അപൂർവ രോഗം ബാധിച്ച് ആറര മാസമായി അബുദാബി ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ കഴിഞ്ഞിരുന്ന തിരുവനന്തപുരം നെടുമങ്ങാട് വിതുര സ്വദേശി ബിന്ദുവിന്റെ മകൾ നീതുവിനെ വിദഗ്ധ ചികിത്സയ്ക്കായി ഇന്നു നാട്ടിലേക്കു കൊണ്ടുപോകും. വിമാനത്തിൽ യാത്ര ചെയ്യാനാവും വിധം ആരോഗ്യം വീണ്ടെടുത്തതോടെ യാത്രാനുമതി നൽകുകയായിരുന്നു ആശുപത്രി അധികൃതർ.

അരയ്ക്കു താഴെ തളർന്ന് അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന നീതുവിനെ കേരള സര്‍ക്കാര്‍ സഹായിച്ചാണ് നാട്ടില്‍ എത്തിക്കുന്നത്. ഇന്നു രാത്രി ഷാർജ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിക്കുന്ന നീതുവിനെ തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലെത്തിക്കും.

സ്ട്രെച്ചറിലുള്ള രോഗിയെ അഹല്യ ആശുപത്രിയിലെ സ്റ്റാഫ് നഴ്സും അമ്മ ബിന്ദുവും അനുഗമിക്കും. നാളെ രാവിലെ തിരുവനന്തപുരത്ത് എത്തുന്ന നീതുവിനെ ശ്രീചിത്തിര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശിപ്പിക്കും.

ഇതിനാവശ്യമായ സൗകര്യങ്ങൾ നോർക്ക ഏർപ്പാടാക്കിയിരുന്നു. അബുദാബി ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ സന്ദർശിച്ച വ്യവസായ മന്ത്രി ഇ.പി ജയരാജനും സ്പീക്കർ ശ്രീരാമകൃഷ്ണനുമാണു നോർക്കയുടെ സഹായം ഉറപ്പു നൽകിയത്.

ഭർത്താവ് ഉപേക്ഷിച്ചതോടെ നിത്യജീവിതത്തിനു വക തേടി 2 മക്കളെയും അമ്മയെ ഏൽപിച്ച് അബുദാബിയിൽ തൂപ്പു ജോലിക്ക് എത്തിയതായിരുന്നു ബിന്ദു. 12 വർഷത്തെ അധ്വാനത്തിനൊടുവിൽ മകൾ നീതുവിനെ വിവാഹം ചെയ്തയച്ചു. പിന്നീടു സന്ദർശക വീസയിൽ അമ്മയെ കാണാനെത്തിയ നീതുവിനു മാർച്ച് 17ന് പനിയും ഛർദിയും അപസ്മാരവും അനുഭവപ്പെടുകയായിരുന്നു.

അപസ്മാരം കൂടിയതോടെ 27ന് ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റിയിലേക്ക് മാറ്റുകയായിരുന്നു. 4 മാസത്തോളം തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. നീതുവിന്റെ സന്ദർശക വീസ കാലാവധി തീർന്നതു മൂലമുണ്ടായിരുന്ന 18,000 ദിർഹം പിഴ ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ വിപുലിന്റെ ഇടപെടലിലൂടെ എമിഗ്രേഷൻ അധികൃതർ എഴുതിത്തള്ളി.നാട്ടിലേക്കു കൊണ്ടുപോകാനുള്ള ആദ്യ ശ്രമം നീതുവിന്റെ ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്ന് വിഫലമായിരുന്നു.