ജിഷ്ണു പ്രണോയ് കേസ്; വിദ്യാർത്ഥികൾക്ക് നേരെ പ്രതികാര നടപടിയുമായി നെഹറു കോളേജ്; ഇന്‍റേണൽ മാർക്ക് ബോധപൂർവ്വം തിരുത്തി

ജിഷ്ണു പ്രണോയ് കേസിൽ വിദ്യാർത്ഥികൾക്ക് നേരെ പ്രതികാര നടപടിയുമായി നെഹറു കോളേജ് മാനേജ്മെന്‍റ്. ആർ.രാജേഷ് എം.എൽ.എ അധ്യക്ഷനായ സമിതിയുടെതാണ് കണ്ടെത്തൽ. വിദ്യാർത്ഥികളുടെ ഇന്‍റേണൽ മാർക്ക് ബോധപൂർവ്വം തിരുത്തി തോൽപ്പിച്ചതായി കമ്മീഷൻ കണ്ടെത്തി. ഇന്‍റേണൽ അധ്യാപകരായ ശ്രീകാന്ത്, അനൂപ് സെബാസ്റ്റ്യൻ, സുധാകർ എന്നിവർക്ക് മാർക്ക് കുറച്ചതിൽ പങ്കുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

2017 ജനുവരിയിലാണ് ജിഷ്ണു പ്രണോയ് മരണപ്പെട്ടത്. അതിന് ശേഷം നടന്ന ഇന്‍റേണൽ പരീക്ഷയിലാണ് 3 വിദ്യാർത്ഥികളെ നെഹറു കോളേജിലെ 3 വിദ്യർത്ഥികളുടെ മാർക്ക് തിരുത്തി അവരെ പരാജയപ്പെടുത്തിയതെന്നാണ് അന്വേഷണ കമ്മീഷന്‍റെ കണ്ടെത്തൽ.

ഇന്‍റേണൽ വിഭാഗം അധ്യാപകരായ ശ്രീകാന്ത്, അനൂപ് സെബാസ്റ്റ്യൻ, സുധാകർ എന്നിവർക്ക് മാർക്ക് കുറച്ചതിൽ പങ്കുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ജിഷ്ണു കേസിൽ മാനേജ്മെന്‍റിനെതിരായ വിദ്യാർത്ഥി സമരങ്ങളിലെ ഇവരുടെ   പങ്കാളിത്തം, നേതൃത്വം എന്നിവയാണ് പ്രതികാര നടപടിക്ക് കാരണമായി കമ്മീഷൻ കണ്ടെത്തിയത്. മാനേജ്മെന്‍റിന് ഇൗ വിദ്യാർത്ഥികളോട് ശത്രുതാപരമായ മനോഭാവമുണ്ട്.

2013ൽ പ്രവേശനം നേടിയ വിദ്യാർത്ഥികളെയാണ് പരാജയപ്പെടുത്തിയത്. മാനേജ്മെന്‍റാണ് അധ്യാപകരെ ഉപയോഗിച്ച് പരാജയപ്പെടുത്തിയതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.  വിദ്യാർത്ഥികളുടെ മുൻ പരിക്ഷകളും ഫലങ്ങളും കമ്മീഷൻ പരിശോധിച്ചു.

2017ന് മുൻപ് നടന്ന പ്രാക്ടിക്കൽ പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികളാണ് ജിഷ്ണുവിന്‍റെ മരണ ശേഷം നടന്ന പരീക്ഷയിൽ പരാജയപ്പെട്ടത്. ഈ സാഹചര്യത്തിലാണ് പരാജയം സ്വാഭാവികമായി സംഭവിച്ചതല്ലെന്നും ഇന്‍റേണൽ എക്സാമിനർമാരെ ഉപയോഗിച്ച് നടത്തിയ ബോധപൂർവ്വമായ പരാജയപ്പെടുത്തലാണെന്നും സമിതിക്ക് ബോധ്യപ്പെട്ടു.

വിദ്യാർത്ഥികളുടെ ഒരു വർഷമാണ് ഇത്തരത്തിൽ മാർക്ക് തിരുത്തി അവരെ തോൽപ്പിച്ചതിലൂടെ നഷ്ടമായിരിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭമാരംഭിക്കാനാണ് എസ്.എഫ്.ഐയുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here