മുത്തൂറ്റ് ജീവനക്കാര്‍ കഴിഞ്ഞ 52 ദിവസമായി നടത്തിവന്ന പണിമുടക്ക് ഒത്തുതീര്‍പ്പായി. വേതന വര്‍ദ്ധനവ് എന്ന ആവശ്യം മാനേജ്‌മെന്റ് തത്വത്തില്‍ അംഗീകരിച്ചു. തൊഴിലാളികള്‍ നാളെ മുതല്‍ ജോലിക്ക് ഹാജരാകും.

എല്ലാ ജീവനക്കാര്‍ക്കും 1.10.19 മുതല്‍ 500 രൂപ ഇടക്കാലാശ്വാസമായി അനുവദിക്കും. നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മിനിമം വേതനം നിശ്ചയിക്കുന്നതിനായി സര്‍ക്കാര്‍ പുറപ്പെടുവിച്ച പ്രാഥമിക വിജ്ഞാപനം നടപടികള്‍ പൂര്‍ത്തീകരിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുവാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ മാനേജ്‌മെന്റ് അംഗീകരിക്കും.

തടഞ്ഞുവച്ച ഇ എസ് ഒ പി ആനുകൂല്യം അപേക്ഷ സമര്‍പ്പിക്കുന്ന മുറയ്ക്ക് വിതരണം ചെയ്യും. പണിമുടക്കിന്റെ ഭാഗമായി സസ്‌പെന്റ് ചെയ്യപ്പെട്ട എല്ലാ ജീവനക്കാരെയും തിരികെ സര്‍വ്വീസില്‍ പ്രവേശിപ്പിക്കും. പിരിച്ചുവിടപ്പെട്ട ജീവനക്കാര്‍ അപ്പീല്‍ സമര്‍പ്പിക്കുന്ന മുറയ്ക്ക് സര്‍വ്വീസില്‍ തിരിച്ചെടുക്കും. പണിമുടക്കിന്റെ പേരില്‍ തൊഴിലാളികള്‍ക്കെതിരെ പ്രതികാര നടപടികളൊന്നും സ്വീകരിക്കില്ല.

സ്ഥാപനത്തില്‍ സര്‍ട്ടിഫൈഡ് സ്റ്റാന്റിംഗ് ഓര്‍ഡര്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് തൊഴില്‍ വകുപ്പ് നിയമാനുസൃത നടപടി സ്വീകരിക്കും. എല്ലാ ജീവനക്കാര്‍ക്കും നിയമപ്രകാരമുള്ള ബോണസ് ലഭിക്കുന്നുവെന്ന് തൊഴില്‍ വകുപ്പ് ഉറപ്പു വരുത്തും.

തടഞ്ഞുവച്ച 25% വാര്‍ഷിക ഇംക്രിമെന്റ് 1.4.19 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ വിതരണം ചെയ്യും. ഹൈക്കോടതി നിയോഗിച്ച നിരീക്ഷകന്റെ സാന്നിദ്ധ്യത്തിലായിരുന്നു ചര്‍ച്ച.