തിരുവനന്തപുരം: കുട്ടനാടിന്റെ വികസനത്തിന് ആസൂത്രണ ബോര്‍ഡ് പ്രത്യേക പാക്കേജ് തയ്യാറാക്കി. 2477.66 കോടി രൂപയുടെ പദ്ധതിക്കാണ് ആസൂത്രണ ബോര്‍ഡ് രൂപം നല്‍കിയത്. ആസൂത്രണ ബോര്‍ഡ് തയ്യാറാക്കിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. സംയോജിത ജലവിഭവ മാനേജ്മെന്റിലൂടെയാണ് പദ്ധതി നടപ്പാക്കുക. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് ആസൂത്രണ ബോര്‍ഡ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

കാര്‍ഷിക വളര്‍ച്ച, കര്‍ഷക വരുമാനം വര്‍ധിപ്പിക്കുക, വേമ്പനാട് കായല്‍ വ്യവസ്ഥ സംരക്ഷിക്കുക, സുരക്ഷിത ജീവിതം ഉറപ്പാക്കുക തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

കുട്ടനാട്ടിലെ ജലവ്യവസ്ഥയെ മൂന്നായി തരം തിരിച്ചാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക. അഞ്ച് നദികളുടെ താഴെയുള്ള പ്രദേശങ്ങള്‍, ചെറുതും വലുതുമായ കൈവഴികള്‍, പാടശേഖരത്തോട് ചേര്‍ന്നുള്ള തോടുകള്‍ എന്നിങ്ങനെയാണ് തിരിച്ചിരിക്കുന്നത്.

നെതര്‍ലാന്‍ഡ്‌സ് പോലെയുള്ള രാജ്യങ്ങളെ മാതൃകയാക്കി നദിക്കൊരിടം പദ്ധതി നടപ്പാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യപടിയായി ‘പമ്പയ്‌ക്കൊരിടം’ എന്ന പദ്ധതി നടപ്പാക്കാനാണ് റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നത്. വേമ്പനാട് കായലിന്റെ വിസ്തൃതി കുറയാതെ സൂക്ഷിക്കുന്നതിന് ‘വേമ്പനാടിനൊരിടം’ പദ്ധതിയും നടപ്പാക്കും.

പാടശേഖരങ്ങളില്‍ നിന്ന് വെള്ളം പുറത്തേക്ക് പോകാനുള്ള സംവിധാനവും ബണ്ടുകളും ശാസ്ത്രീയമായി നിര്‍മ്മിക്കണം. തോടുകളിലെ ചെളിയും മാലിന്യവും നീക്കം ചെയ്യേണ്ടതും വശങ്ങള്‍ ബലപ്പെടുത്തേണ്ടതും അശാസ്ത്രീയമായി നിര്‍മ്മിച്ച റോഡുകളും പാലങ്ങളും കണ്ടെത്തി ശാസ്ത്രീയമായി പുനര്‍നിര്‍മ്മിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മൃഗപരിപാലനം, താറാവ് വളര്‍ത്തല്‍ പ്രോത്സാഹനം എന്നിവയ്ക്കും റിപ്പോര്‍ട്ടില്‍ ഊന്നല്‍ നല്‍കുന്നുണ്ട്. പുനര്‍നിര്‍മ്മാണ പദ്ധതിയില്‍ മത്സ്യമേഖലയ്ക്ക് മുന്തിയ പരിഗണനയുണ്ടാവും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാതെ, കണ്ടല്‍ക്കാടുകള്‍ വച്ചുപിടിപ്പിച്ച് വേമ്പനാട് കായലിലെ ജൈവവൈവിധ്യ കലവറയായ പാതിരാമണല്‍ സംരക്ഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കുട്ടനാട്ടിലെ എല്ലാ കുടുംബങ്ങളിലും ശുദ്ധമായ കുടിവെള്ളം എത്തിക്കണം. കക്കൂസ് മാലിന്യ പരിപാലന പ്ലാന്റ് ഒരുക്കണം. അന്താരാഷ്ട്ര നിലവാരത്തിലുള്ള റൈസ് പാര്‍ക്ക് സ്ഥാപിക്കണമെന്നും മേഖലയില്‍ ഒരു സബ്‌സ്റ്റേഷന്‍ പ്രാവര്‍ത്തികമാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

റിപ്പോര്‍ട്ട് പ്രകാശനചടങ്ങില്‍ മന്ത്രിമാരായ ഡോ. തോമസ് ഐസക്, ഇ. ചന്ദ്രശേഖരന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, എ.കെ. ശശീന്ദ്രന്‍, കെ. കൃഷ്ണന്‍കുട്ടി, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. വി.കെ. രാമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.