിജിയുടെ മാറിലേക്ക് ഉന്നം തെറ്റാതെ അവരുടെ അനുയായി ഗോഡ്‌സേ നിറയൊഴിച്ചു. ഗാന്ധി വധത്തിനു പിന്നിലെ ശക്തികളും പ്രത്യയശാസ്ത്രവും ഏതാണെന്ന് ഏത് നിഷ്‌കളങ്കനും മനസ്സിലാക്കി കൊടുക്കാന്‍ സഹായിക്കുന്നതാണ് ഈ കാര്‍ട്ടൂണ്‍. എന്നും ദേശവിരുദ്ധരായ സംഘപരിവാറിന്റെ വഞ്ചനയുടെ ഒസ്യത്തും.ഇത് കണ്ടെടുത്തതിന് ജയദേവന് അഭിനന്ദിക്കാതെ വയ്യ.