സാഹിത്യ നൊബേല്‍ പ്രഖ്യാപിച്ചു: ഓള്‍ഗ ടോകാര്‍ചുക്ക്‌നും പീറ്റര്‍ ഹാന്‍ഡ്കെയ്ക്കും പുരസ്‌കാരം

രണ്ട് വര്‍ഷത്തെ സാഹിത്യ നൊബേല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പോളിഷ് എഴുത്തുകാരി ഓള്‍ഗ ടോകാര്‍ചുക്ക്‌നാണ് 2018ലെ പുരസ്‌കാരം. ഓസ്ട്രേലിയന്‍ സാഹിത്യകാരന്‍ പീറ്റര്‍ ഹാന്‍ഡ്കെ ഈ വര്‍ഷത്തെ പുരസ്‌കാരത്തിന് അര്‍ഹനായി.

സര്‍വ്വവിജ്ഞാനതുല്യമായ അഭിനിവേശം ജീവിതത്തിന്റെ രൂപമാക്കി അതിരുകള്‍ കടക്കുന്ന ആഖ്യാന ഭാവന എന്നാണ് ഓള്‍ഗ ടോകാര്‍ചുക്കിന്റെ എഴുത്തിനെ സ്വീഡിഷ് അക്കാദമി വിശേഷിപ്പിച്ചത്. ഭാഷാപരമായ ചാതുര്യം ഉപയോഗിച്ച് മനുഷ്യാനുഭവത്തിന്റെ പരിധികളെയും പ്രത്യേകതകളെയും അന്വേഷിച്ച എഴുത്താണ് പീറ്റര്‍ ഹന്‍ഡ്‌കെയുടെതെന്നും അക്കാദമി വിലയിരുത്തി.

പോളിഷ് എഴുത്തുകാരിയും ആക്ടിവിസറ്റുമാണ് 2018ലെ മാന്‍ ബുക്കര്‍ പുരസ്‌കാര ജേതാവ് കൂടിയായ ഓള്‍ഗ ടോകാര്‍ചുക്ക്. ജനപ്രീതിയും നിരൂപക പ്രശംസയും ഒരുപോലെ നേടിയ ഓള്‍ഗ മാന്‍ ബുക്കര്‍ പുരസ്‌കാരം ലഭിച്ച ആദ്യ പോളിഷ് സാഹിത്യകാരികൂടിയാണ്.

സിറ്റീസ് ഇന്‍ മീററസ്, ദി ജെര്‍ണി ഓഫ് ദി ബുക്ക് പീപ്പിള്‍, പ്രീമിവെല്‍ ആന്‍ഡ് അദര്‍ ടൈംസ്, ഹൗസ് ഓഫ് ഡേ ഹൗസ് ഓഫ് നൈറ്റ്, ദി വാര്‍ഡൊബിള്‍, ദ ഡോള്‍ ആന്‍ഡ് ദി പേള്‍ തുടങ്ങിയവയാണ് പ്രധാന കൃതികള്‍. ഓള്‍ഗയുടെ പ്രധാന കൃതികള്‍ നിരവധി ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

ഓസ്ട്രിയന്‍ നോവലിസ്റ്റും നാടകകൃത്തും വിവര്‍ത്തകനുമാണ് പീറ്റര്‍ ഹന്‍ഡ്കെ. പഠനകാലത്ത് തന്നെ എഴുത്തുകാരനായി പേരെടുത്ത അദ്ദേഹം നിരവധി ചിത്രങ്ങള്‍ക്കും തിരക്കഥയെഴുതിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം പുരസ്‌കാരം പ്രഖ്യാപിക്കാതിരുന്നതുകൊണ്ട് രണ്ട് വര്‍ത്തെ ഒരുമിച്ചാണ് സ്വീഡിഷ് അക്കാദമി പ്രഖ്യാപിച്ചത്.

ജാപ്പനീസ് – ബ്രിട്ടീഷ് എഴുത്തുകാരന്‍ കസുവോ ഇഷിഗുരോയാണ് 2017ലെ പുരസ്‌കാരം നേടിയത്.

ഈ വര്‍ഷം ഇതുവരെ രസതന്ത്രം, ഭൗതികശാസ്ത്ര, വൈദ്യശാസ്ത്രം പുരസ്‌കാരങ്ങളാണ് നല്‍കിയത്. ഇനി സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരമാണ് പ്രഖ്യാപിക്കാനുള്ളതില്‍ രാഷ്ട്രീയമായി ഏറ്റവും പ്രധാനം.

അക്കീര യോഷിനോ, എം സ്റ്റാന്‍ലി വിറ്റിങ്ങാം, ജോണ്‍ ബി ഗുഡിനഫ് എന്നിവരാണ് കെമിസ്ട്രിക്കുള്ള നൊബേല്‍ പുരസ്‌കാരം നേടിയത്. ജീം പീബിള്‍സ്, മൈക്കിള്‍ മേയര്‍, ദിദിയെര്‍ ക്വലോസ് എന്നിവര്‍ക്കായിരുന്നു ഭൗതികശാസ്ത്ര നൊബേല്‍. വില്യം ജി കെയ്‌ലിന്‍, ഗ്രെഗ് എല്‍ സെമന്‍സ്, പിറ്റര്‍ റാറ്റ്ക്ലിഫ് എന്നിവര്‍ക്കാണ് വൈദ്യശാസ്ത്ര നൊബേല്‍.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here