ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ശബ്ദാവലി ശില്പശാല നാളെ തിരുവനന്തപുരത്ത്

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന ശാസ്ത്ര-സാങ്കേതികശാസ്ത്ര ശബ്ദാവലി ശില്പശാല നാളെ (വെള്ളിയാഴ്ച ) രാവിലെ 10മണിക്ക് തിരുവനന്തപുരത്ത് തൈക്കാട് സര്‍ക്കാര്‍ അതിഥി മന്ദിരത്തിലെ ബാങ്ക്വറ്റ് ഹാളില്‍ ഡോ.ബി.ഇക്ബാല്‍ ഉദ്ഘാടനം ചെയ്യും. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ.വി.കാര്‍ത്തികേയന്‍ നായര്‍ അധ്യക്ഷത വഹിക്കും.

സര്‍വവിജ്ഞാന കോശം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ.എ.ആര്‍.രാജന്‍, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍, പ്രഫ.കെ.പാപ്പൂട്ടി എന്നിവര്‍ സംസാരിക്കും. ശാസ്ത്ര-സാങ്കേതികശാസ്ത്ര വിഷയങ്ങളില്‍ അവഗാഹമുള്ള പണ്ഡിതന്മാരും ശാസ്ത്രജ്ഞന്മാരും ശില്പശാലയില്‍ പങ്കെടുക്കും.

പി.എസ്.സി ചോദ്യപ്പേപ്പര്‍ മലയാളത്തിലും ലഭ്യമാക്കുമെന്ന തീരുമാനം വന്നതിനാല്‍ ഈ ശില്പശാല ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ശാസ്ത്ര-സാങ്കേതികമേഖലയെ സംബന്ധിക്കുന്ന നിരവധി ആധികാരിക ഗ്രന്ഥങ്ങളും പദാവലികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മലയാളത്തെ വൈജ്ഞാനിക ഭാഷയായി വളര്‍ത്തുന്നതിന് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് 1969മുതല്‍ പ്രസിദ്ധീകരിച്ചുവന്നിരുന്ന ശബ്ദാവലികളും നിഘണ്ടുക്കളും കാലോചിതമായി പരിഷ്കരിക്കുന്നതിന്റെ ഭാഗമായി ആദ്യ ഘട്ടത്തില്‍ ശാസ്ത്ര-സാങ്കേതികശാസ്ത്ര ശബ്ദാവലികള്‍ പരിഷ്കരിക്കുന്നതിനുള്ള ശില്പശാലയാണ് സംഘടിപ്പിക്കുന്നത്.

തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ പദാവലികള്‍ നിര്‍മിക്കുന്നതിന്റെ ഭാഗമായി ശില്‍പശാലകള്‍ സംഘടിപ്പിക്കും. വിജ്ഞാനശബ്ദാവലി, എഞ്ചിനീയറിംഗ് ശബ്ദാവലി എന്നിവ 1970ല്‍ തന്നെ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചിരുന്നുവെങ്കിലും ഇവ ഇതുവരെ പരിഷ്കരിച്ചിട്ടില്ല. അതുപോലെ തന്നെ കൃഷിശാസ്ത്രം, ജന്തു ശാസ്ത്രം, സസ്യശാസ്ത്രം, തുടങ്ങിയ വിഷയങ്ങളിലും ശബ്ദാവലികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൂടാതെ ജാപ്പനീസ്-മലയാളം നിഘണ്ടുവടക്കം നിരവധി നിഘണ്ടുക്കളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മലയാളം വൈജ്ഞാനിക ഭാഷയായി വളരണമെങ്കില്‍ സര്‍വകലാശാല തലത്തില്‍ അധ്യയനം, അധ്യാപനം, ഗവേഷണം മൂല്യനിര്‍ണയം എന്നിവകള്‍ മാതൃഭാഷയില്‍തന്നെ നടക്കണമെന്നതിനാല്‍ ഈ ശില്പശാല ഏറെ പ്രയോജനകരമാകും.

ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഇപ്പോള്‍ നടത്താനുദ്ദേശിക്കുന്ന ശില്പശാലയെ തുടര്‍ന്ന് വിവിധ വിഷയങ്ങളെ സംബന്ധിച്ച് മലയാളത്തില്‍ ചോദ്യശേഖരമുണ്ടാക്കുന്നതിനുള്ള ശില്പശാലയും നടത്തുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News